ചങ്ങനാശേരി: റിട്ടയേഡ് കോളജ് അദ്ധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിയായ നോർബിൻ നോബിയാ(40)ണ് അറസറ്റിലായത്. പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിച്ച് തട്ടിപ്പു നടത്തി പോന്ന ഇയാളെ ആലപ്പുഴയിൽ നിന്നാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

കുരിശുംമൂട് സ്വദേശിനിയായ കോളേജ് അദ്ധ്യാപികയാണ് ഇയാളുടെ തട്ടിപ്പിനിരയായത. പ്രാർത്ഥനാ ചടങ്ങുകൾക്കിടെ ഇയാളുമായി പരിചയത്തിലായ അദ്ധ്യാപികയോട്‌വീട്ടിലെ പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോർബിൻ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു. പ്രാർത്തനയുടെ പേരിൽ 30,000 രൂപ ആദ്യംഅടിച്ചു മാറ്റിയ ഇയാൾ വിവിധ കാരണങ്ങൾ പറഞ്ഞ് പലപ്പോഴായി അദ്ധ്യാപികയിൽ നിന്നും 33 ലക്ഷം തട്ടി എടുക്കുക ആയിരുന്നു.

പ്രാർത്ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർത്ഥനയ്‌ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യിൽ നിന്നു വാങ്ങിയിരുന്നത്. വായ്പയായും ഇയാൾ ഭീമമായ തുക വാങ്ങി. രണ്ട് വർഷമായിട്ടും പ്രശ്‌നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു.

ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എഎസ്‌ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സിപിഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അന്വേഷണം നടത്തിയത്.