മോസ്‌കോ: അമേരിക്കയും റഷ്യയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുട്ടിനും നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയതോടെയാണ് ഇത്. പഴയ ശീതയുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുകയാണ്. ഇതോടെ ലോകം ആശങ്കയിലേക്ക് പോകുന്നു. വീണ്ടുമൊരു ലോക മഹായുദ്ധത്തിലേക്ക് ഈ പ്രശ്‌നം എത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

അത്മാവില്ലാത്ത ഒരു കൊലയാളിയാണ് പുട്ടിൻ എന്നും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടതിന് വില കൊടുക്കേണ്ടി വരുമെന്നും റഷന്യൻ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ജോ ബൈഡൻ രംഗത്ത് എത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് അമേരിക്കൻ അംബാസിഡറെ തിരികെ വിളിച്ച് പുട്ടിനും പ്രതിഷേധം കടുപ്പിച്ചു. ഇതോടെയാണ് റഷ്യയും അമേരിക്കയും നേർക്കുനേർ പൊരിനിറങ്ങുകയാണെന്ന സന്ദേശം ലോകത്തിന് കിട്ടുന്നത്. ഇതോടെയാണ് ആശങ്ക കൂടുന്നത്.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജയത്തിനായി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അവിഹിത ഇടപെടൽ നടത്തിയെന്ന യു.എസ്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ അടിസ്ഥാനരഹിതമെന്നു റഷ്യ പറയുന്നു. യു.എസിന്റെ ആഭ്യന്തര രാഷ്ട്രീയ വിഷയങ്ങളിൽ റഷ്യ ഇടപെടുന്നെന്ന വസ്തുതാവിരുദ്ധ ആരോപണങ്ങൾ ആവർത്തിക്കുകയാണ് യു.എസ്. രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ രേഖകളെന്ന് റഷ്യൻ നയതന്ത്രകാര്യാലയം ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു. വാദങ്ങൾ സ്ഥാപിക്കാൻ വസ്തുതകളോ വ്യക്തമായ തെളിവുകളോ ഹാജരാക്കാക്കാൻ ഏജൻസികൾക്കായില്ല.

അമേരിക്ക വീണ്ടും 'മെഗാഫോൺ നയതന്ത്രം' പയറ്റുകയാണ്. റഷ്യയുടെ മുഖം രാജ്യാന്തര സമൂഹത്തിനുമുന്നിൽ താറടിച്ചു കാട്ടുകയാണ് അവരുടെ ഏക ലക്ഷ്യം. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന ആഭ്യന്തരപ്രശ്നങ്ങൾ മറയ്ക്കാൻ പുറത്തുള്ളവരെ ബലിയാടാക്കുന്ന സമീപനം- നയതന്ത്രകാര്യാലയം കുറിപ്പിൽ ചൂണ്ടിക്കാട്ടി. ഇതിനൊപ്പമാണ് അമേരിക്കയിലെ അംബാസിഡറെ പുട്ടിൻ തിരിച്ചു വിളിക്കുന്നത്. ഇതോടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയാണ് റഷ്യ.

2020ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ ശ്രമിച്ചെന്ന് യു.എസ് ഇന്റലിജൻസ് റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു. ട്രംപ് അനുകൂലികളിലൂടെ ജോ ബൈഡനെതിരെ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ ശ്രമം നടത്തിയെന്നും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന് ഇതിൽ പങ്കുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബൈഡനെതിരെ കുപ്രചാരണം നടത്താൻ ട്രംപ് അനുകൂലികൾ റഷ്യയെ ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ ഇതോടെ ശക്തമായി.ഗുരുതരമായ ആരോപണങ്ങളാണ് റഷ്യയ്ക്കെതിരെ റിപ്പോർട്ടിലുള്ളത്.

മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായികളായിരുന്ന ആൻഡ്രി ഡെർക്ക, കോൺസ്റ്റാന്റിൻ കിൽമിൻകിൽ എന്നിവരുടെ സഹായത്തോടെ റഷ്യൻ ഏജന്റുകൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. അമേരിക്കയുടെ രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് ബൈഡനെതിരെ തെറ്റിദ്ധാരണകൾ ജനിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കിൽമിൻക്, 2016ലെ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ക്യാംപയ്ൻ ചെയർമാനായിരുന്ന പോൾ മിനാഫോർട്ടിന്റെ അടുത്ത അനുയായി ആയിരുന്നു.

അമേരിക്ക അടുത്തയാഴ്ച മുതൽ റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തുമെന്നാണ് വിവരം. നേരത്തെ റഷ്യൻ പ്രതിപക്ഷ നേതാവായ അലക്‌സി നവൽനിയെ അനധികൃതമായി അറസ്റ്റ് ചെയ്തതിന് റഷ്യൻ ഉദ്യോഗസ്ഥർക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. അതേസമയം, അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അമേരിക്കയിലെ റഷ്യൻ എംബസി ഫേസ്‌ബുക്കിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾക്കെതിരെ യാതൊരു തെളിവും കണ്ടെത്താൻ യു.എസ് ഇന്റലിജൻസിന് സാധിച്ചില്ലെന്നും പ്രസ്താവനയിൽ പറയുന്നു