ന്യൂഡൽഹി: കോവിഡിൽ ഇന്ത്യയെ അഭിനന്ദിച്ചവർ പതിയെ നിലപാട് മാറ്റുന്നു. വാക്‌സിൻ മൂന്നാം ലോക രാജ്യങ്ങളിൽ പോലും എത്തിച്ച ഇന്ത്യൻ മികവിനെ പുകഴത്തിയവർ ഹോളിയിലെ ആഘോഷമാണ് ഇപ്പോൾ ആയുധമാക്കുന്നത്. കോവിഡ് പ്രോട്ടോകോളിന് വിരുദ്ധമായിരുന്നു ഹോളി ആഘോഷങ്ങളെന്നാണ് വിദേശ മാധ്യമങ്ങളുടെ റിപ്പോർട്ട്. ചായങ്ങൾ വാരിവിതറിയുള്ള ആഘോഷം കോവിഡ് പ്രതിസന്ധി കൂട്ടുമെന്നാണ് വിദേശ മാധ്യമങ്ങളുടെ വിലയിരുത്തൽ.

പ്രതിദിന കോവിഡ് കേസുകൾ പ്രതിദിനം അറുപതിനായിരമായി ഇന്ത്യയിൽ ഉയരുകയാണ്. ഉത്തരേന്ത്യയിൽ കടുത്ത വ്യാപനമാണ്. മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ തിരിച്ചെത്തുന്നു. ഇതിനിടെയിലും ഹോളി ആഘോഷമാണ് ചർച്ചയാക്കുന്നത്. കൊൽക്കത്തിയിലും മറ്റും എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി ഹോളി ആഘോഷിച്ചെന്നാണ് റിപ്പോർട്ട്. തിന്മയ്ക്ക് മേൽ നന്മ നേടിയ ജയമാണ് ഹോളി. അസുരനെതിരെയുള്ള ഈശ്വര വിജയത്തെ സ്‌നേഹത്തിന്റെ ആഘോഷമായി വിലയിരുത്തുന്നു. കോവിഡിൽ കഴിഞ്ഞ തവണ ആഘോഷത്തിന് നിറമുണ്ടായില്ല. എന്നാൽ ഇത്തവണ രോഗത്തെ മറന്ന് രാജ്യം ഹോളി ആഘോഷിച്ചു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയെന്നത് വസ്തുതയാണ്. ഇന്നലെ 62632 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒക്ടോബർ 16-നുശേഷം രാജ്യത്ത് ആദ്യമായാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. 17 ദിവസമായി കോവിഡ് ബാധിച്ചവരുടെ എണ്ണം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 1,19,08,910 പേരെയാണ് കോവിഡ് ബാധിച്ചത്. 4,52,647 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

മൊത്തം അണുബാധയുടെ 3.80 ശതമാനം വരും. മരണനിരക്ക് 1.35 ശതമാനമായി കുറഞ്ഞു. ആകെ മരണസംഖ്യ 1,61,240. രാജ്യത്ത് ഇതുരെ കോവിഡ് ബാധിച്ച് മരിച്ചവരിൽ കൂടുതലും മഹാരാഷ്ട്ര (53,907), തമിഴ്‌നാട്(12,650), കർണാടക (12,484) എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിൽ കോവിഡ് കേസുകൾ കുറവാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അതും ഉയരാൻ സാധ്യതയുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് പുറത്തു വരുന്ന കണക്കുകൾ രാജ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ട്.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്ക് വൻതോതിലുള്ള വാക്‌സിൻ കയറ്റുമതിക്ക് ഇന്ത്യ താത്ക്കാലികനിയന്ത്രണം ഏർപ്പെടുത്തിയതായി റിപ്പോർട്ട് പുറത്തു വരുന്നുണ്ട് ആഭ്യന്തര ഉപഭോഗം ഉയരുന്നതിനാലാണ് സിറം ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതി നിർത്തി വെക്കാനുള്ള നടപടി ഇന്ത്യ സ്വീകരിക്കുന്നതെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പമാണ് ഹോളിയിലെ കുറ്റപ്പെടുത്തലും. എന്നാൽ രോഗ വ്യാപനം കൂടുമ്പോൾ കൂടുതൽ വാക്‌സിന് രാജ്യത്തിന് ആവശ്യമായി വരുന്നുവെന്നതാണ് വസ്തുത.

താഴ്ന്ന വരുമാനമാനമുള്ള 64 രാജ്യങ്ങളുടെ വാക്‌സിൻ ലഭ്യതയെ ഈ നടപടി ഗുരുതരമായി ബാധിക്കുമെന്ന് വാക്‌സിൻ വിതരണപങ്കാളിയായ യൂണിസെഫ് റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഗവി(ഏഅഢക)യും ലോകാരോഗ്യസംഘടനയും ആഗോള വാക്‌സിൻ പങ്കുവെക്കൽ സംവിധാനത്തിലൂടെ പിന്തുണ നൽകുന്ന രാജ്യങ്ങളാണിവ. കൂടുതൽ വാക്‌സിൻ ഡോസുകളുടെ കയറ്റുമതിക്കായുള്ള അനുമതി വൈകുന്നതിനാലാണ് ഇത്തരമൊരു സാഹചര്യം ഉടലെടുത്തതെന്നും മാർച്ച് അവസാനമോ ഏപ്രിലിലോ വാക്‌സിൻ കയറ്റുമതി സിറം ഇൻസ്റ്റിറ്റ്യൂട്ട് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യൂണിസെഫ് അറിയിച്ചു.

എത്രയും പെട്ടെന്ന് വാക്‌സിൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായും യൂണിസെഫ് കൂട്ടിച്ചേർത്തു. എന്നാൽ ഇതിനോട് വിദേശകാര്യ മന്ത്രാലയമോ സിറം ഇൻസ്റ്റിട്യൂട്ടോ പ്രതികരിച്ചിട്ടില്ല. ബ്രസീൽ, ബ്രിട്ടൻ, മൊറോക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ വിതരണം നിലവിൽ ഏറെക്കുറെ മന്ദഗതിയാലാണ്. വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിൻ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.

ഏകദേശം 52 ദശലക്ഷം ഡോസ് വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്തതായാണ് കണക്കുകൾ നൽകുന്ന സൂചന. ഏപ്രിൽ ഒന്ന് മുതൽ 45 വയസിന് മേൽ പ്രായമുള്ളവർക്കു കൂടി വാക്‌സിൻ വിതരണം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 141 ദശലക്ഷം ഡോസുകളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. നിലവിലെ 70 ദശലക്ഷം ഡോസുകളുടെ ഉത്പാദനത്തിൽ നിന്ന് ഏപ്രിൽ/ മെയ്‌ മാസത്തോടെ 100 ദശലക്ഷം ഡോസുകളാക്കി ഉത്പാദനശേഷി വർധിപ്പിക്കാനാണ് സിറം ലക്ഷ്യമിടുന്നതായി റോയ്‌ട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.