മാനതകളില്ലാത്ത ദുരന്തത്തിലേക്കാണ് ബ്രസീൽ നീങ്ങുന്നത്. ഒരു രാജ്യത്തിന്റെ യുവത്വം കൂട്ടത്തോടെ മരണത്തിനു കീഴടങ്ങുന്ന ഭീതിതമായ കാഴ്‌ച്ചയാണ് ഇന്നത്തെ ബ്രസീലിലുള്ളത്. ഫെബ്രുവരിയിൽ, 20 മുതൽ 30 വയസ്സുവരെയുള്ളവർക്കിടയിലെ കോവിഡ് മരണം മൂന്നിരട്ടിയായി വർദ്ധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് ദൃശ്യമാകുന്നുണ്ടെങ്കിലും ചെറുപ്പക്കാർക്കിടയിലെ കോവിഡ് മരണനിരക്ക് വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുണ്ട്.

20 നും 29 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ മരണനിരക്ക് മൂന്നിരട്ടിയായി വർദ്ധിച്ചപ്പോൾ 30 നും 60 നും ഇടയിൽ പ്രായമുള്ളവർക്കിടയിലെ മരണനിരക്ക് രണ്ടിരട്ടിയായി വർദ്ധിക്കുകയായിരുന്നു. പി 1 എന്ന് നാമകരണം ചെയ്തിരിക്കുന്ന സാർസ് കോവ്-2 വൈറസിന്റെ ഇനം ബ്രസീലിൽ ചെറുപ്പക്കാർക്കിടയിലും മധ്യവസ്‌കർക്കിടയിലും വ്യാപകമാകുന്നതായി വിവിധ പഠനത്തിൽ തെളിഞ്ഞത്. ബ്രിട്ടനിൽ ഇതുവരെ 27 പേരിൽ കണ്ടെത്തിയ ഈ വകഭേദം അതിവേഗം പടരുകയും, മറ്റു വകഭേദങ്ങൾ ഉള്ളവരിൽ കൂടി ബാധിക്കുകയും ചെയ്യും. മാത്രമല്ല, മറ്റിനങ്ങളേക്കാൾ കൂടുതൽ മാരകവുമാണ്.

വാക്സിനുകൾ വേഗത്തിൽ ലഭ്യമാക്കണമെന്ന് ശാസ്ത്രലോകം ആവശ്യപ്പെടുമ്പോഴും പഠനത്തിൽ ഉൾപ്പെടുത്താതെ പോയ ഒരു കാര്യമുണ്ട്. ഫെബ്രുവരിയിൽ ബ്രസീലിലെ ആശുപത്രികൾ ഏറെയും കോവിഡ് രോഗികളെ കൊണ്ടു നിറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ധാരാളം പേർക്ക് മതിയായ ചികിത്സ ലഭിക്കാതെ വന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ, ഈ പുതിയ ഇനമാണോ അതോ ആശുപത്രികളിലെ തിരക്കാണോ യഥാർത്ഥ മരണകാരണമെന്ന് കണ്ടെത്താൻ പ്രയാസമാണെന്ന് ഗവേഷകർ തന്നെ സമ്മതിക്കുന്നു.

കാരണമെന്തായാലും, ജനുവരിയിൽ 20-29 പ്രായപരിധിയിലുള്ളവർക്കിടയിലെ മരണനിരക്ക് 0.4 ശതമാനമായിരുന്നെങ്കിൽ ഫെബ്രുവരിയിൽ അത് 0.13 ശതമാനമായി ഉയർന്നു. 30-39 പ്രായപരിധിയിൽ ഉള്ളവരിൽ ഇത് 0.17 ശതമാനത്തിൽ നിന്നും 0.32 ശതമാനമായും 40-49 പ്രായപരിധിയിലുള്ളവരിൽ 0.43 ശതമാനത്തിൽ നിന്നും 0.9 ശതമാനവുമായും ഉയർന്നു. മാർച്ച് 10 ആയിരുന്നു രാജ്യം കണ്ട ഏറ്റവും ദുരിതപൂർണ്ണമായ ദിവസം . 2000 കോവിഡ് മരണങ്ങളാണ് അന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ വൈറസ് വിഴുങ്ങുകയാണെന്നും ഉടൻ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നും വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, കോവിഡിനെ ഫ്ളൂവുമായി താരതമ്യം ചെയ്ത് അതിന്റെ ഗൗരവം ഇല്ലാതെയാക്കുവാനാണ് പ്രസിഡണ്ട് ജെയർ ബോൽസൊനോരൊ ശ്രമിച്ചത്. മാത്രമല്ല, വാക്സിനെതിരായ പല തെറ്റിദ്ധാരണകളും പരസ്യമായി പരത്തുകയും ചെയ്തു. ഇത് ബ്രസീലിന്റെ കോവിഡിനെതിരായ പോരാട്ടത്തിൽ ഏറെ വിഘ്നങ്ങളാണ് സൃഷ്ടിച്ചത്.