- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് ബാധിതരുടെ കണക്കിൽ 25-ാം സ്ഥാനത്തെത്തി ബ്രിട്ടൻ; 4000 രോഗികളും 50 ൽ താഴെ മരണവും; വാക്സിൻ നൽകുന്നതിൽ റെക്കോർഡ് വേഗത കൈവരിച്ചതോടെ ബ്രിട്ടനിൽ പ്രതീക്ഷ നാമ്പിടുന്നു
കൊറോണയ്ക്കെതിരെയുള്ള ബ്രിട്ടന്റെ യുദ്ധത്തിൽ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുന്നു. രോഗവ്യാപനത്തിന്റെ മൂർദ്ധന്യഘട്ടത്തിൽ യൂറോപ്പിന്റെ കണ്ണുനീരായി മാറിയ ബ്രിട്ടൻ ഇന്ന് യൂറോപ്യൻ രാജ്യങ്ങളിലെ 27 അംഗരാജ്യങ്ങളിൽ 25 അംഗരാജ്യങ്ങളേക്കാൾ വ്യാപനം കുറഞ്ഞ രാജ്യമായി മാറിയിരിക്കുകയാണ്. ഒരാഴ്‌ച്ചകൊണ്ട് രോഗവ്യാപന തോതിൽ ദൃശ്യമായത് 28 ശതമാനത്തിന്റെ കുറവാണ്. അതുപോലെ ബ്രിട്ടന്റെ വാക്സിൻ പദ്ധതി ഇന്ന് യൂറോപ്പിലെ മറ്റേതൊരു രാജ്യത്തിന്റേതിനേക്കാൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുമുണ്ട്.
ഇന്റൻസീവ് കെയർ യൂണിറ്റുകൾ ഏതാണ്ട് നിറഞ്ഞുകവിയുന്ന അവസ്ഥയിലെത്തിയ ഫ്രാൻസിലെ പ്രതിവാര രോഗവ്യാപന തോത് ഇന്ന് ബ്രിട്ടന്റേതിന്റെ എട്ടിരട്ടിയാണ്. ശനിയാഴ്‌ച്ച മുതൽ ഫ്രാൻസിൽ ദേശീയ ലോക്ക്ഡൗൺ നിലവിൽ വരികയുമാണ്. അതേസമയം, തൊട്ടടുത്തുള്ള ജർമ്മനിയിൽ മാർച്ച് 30 ന് 23,681 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. രോഗവ്യാപന നിരക്ക് ഏതാണ്ട് മൂന്നിരട്ടിയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച ബ്രിട്ടനിൽ 1 ലക്ഷം പേരിൽ 73 പേർക്ക് വീതമാണ് ഓരോ ദിവസവും രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഡെന്മാർക്ക്, പോർച്ചുഗൽ എന്നിവയൊഴിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളേക്കാൾ വളരെ താഴ്ന്ന നിരക്കാണിത്.
ഏറ്റവും അധികം രോഗബാധയുണ്ടായ ഹംഗറിയിൽ ഒരു ലക്ഷം പേർക്ക് 882 രോഗികൾ എന്നതാണ് കണക്ക്. ഫ്രാൻസിൽ ഇത് 571 ഉം നെതർലാൻഡ്സിൽ 449 ഉം ഇറ്റലിയിൽ 334 ഉം ആണ്. യൂറോപ്പിലാകെ കോവിഡിന്റെ മൂന്നാം തരംഗം ആഞ്ഞടിക്കുമ്പോൾ, ബ്രിട്ടനിൽ രോഗവ്യാപനവും മരണനിരക്കും കുറഞ്ഞുവരികയാണ്. ജനസംഖ്യയുടെ 60 ശതമാനത്തോളം പേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകാൻ കഴിഞ്ഞ ബ്രിട്ടന്റെ വാക്സിൻ പദ്ധതിയുടെ വിജയം തന്നെയാണ് മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച്, കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന് മേൽക്കൈ നേടിക്കൊടുത്തത്.
അതേസമയം യൂറോപ്യൻ യൂണിയനിൽ മൊത്തം ജനസംഖ്യയുടെ 11 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകാൻ ആയിട്ടുള്ളത്. ബ്രിട്ടനിലെ കെന്റിൽ കണ്ടെത്തിയ അതിവ്യാപനശേഷിയുള്ള പുതിയ ഇനം കൊറോണയാണ് യൂറോപ്പിലെ രോഗവ്യാപനത്തിന് കാരണമെന്നുപറയുമ്പോഴും വാക്സിൻ പദ്ധതിയുടെ പരാജയവും ചർച്ചയാകുന്നുണ്ട്. അതേസമയം, സാധാരണ നിലയിലേക്ക് സാവധാനം മടങ്ങുന്ന ബ്രിട്ടനിൽ ജനങ്ങൾ നിയന്ത്രണങ്ങൾക്ക് വിലകൽപിക്കാതെ തെരുവീഥിയിലിറങ്ങുന്ന ജനങ്ങൾ ഇതുവരെ നേടിയ നേട്ടമെല്ലാം പാഴാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അന്തരീക്ഷ താപനില ഉയർന്നതോടെ പാർക്കുകളിലേക്കും ബീച്ചികളിലേക്കും ജനങ്ങൾ ഒഴുകിയെത്താൻ തുടങ്ങിയിട്ടുണ്ട്. ഇത് പല ലോക്കൽ അഥോറിറ്റികളേയും പലവിധത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പ്രേരിപ്പിച്ചിട്ടുണ്ട്. നോട്ടിങ്ഹാമിൽ പാർക്കുകളിലെ മദ്യാപാനം വിലക്കിയപ്പോൾ ബിർമ്മിങ്ഹാമിൽ ഇന്നലെ പാർക്കുകളിൽ പ്രവേശനം തന്നെ നിഷേധിക്കുകയായിരുന്നു. ലീഡ്സിലെ വുഡ് ഹൗസ് മൂറിലായിരുന്നു ഏറ്റവും വലിയ തിരക്ക് ദൃശ്യമായത്.