വാഷിങ്ടൻ: യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റലിനു നേരെ കാർ ആക്രമണം. ക്യാപിറ്റലിന് മുന്നിൽ കാവൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ അക്രമി കാർ ഇടിച്ചുകയറ്റി. ഒരു ഉദ്യോഗസ്ഥൻ മരിച്ചു. മറ്റൊരാൾക്കു പരുക്കേറ്റു. അക്രമിയെ പൊലീസ് സംഭവ സഥലത്ത് തന്നെ വെടിവച്ചു കൊന്നു.

ബാരിക്കേഡിൽ ഇടിച്ചു നിർത്തിയ കാറിനു പുറത്തിറങ്ങിയ അക്രമി പൊലീസിനു നേർക്കു കത്തിവീശി. ഒരു പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റതായും റിപ്പോർട്ടുണ്ട്. പൊലീസ് അക്രമിയെ വെടിവച്ചു വീഴ്‌ത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വൈകാതെ മരിച്ചു. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

വില്ല്യം ഇവാൻസ് എ്ന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മരണത്തിൽ വൈസ്പ്രസിഡന്റ് കമലാ ഹാരിസ് അതീവ ദുഃഖം രേഖപ്പെടുത്തി. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരന്റെ നിലമെച്ചപ്പെട്ടതായും പൊലീസ് വ്യക്തമാക്കി.

ക്യാപ്പിറ്റലിന്റെ വടക്കുഭാഗത്താണു കാർ ആക്രമണം ഉണ്ടായത്. സെനറ്റ് കവാടത്തിനു 90 മീറ്റർ മുൻപിലായുള്ള ബാരിക്കേഡാണ് ഇടിച്ചുതകർത്തത്. ജനുവരി ആറിനു നടന്ന കലാപത്തെത്തുടർന്ന് ഈ ഭാഗത്തു വേലികെട്ടി ഗതാഗതം തടഞ്ഞിരുന്നെങ്കിലും അടുത്തിടെ നീക്കം ചെയ്തിരുന്നു. സംഭവത്തെത്തുടർന്നു ക്യാപ്പിറ്റലിൽ അതീവസുരക്ഷ പ്രഖ്യാപിച്ചു.