- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നമ്മൾ ആഴ്‌ച്ചയിൽ ഒരു ദിവസം അവധി കൊടുക്കുമ്പോൾ സായിപ്പന്മാർക്കത് രണ്ടു ദിവസം; ജപ്പാൻകാർ ഇഷ്ടമുള്ള മൂന്നു ദിവസം അവധിയെടുക്കുന്നു; ജോലി കുറച്ച് ചെയ്യിപ്പിച്ച് കാര്യക്ഷമത ഉയർത്താൻ ഉറച്ച് ജപ്പാൻ
ഹാർഡ് വർക്ക് അഥവാ കഠിനപ്രയത്നത്തിന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. പകരം സ്മാർട്ട് വർക്ക് അഥവാ സമർത്ഥമായ ജോലിക്ക് പ്രാധാന്യം ഏറുന്നു. ഒരാൾ എത്ര ജോലി ചെയ്തു എന്നതല്ല, ചെയ്യുന്ന ജോലിയുടെ ഗുണമേന്മയാണ് യഥാർത്ഥ ഫലം തരുന്നതെന്ന് തിരിച്ചറിഞ്ഞ കോർപ്പറേറ്റുകൾ തന്നെയാണ് ഈ മാറ്റത്തിനു പിന്നിലുള്ളത്. ഇതേ രീതിയിൽ തൊഴിലാളികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പ്രവർത്തി ദിവസങ്ങൾ ആഴ്‌ച്ചയിൽ നാലായി ചുരുക്കുവാൻ ആലോചിക്കുകയാണ് ജപ്പാൻ സർക്കാർ. കോവിഡ് വ്യാപനം മൂലം പ്രതിസന്ധിയിലായ ടൂറിസം മേഖലയേയും ഈ തീരുമാനം രക്ഷിക്കും എന്നാണ് കരുതുന്നത്.
ജീവിതവും തൊഴിലും തമ്മിൽ സന്തുലനം ഉണ്ടാക്കുന്നതിനായി വിവിധ രീതിയിലുള്ള തൊഴിൽ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന് ഇക്കാര്യം പ്രഖ്യാപിച്ച ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്സുനോബു കാറ്റോ പറഞ്ഞു. തൊഴിലാളികളുടെ സൗകര്യത്തിന് ഈ മൂന്നു ദിനങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടായിരിക്കും. ആരോഗ്യം, ശിശുപരിരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങൾ പരിഗണിച്ചശേഷമാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം അറിയിച്ചു.
പുതിയ സമ്പ്രദായമനുസരിച്ച്, ആഴ്‌ച്ചയിൽ മൂന്നു ദിവസം ഒഴിവു കിട്ടുമെന്നു മാത്രമല്ല, ഏതൊക്കെ ദിവസം ഒഴിവുവേണമെന്നതും തൊഴിലാളികൾക്ക് തീരുമാനിക്കാം. ഇത് തൊഴിലാളികൾക്ക് അവരുടെ കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാൻ സഹായിക്കും എന്നുമാത്രമല്ല, കൂടുതൽ യാത്രചെയ്യുവാനും സഹായിക്കും. അതുവഴി താറുമാറായ വിനോദസഞ്ചാര മേഖല പുഷ്ടിപ്പെടും എന്നും അദ്ദേഹം പ്രത്യാശിച്ചു. ബന്ധുക്കളെ സന്ദർശിക്കലും മറ്റും വർദ്ധിക്കും ഇതോടെ കുടുംബബന്ധങ്ങൾക്ക് കൂടുതൽ ശക്തി കൈവരും അദ്ദേഹം തുടർന്നു.
മാത്രമല്ല, ഇത് ആളുകൾ ദീർഘകാലം ഒരു ജോലിയിൽ തുടരുന്നതിനും സഹായിക്കും. 2019-ൽ മൈക്രോസോഫ്റ്റ് ജപ്പാൻ മൂന്നു ദിവസത്തെ വാരാന്ത്യ ഒഴിവ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയിരുന്നു. ഇത് ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിച്ചതായും തെളിഞ്ഞു. ജീവനക്കാർ 40 ശതമാനം അധിക ജോലി ചെയ്തതായാണ് തെളിഞ്ഞത്. എന്നാൽ, വിജയകരമായ പരീക്ഷണത്തിനു ശേഷം ഈ നയം തുടർന്നിരുന്നില്ല. മൂന്നു ദിവസത്തെ ഒഴിവ് തൊഴിലാളികളുടെ വേതനത്തിൽ കുറവ് വരുത്തുമെന്നായിരുന്നു ചിലരുടെ ആശങ്ക. തൊഴിലുടമകൾ പ്രവർത്തി സമയം വർദ്ധിപ്പിച്ചേക്കുമെന്ന ഭയവും ചിലർക്കുണ്ടായിരുന്നു.
ഇപ്പോൾ, ജപ്പാൻ ഭരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടിതന്നെ ഈ നയവുമായി എത്തിയിരിക്കുകയാണ്. വിവിധ രംഗങ്ങളിലെ വിദഗ്ദരുമായി ചർച്ച ചെയ്തിട്ടായിരിക്കും ഇക്കാര്യത്തിൽ ഒരന്തിമ തീരുമാനമെടുക്കുക. നീണ്ട പ്രവർത്തി സമയമുള്ള ജപ്പാനിൽ തൊഴിൽ സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് വർദ്ധിച്ചുവരികയാണ്. ലോകത്തിലെ തന്നെ കൂടിയ ആത്മഹത്യ നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. ആത്മഹത്യാ നിരക്ക് ക്രമാതീതമായി വർദ്ധിച്ചതോടെ അതു തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഒരു പ്രത്യേക മന്ത്രിയെ വരെ ജപ്പാനിൽ നിയമിക്കുകയുണ്ടായി.
ജപ്പാനിലെ ജനങ്ങൾ അനുഭവിക്കുന്ന ഏകാന്തതയാണ് ആത്മഹത്യാ നിരക്ക് വർദ്ധിക്കുവാൻ കാരണമായി കണ്ടെത്തിയിട്ടുള്ളത്. കോവിഡ് പ്രതിസന്ധികാലത്ത് ഇത് വീണ്ടും വർദ്ധിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഒറ്റപ്പെടലുകളാണ് ആത്മഹത്യ, ദാരിദ്ര്യം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത് എന്നും കണ്ടെത്തിയിരുന്നു. പൊലീസിന്റെ പ്രാഥമിക വിവരമനുസരിച്ച് 2020-ൽ 20,919 പേരാണ് ജപ്പാനിൽ ആത്മഹത്യ ചെയ്തത്. 2019 ലേതിനേക്കാൾ 750 അധിക ആത്മഹത്യകളാണ് 2020-ൽ നടന്നത്.
വർദ്ധിച്ചുവരുന്ന ആത്മഹത്യാ നിരക്കിനൊപ്പം കുറഞ്ഞുവരുന്ന ജനന നിരക്കും ജപ്പാനിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. 2020 ഒക്ടോബറിൽ കോവിഡ് മൂലം ജപ്പാനിൽ 1,765 പേർ മരണമടഞ്ഞപ്പോൾ 2,153 പേരാണ് സ്വയം ജീവനൊടുക്കിയത്. ഇതുതന്നെ ഇവിടത്തെ ആത്മഹത്യാ നിരക്കിന്റെ ഭീകരത വെളിപ്പെടുത്തുന്നു. ആഴ്‌ച്ചയിലെ മൂന്നു ദിവസം ഒഴിവുദിനങ്ങൾ നൽകുന്ന പുതിയ പദ്ധതി ഇതിനെല്ലാംഒരു പരിഹാരമാകുമെന്നു കൂടി സർക്കാർ കരുതുന്നു.