ന്യൂഡൽഹി: കോവിഡ് 19 രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെ ഇന്ത്യയിൽ ആഞ്ഞടിച്ചുവെന്നാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തെ നമ്മൾ അതിജീവിക്കുമെന്നും. എന്നിരുന്നാലും ഇതിനിടയിൽ സംഭവിക്കുന്ന ദുരിതങ്ങൾ കാണാതെ വയ്യ. അന്താരാഷ്ട്ര മാധ്യമങ്ങളും ഇന്ത്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. അമേരിക്കയ്ക്ക് ശേഷം രണ്ടാം സ്ഥാനത്താണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം. അതുകൊണ്ട് തന്നെ കോവിഡ് രണ്ടാംതരംഗത്തിന്റെ ആഘാതം കുറച്ചുകാണാൻ കഴിയില്ല.

രണ്ടാം തരംഗത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ പലതാണ്. അതിൽ ഒന്ന് ഓക്‌സിജൻ ക്ഷാമമാണ്. ബിബിസി റിപ്പോർട്ട് പ്രകാരം യുപിയിലെ റോബേർട്‌സ് ഗഞ്ചിൽ നടന്ന ഒരുസംഭവം ഇങ്ങനെ: 58 കാരിയായ രാജേശ്വരി ദേവി കോവിഡ് ആശുപത്രിയിൽ ഒരുകിടക്കയ്ക്കും ആംബുലൻസിനും ഓക്‌സിജൻ സപ്പോർട്ടിനും വേണ്ടി കാത്തിരുന്നത് രണ്ടുദിവസമാണ്. ഏപ്രിൽ 16 ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കാര്യങ്ങൾ വഷളായി. രാജേശ്വരിക്ക് ക്രോണിക് ന്യൂമോണിയ പിടിപെട്ടിരുന്നു. കോവിഡ് റിപ്പോർട്ട് കിട്ടാത്തതുകൊണ്ട് ആശുപത്രി അധികൃതർ അഡ്‌മിറ്റ് ചെയ്യാൻ വിസമ്മതിച്ചു. എമർജൻസി മുറിയിൽ 36 മണിക്കൂർ ഓക്‌സിജൻ സപ്പോർട്ടോടെ കഴിഞ്ഞപ്പോൾ ജീവനക്കാർ പറഞ്ഞു ഓക്്‌സിജൻ തീരുകയാണ്. അമ്മയെ വേറെ വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോകണം. എന്നാൽ, അവിടെ ആംബുലൻസ് ഉണ്ടായിരുന്നില്ല.

ശരണം കെട്ട കുടുംബം അവരുടെ കാറിൽ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരുരാഷ്ട്രീയക്കാരന്റെ ഇടപെടലോടെയാണ് ആശുപത്രിയിൽ ബെഡ് കിട്ടിയത്. എന്നാൽ, കാറിൽ വച്ച് ഓക്‌സിജൻ സപ്പോർട്ട് നൽകാനായില്ല. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് രാജേശരി ദേവി മരിച്ചു. സമയത്ത് ചികിത്സ നൽകിയിരുന്നെങ്കിൽ തന്റെ അമ്മ രക്ഷപ്പെട്ടേനെ എന്നാണ് മകൻ ആഷിഷ് അഗ്രഹാരി കരഞ്ഞുകൊണ്ട് പറയുന്നത്.

ഇത്തരത്തിൽ, ഹൃദയഭേദകമായ പല സംഭവങ്ങളും ചില സംസ്ഥാനങ്ങളിൽ നിന്ന് വരുന്നുണ്ട്. രാജ്യത്തെ മരണനിരക്കിന്റെ തോത് കുറവാണെങ്കിലും, രണ്ടാം തരംഗം കൂടുതൽ തീവ്രമാണെന്നതാണ് വ്യാപനത്തിന് കാരണം. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരും ഈ സാഹചര്യത്തെ നേരിടാൻ വല്ലാതെ വിഷമിക്കുകയാണ്. രോഗികളുടെ എണ്ണമേറുന്നു. അതനുസരിച്ച് എല്ലാവർക്കും ചികിത്സ നൽകാൻ കഴിയാത്ത ദുരവസ്ഥ.

രണ്ടാം തരംഗം യുവാക്കളെയും കുട്ടികളെയും കൂടി പിടികൂടുന്നു

ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിച്ച കാര്യം കൊറോണ യുവാക്കളെയും കുട്ടികളെയും കൂടി പിടികൂടുന്നുവെന്നതാണ്. ഡൽഹിയിൽ പുതിയ രോഗികളിൽ മൂന്നിൽ രണ്ട് പേരും 45 വയസിന് താഴെയുള്ളവരെന്ന് ഡോക്ടർമാർ പറയുന്നു. അതേസമയം, മുംബൈയിലാകട്ടെ 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളും രോഗബാധിതരാകുന്നു. ആദ്യതരംഗത്തിൽ കുട്ടികളെ അങ്ങനെ അഡ്‌മിറ്റ് ചെയ്തിരുന്നില്ല. ഗുജറാത്തിലെ ഒരാശുപത്രിയിൽ ഇതാദ്യമായി പീഡിയാട്രിക് കൊറോണവൈറസ് വാർഡ് തുടങ്ങി.

ജോലി ചെയ്യാൻ പുറത്തുപോവുകയും പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നതാവാം 45 ന് താഴെയുള്ളവരെ കോവിഡ് പിടികൂടാൻ കാരണമെന്ന് ഒരുവിഭാഗം വിദഗ്ദ്ധർ പറയുന്നുണ്ടെങ്കിലും, കൃത്യമായ തെളിവില്ല. ബെംഗളൂരുവിൽ ഏപ്രിൽ ആദ്യവാരം, നാൽപതിന് താഴെയുള്ളവരിലാണ് 58 ശതമാനം രോഗബാധ. കഴിഞ്ഞ വർഷം ഇത് 46 ശതമാനമായിരുന്നു. മഹാരാഷ്ട്രയിൽ 60 ശതമാനം സാമ്പിളുകളിൽ കണ്ടെത്തിയ ഡബിൾ മ്യൂട്ടന്റ് വൈറസ് വകഭേദകമാകാം 45 ന് താഴെയുള്ളവർക്ക് രോഗബാധയ്ക്ക് കാരണമെന്നും പറയുന്നു.

കേസുകൾ കുതിച്ചുയരാൻ കാരണം അന്വേഷിച്ചാൽ

പൊതുവെ പറയപ്പെടുന്ന കാരണങ്ങൾ ഇവയാണ്: മാസ്‌ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം സൂക്ഷിക്കാതിരിക്കൽ, തിരഞ്ഞെടുപ്പ് റാലികൾക്കും, ക്രിക്കറ്റ് മത്സരങ്ങൾക്കും, മതാഘോഷങ്ങൾക്കും ഒത്തുകൂടിയ ജനക്കൂട്ടം. കഴിഞ്ഞ ജൂണിൽ, 11,000 കേസുകളായിരുന്നെങ്കിൽ, ഓരോദിവസവും 35,000 കേസുകൾ വീതം ശരാശരി കൂടി.ഫെബ്രുവരി 10 ന് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ 11,000 കേസുകൾ. അടുത്ത 50 ദിവസം, ദിവസേന ശരാശരി 22,000 കേസുകൾ. എന്നാൽ, പിന്നീടുള്ള 10 ദിവസം അത് ദിനംപ്രതി ശരാശരി 89,800 ലേക്ക് ഉയർന്നു,

ഫെബ്രുവരി ആദ്യം തന്നെ സൂചനകൾ വന്നിരുന്നുവെങ്കിലും കാര്യമായി എടുത്തില്ല എന്നത് വീഴ്ചയായി ചില ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. അന്ന് കരുതലെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ സുനാമി ഒഴിവാക്കാമായിരുന്നു. കാര്യങ്ങൾ സാധാരണ നിലയിലേക്ക് നീങ്ങിയെന്ന തെറ്റിദ്ധാരണ മിക്കവർക്കും ഉണ്ടായി. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥരും സാധാരണക്കാരുമൊക്കെ രണ്ടാം തരംഗം തടയുന്നതിന് കുറിച്ച് ജാഗരൂകരായില്ല. തിരഞ്ഞെടുപ്പ് റാലികൾ ഓർക്കുക.

ആശുപത്രികളിൽ കിടക്കകൾ ഒഴിവില്ല

രാജ്യത്തെ പല നഗരങ്ങളും നേരിടുന്ന പ്രശ്‌നം കിടക്കകളുടെ വലിയ കുറവാണ്. സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ചുള്ള പോസ്റ്റുകൾ തന്നെ ഉദാഹരണം. കൃത്യ സമയത്ത് ചികിത്സ കിട്ടാത്തത് മൂലം ആളുകൾ മരിച്ചതായ വാർത്തകൾ കേൾക്കേണ്ടി വരുന്നു. പല സംസ്ഥാനങ്ങളും പുതിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും, കേസുകളുടെ എണ്ണം കൂടുന്നതനുസരിച്ച് കിടക്കകൾ ഒരുക്കുക വലിയ വെല്ലുവിളിയായി തുടരുന്നു. ഡൽഹി, മുംബൈ, അഹമ്മദബാദ്, എന്നീ നഗരങ്ങളിലെല്ലാം ആശുപത്രി ബെഡ്ഡുകൾ കിട്ടാനില്ല. ലക്‌നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂറത്ത് ഇവിടെയൊക്കെ സ്ഥിതി സമാനം. ഇടക്കാലത്ത് കേസുകൾ കുറഞ്ഞ സമയത്ത് സൗകര്യങ്ങൾ കൂട്ടിയിരുന്നെങ്കിൽ ഈ സ്ഥിതിവിശേഷം ഉണ്ടാവുമായിരുന്നില്ല.

ആദ്യതരംഗത്തിൽ നിന്ന് വേണ്ട പാഠങ്ങൾ പഠിച്ചില്ല. ആദ്യതരംഗത്തിൽ തന്നെ പല ആശുപത്രികളിലും ബെഡ്ഡുകളുടെ കുറവ് അനുഭവപ്പെട്ടിരുന്നു. രണ്ടാം തരംഗത്തിനായി തയ്യാറെടുക്കാൻ ഇത് മതിയായ കാരണമായിരുന്നു. കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും തമ്മിൽ ഓക്‌സിജനും, മരുന്നുകളും വിതരണം ചെയ്യുന്നകാര്യത്തിൽ വേണ്ട രീതിയിലുള്ള ഏകോപനം ഇല്ലെന്നും ചില ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

ഐസിയു ബെഡ്ഡുകളും കിട്ടാനില്ല

ഏതാനും ഐസിയു ബെഡ്ഡുകൾ മാത്രമാണ് നിരവധി നഗരങ്ങളിൽ അവേശഷിക്കുന്നത്. ഹോട്ടലുകളിലും സ്‌റ്റേഡിയങ്ങളിലും അധിക സൗകര്യങ്ങൾ ഒരുക്കാൻ തിരക്കിട്ട ശ്രമമാണ്. വെറുതെ ബെഡ്ഡുകൾ ഒരുക്കിയാൽ മതിയാവില്ല. ഓക്‌സിജൻ സപ്പോർട്ട് കൊടുക്കണം. അത് നോക്കാൻ അധിക ഡോക്ടർമാരും നവ്‌സുമാരും വേണം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇതെല്ലാം ഒരുക്കുക ശ്രമകരവും

രാത്രിയും പകലും പ്രവർത്തിച്ച് ശ്മശാനങ്ങൾ

രണ്ടാം തരംഗത്തിൽ ആദ്യതരംഗത്തെ അപേക്ഷിച്ച് മരണസംഖ്യ ഉയർന്നതായി അനൗദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച 1,761 മരണങ്ങളാണ് രേഖപ്പെടുത്തിയത്. യഥാർത്ഥ സംഖ്യ ഇതിലും ഏറെയാകാമെന്ന് ചില വിദഗ്ദ്ധർ പറയുന്നു. ചില കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു.

ശ്മശാനങ്ങളിലും വൻതിരക്കാണ്. പകലും രാത്രിയും ഇടമുറിയാതെ പ്രവർത്തിച്ചിട്ടും, മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്‌കാരത്തിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. ഗുജറാത്തിൽ, സൂറത്തിലും, രാജ്‌കോട്ടിലും, അഹമ്മദാബാദിലും ഉള്ള ശ്മശാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്നുമാത്രമല്ല, സാധാരണ കൈകാര്യം ചെയ്യുന്നതിനേക്കാൾ മൂന്നോ നാലോ മടങ്ങോ മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടി വരുന്നു.
അഹമ്മദാബാദിലെ ഒരുശ്മശാനത്തിന്റെ ചിമ്മിനി രണ്ടാഴ്ച 20 മണിക്കൂറോളം പ്രവർത്തിപ്പിച്ചതിനെ തുടർന്ന് തകർന്നുവീണു. സൂറത്തിലെ ശ്മശാനത്തിൽ ഇരുമ്പ് പാളികൾ ഉരുകിയെന്നും വാർത്ത വന്നു. കഴിഞ്ഞ മാസം വരെ 20 മൃതദേഹങ്ങൾ വരെ സംസ്‌കരിച്ചിരുന്ന ശ്മശാനത്തിൽ ഏപ്രിൽ ആദ്യം മുതൽ 80 മൃതദേഹങ്ങൾ കൈകാര്യം ചെയ്യേണ്ടി വരുന്നു.

യുപിയിലെ ലക്‌നൗവിലെ ശ്മശാനങ്ങളിൽ തിരക്ക് കുറയ്ക്കാൻ ടോക്കൺ നൽകി തുടങ്ങി. 12 മണിക്കൂർ വരെയൊക്കെ ബന്ധുക്കൾക്ക് കാത്തിരിക്കേണ്ടി വരുന്നു. തോന്നുന്ന നിരക്കാണ് പല ശ്മശാനങ്ങളും ഈടാക്കുന്നതെന്നും പരാതിയുണ്ട്. പിതാവിനെ സംസ്‌കരിക്കാനെത്തിയെ രോഹിത് സിങ് എന്ന യുവാവിന് 7000 രൂപ നൽകേണ്ടി വന്നു. സാധാരണയേക്കാൾ 20 ഇരട്ടിയിലധികം. ചിലയിടത്ത് സംസ്‌കാരത്തിന് വിറക് കഷ്ണങ്ങൾ തീർന്നതോടെ ബന്ധുക്കളോട് സ്വയം കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ്. വിറകുമായി വരുന്ന ഓട്ടോറിക്ഷാകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

പോരാട്ടം തന്നെ വഴി

പ്രധാനമന്ത്രി ഇന്നലെ രാജ്യത്തോട് ആഹ്വാനം ചെയ്തത് പോലെ ഇച്ഛാശക്തിയോടെ ഉള്ള പോരാട്ടം തന്നെയാണ് വൈറസിനെ അതിജീവിക്കാനുള്ള മാർഗ്ഗം. സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തമാക്കുക, വാക്‌സിനേഷന്റെ വേഗം കൂട്ടുക, ജനികവ്യതിയാനം വന്ന വൈറസിന്റെ സാന്നിധ്യം സൂക്ഷിക്കുക, ഇതൊക്കെ ചെയ്താൽ, കേസുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നത്.