- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിലെ ആഡംബര ഹോട്ടലിൽ ഭീകരാക്രമണം; ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ ആക്രമണത്തിൽ നാലു പേർ മരിച്ചു: 12 പേർക്ക് പരിക്കേറ്റു
ക്വറ്റ: പാക്കിസ്ഥാനിലെ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ നാലു പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്‌പിയോടു പറഞ്ഞു. തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡർ കഴിഞ്ഞിരുന്നത്. എന്നാൽ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.
പാക്കിസ്ഥാനിലെ ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ്ങിലാണ് സംഭവം. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിൽ നാലംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ബലൂച് പ്രവിശ്യ മുഖ്യമന്ത്രി ജാം കമലുമായി സംഘം ചർച്ച നടത്തിയിരുന്നു. അതേസമയം, സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാൻ കോൺസുലേറ്റ്, പ്രവിശ്യയുടെ പാർലമെന്റ് മന്ദിരം തുടങ്ങിയവയുടെ സമീപത്തായാണ് ഈ ഹോട്ടലും സ്ഥിതി ചെയ്യുന്നത്. പാർക്കിങ്ങിലെ ഏതോ വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അസർ ഇക്രം അറിയിച്ചു.
ചൈനയുടെ ബെൽറ്റ് റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാദർ തുറമുഖത്തിന്റെ വിപുലീകരിച്ച ഭാഗം ബലൂചിസ്ഥാനിലാണു വരുന്നത്. മാത്രമല്ല, ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർണായക മേഖലയായും ഈ തുറമുഖം മാറുന്നുണ്ട്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടാണോ ആക്രണമെന്ന് ഇപ്പോൾ വ്യക്തമല്ല. നേരത്തേയും ചൈനീസ് സംഘങ്ങൾക്കുനേരെ താലിബാനും ബലൂച് വിമോചന സംഘടനകളും ആക്രമണം നടത്തിയിട്ടുണ്ട്.