തിരുവനന്തപുരം: രാജ്യത്ത് പലയിടങ്ങളിലും കോവിഡ് രോഗികൾ ഓക്‌സിജൻ ലഭിക്കാതെ മരിക്കുന്നു എന്ന വാർത്തയാണ് അടുത്ത ദിവസങ്ങളിലായി പുറത്ത് വരുന്നത്. എന്നാൽ കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യത്തിൽ കൂടുതൽ ഓക്‌സിജൻ ലഭ്യമാണെന്നും സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പ്രതിദിന ഓക്‌സിജൻ ഉൽപാദനം 204 ടൺ ആണ്. നിലവിലെ ആവശ്യം 98 ടൺ മാത്രം.

ഇന്നലത്തെ കണക്കു പ്രകാരം ഓക്‌സിജൻ ആവശ്യമുള്ള കോവിഡ് ബാധിതർ 1.05 ലക്ഷമാണ്. ഇവർക്ക് 51.45 ടണ്ണും കോവിഡ് ബാധിതരല്ലാത്ത രോഗികൾക്ക് 47.16 ടണ്ണും ഉൾപ്പെടെ ആവശ്യമുള്ളത് 98.61 ടൺ ആണ്.

കേരളത്തിൽ നാല് ഓാക്‌സിജൻ ഉൽപാദന കമ്പനികളും 11 എഎസ്യുവുമുണ്ട്. അന്തരീക്ഷ വായുവിൽനിന്ന് ഓക്‌സിജൻ വേർതിരിച്ചെടുക്കുന്ന യൂണിറ്റുകളാണ് എഎസ്യു (എയർ സെപ്പറേഷൻ യൂണിറ്റ്). എറണാകുളം, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിലാണ് എഎസ്യു പ്രവർത്തിക്കുന്നത്. എല്ലാ പ്ലാന്റുകളും ശേഷിയുടെ 100% ഉൽപാദനം നടത്തുന്നില്ല. 4 ടൺ ശേഷിയുള്ള എഎസ്യു ഒരു മാസത്തിനകം പാലക്കാട്ട് കമ്മിഷൻ ചെയ്യും. 23 ഓക്‌സിജൻ ഫില്ലിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാവുക.

പാലക്കാട് കഞ്ചിക്കോട്ടെ സ്വകാര്യ പ്ലാന്റായ ഐനോക്‌സ് എയർ പ്രോഡക്‌സിൽ നിന്നുള്ള ഓക്‌സിജൻ കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ ആശുപത്രികളിലും വിതരണം ചെയ്യുന്നു. കെഎംഎംഎൽ, കൊച്ചിൻ ഷിപ്യാഡ് എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കു ശേഷമുള്ള അധിക ഉൽപാദനമാണു മെഡിക്കൽ ആവശ്യങ്ങൾക്കു കൈമാറുന്നത്. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ എണ്ണശുദ്ധീകരണത്തിന്റെ ഉപോൽപന്നമാണ് ഓക്‌സിജൻ.

കഞ്ചിക്കോട് ഐനോക്‌സ് എയർ പ്രോഡക്ട്‌സ് 149 ടൺ, ചവറ കേരള മെറ്റൽസ് ആൻഡ് മിനറൽസ് (കെഎംഎംഎൽ) 6 ടൺ, ബിപിസിഎൽ കൊച്ചി റിഫൈനറി 0.322 ടൺ, കൊച്ചിൻ ഷിപ്യാഡ് 5.45 ടൺ, 11 എഎസ്യു പ്ലാന്റ് 44 ടൺ, ആകെ 204.77 ടൺ എന്നിങ്ങനെയാണ് ഉത്പാദനം.

ഓക്‌സിജന്റെ ഉൽപാദനം, സംഭരണം, വിതരണം എന്നിവ നിയന്ത്രിക്കാൻ പെസോ എല്ലാ സംസ്ഥാനത്തും നോഡൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പും നോഡൽ ഓഫിസറെ നിയമിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ആവശ്യമുള്ള ഓക്‌സിജന്റെ അളവ് ആരോഗ്യവകുപ്പ് പെസോയെ അറിയിക്കും. ഉൽപാദകരിൽനിന്നും വിതരണക്കാരിൽനിന്നും കണക്കുകൾ ശേഖരിച്ച് പെസോ വിതരണം സുഗമമാക്കും.