- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
14ൽ 13ഉം നേടി തിരുവനന്തപുരം; രണ്ടിടത്ത് യുഡിഎഫ് അട്ടിമറിച്ച കൊല്ലം; നേട്ടവും നഷ്ടവും തുല്യമാക്കി കോഴിക്കോട്; ക്യാപ്റ്റൻ വീണിട്ടും ചെങ്കൊടിയണിയിച്ച് കോട്ടയം; കൂടുതൽ ചുവന്ന് ആലപ്പുഴയും കണ്ണൂരും; കാവിക്കൊടി പാറിക്കാതെ കാസർഗോഡും പാലക്കാടും: കേരളത്തിലെ 14 ജില്ലകളിലെ യഥാർത്ഥ ചിത്രം
തിരുവനന്തപുരം: പതിനാലിൽ 11 ഉം നേടിയാണ് കേരളത്തിൽ ഇടതു പക്ഷം വീണ്ടും അധികാരത്തിൽ വരുന്നത്. പിണറായി വിജയൻ എന്ന ഇടതുപക്ഷത്തിന്റെ അമരക്കാരന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ ചുവന്നപ്പോൾ എല്ലാ ജില്ലകളും അദ്ദേഹത്തിന് ഒപ്പം നിൽക്കുക ആയിരുന്നു. കോട്ടയത്തെ യുഡിഎഫ് കോട്ട പോലും തകർക്കാൻ പിണറായിക്ക് കഴിഞ്ഞു. ഇടുക്കിയും എറണാകുളവും പിടിച്ചൈടുത്തു. 14ൽ 13ഉം നേടി തിരുവനന്തപുരത്തേയും ഇടതു പാളയത്തിലെത്തിച്ച തന്ത്രമാണ് പിണറായി ആവിഷ്‌ക്കരിച്ചത്.
14ൽ 13ഉം നേടി തിരുവനന്തപുരം
തിരുവനന്തപുരം പിടിച്ചാൽ കേരളത്തിൽ അധികാരം എന്ന പഴമൊഴി വീണ്ടും ശരിയായി. തലസ്ഥാന ജില്ലയിലെ 14ൽ 13 ഇടത്തും സീറ്റു നേടാൻ ഇടതുമുന്നണിക്കായി. മൂന്ന് സീറ്റ് ഉണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ കോവളം (എം.വിൻസന്റ്) മാത്രമാണ് ലഭിച്ചത്. അരുവിക്കരയിൽ വൻ ഭൂരിപക്ഷത്തോടെ കഴഞ്ഞ പ്രാവശ്യം ജയിച്ച കെ.എസ്. ശബരീനാഥന്റെ പരാജയം ഞെട്ടിക്കുന്നതായിരുന്നു. സിപിഎമ്മിലെ ജി.സ്റ്റീഫനാണു ശബരീനാഥിനെ മലർത്തിയടിച്ചത്. കടുത്ത മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ വി എസ്. ശിവകുമാറിനെ അട്ടിമറിച്ച ആന്റണി രാജു ജനാധിപത്യ കേരള കോൺഗ്രസിന്റെ ഏക എംഎൽഎയായി. ബിജെപിയുടെ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
2016ൽ നിയമസഭയിൽ ബിജെപി അക്കൗണ്ട് തുറന്ന നേമത്തെ അക്കൗണ്ടും ഇത്തവണ സിപിഎം പൂട്ടിക്കെട്ടി. കുമ്മനം രാജശേഖരനെ സിപിഎമ്മിലെ വി. ശിവൻകുട്ടി അട്ടിമറിച്ചു. കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മൂന്നാം സ്ഥാനത്തായി. വട്ടിയൂർക്കാവിൽ സിപിഎമ്മിലെ വി.കെ. പ്രശാന്ത് ഭൂരിപക്ഷം വർധിപ്പിച്ചപ്പോൾ ബിജെപിയിലെ വി.വി. രാജേഷാണു 2ാം സ്ഥാനത്ത്. കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ്. നായർ മൂന്നാമതും. ഡപ്യൂട്ടി സ്പീക്കറും സിപിഐ സ്ഥാനാർത്ഥിയുമായ വി.ശശി (ചിറയിൻകീഴ്) മൂന്നാം തവണയാണു വിജയിക്കുന്നത്.
ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർത്ഥി ഒ.എസ്. അംബികയ്ക്കാണു ജില്ലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം. ഇവിടെ ആർഎസ്‌പിയുടെ എ. ശ്രീധരൻ മൂന്നാം സ്ഥാനത്ത്. കഴക്കൂട്ടത്തു സ്വന്തം ഭൂരിപക്ഷം ഉയർത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. ബിജെപിയിലെ ശോഭ സുരേന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ കോൺഗ്രസിലെ ഡോ. എസ്.എസ്. ലാൽ മൂന്നാമതായി.
രണ്ടിടത്ത് യുഡിഎഫ് അട്ടിമറിച്ച കൊല്ലം
കൊല്ലത്തും ഇടതു തേരോട്ടമായിരുന്നു. ഇത്തവണ പക്ഷേ രണ്ട് സീറ്റ് യുഡിഎഫിന് കിട്ടി. കഴിഞ്ഞ തവണ യുഡിഎഫിന് കൊല്ലത്ത് സമ്പൂർണ പരാജയമായിരുന്നു. കരുനാഗപ്പള്ളിയിലും കുണ്ടറയിലും കോൺഗ്രസ് ജയിച്ചത് സി.ആർ മഹേഷിന്റെയും വിഷ്ണുനാഥിന്റെയും വ്യക്തി മികവിലായിരുന്നു. ബാക്കിയാർക്കും സിപിഎമ്മിന്റെ കോട്ടകളെ തകർക്കാൻ കഴിഞ്ഞില്ല. തോറ്റ ഏക മന്ത്രിയായി സിപിഎമ്മിലെ ജെ. മേഴ്‌സിക്കുട്ടിയമ്മ മാറിയതു സിപിഎമ്മിനു തിരിച്ചടിയായി. കെപിസിസി വൈസ് പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ പി.സി. വിഷ്ണുനാഥിന്റെ കുണ്ടറയിലെ ജയം വൻ അട്ടിമറികളിലൊന്നാണ്. സിപിഐയിലെ സിറ്റിങ് എംഎൽഎ ആർ. രാമചന്ദ്രനെ കരുനാഗപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് അട്ടിമറിച്ചതും ഇടതുമുന്നണിക്കു ക്ഷീണമാണ്.
കൊട്ടാരക്കരയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാൽ മികച്ച മാർജിനിൽ വിജയിച്ചെങ്കിലും പാർട്ടി വോട്ടുകളിൽ ചോർച്ചയുണ്ടായി. എൽഡിഎഫ് ജയിച്ച മറ്റു മിക്ക മണ്ഡലങ്ങളിലും 2016 ലെ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞതുമില്ല. ആർഎസ്‌പി മത്സരിച്ച മൂന്നിടത്തും പരാജയപ്പെട്ടു. മുൻ മന്ത്രിമാരായ ഷിബു ബേബി ജോണും (ചവറ) ബാബു ദിവാകരനും (ഇരവിപുരം) ഇതിൽ പെടും. ഇതോടെ കഴിഞ്ഞ തവണത്തേതുപോലെ നിയമസഭയിൽ പാർട്ടിയുടെ അക്കൗണ്ട് ശൂന്യമായി തുടരും.
നടൻ മുകേഷിനും രണ്ടാമൂഴം ലഭിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പുറമെ കെപിസിസി ജനറൽ സെക്രട്ടറിമാരായ ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), എം.എം നസീർ (ചടയമംഗലം) എന്നിവരും തോറ്റു. കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ (ആർഎസ്‌പി- ലെനിനിസ്റ്റ്), പത്തനാപുരത്തു കെ.ബി. ഗണേശ്‌കുമാർ (കേരള കോൺ-ബി) എന്നിവർ തുടർച്ചയായ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു.
പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ച്
പത്തനംതിട്ടയിൽ അഞ്ചിലും ഇടതുപക്ഷം ജയിച്ചു. എല്ലായിടത്തും ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഒരിടത്തു പോലും വിജയമാക്കി മാറ്റാൻ യുഡിഎഫിന് കഴിഞ്ഞില്ല. ശബരിമല ആചാര സംരക്ഷണത്തിന്റെ പേരിൽ നടത്തിയ പ്രചാരണവും അയ്യപ്പ ശാപവും ഒന്നും ജില്ല മുഖവിലയ്‌ക്കെടുത്തില്ല. കോന്നിയിൽ വീണ്ടും മത്സരിക്കാനെത്തിയ കെ. സുരേന്ദ്രൻ 3ാം സ്ഥാനത്തായി. ഇതുവരെ കോന്നിയിൽ നടത്തിയതിൽ ഏറ്റവും മോശം പ്രകടനം.
റാന്നിയിലും അടൂരിലും യുഡിഎഫ് ശക്തമായി ചെറുത്തുനിന്നു. അടൂരിൽ ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം കുറഞ്ഞു. ആറന്മുളയിൽ വീണാ ജോർജും തിരുവല്ലയിൽ മാത്യു ടി. തോമസും നല്ല ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചു. വീണാ ജോർജിനാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. തിരുവല്ലയിൽ മാത്യു ടി. തോമസാണ് ലീഡിന്റെ കാര്യത്തിൽ രണ്ടാമൻ. കോന്നിയിൽ കെ.യു.ജനീഷ്‌കുമാറിന്റെ ഭൂരിപക്ഷത്തിൽ കുറവുണ്ടാക്കിയെങ്കിലും റോബിൻ പീറ്ററിന് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. റാന്നിയിലാണ് ചെറിയ ഭൂരിപക്ഷത്തിൽ ഇടതു വിജയം. 25 വർഷമായി ജയിച്ചുവരുന്ന റാന്നിയിൽ അവസാന റൗണ്ടിലാണ് പ്രമോദ് നാരായണൻ ജയിച്ചത്.
എൽഡിഎഫിനൊപ്പം നിന്ന് ആലപ്പുഴ
ആലപ്പുഴയിൽ സിപിഎം വിഭാഗീയത തിരിച്ചടിക്കുമെന്നായിരുന്നു കോൺഗ്രസ് പ്രതീക്ഷ. അതു പ്രതീക്ഷിച്ച് ആരും പണിയെടുത്തില്ല. അങ്ങനെ അവിടേയും സമ്പൂർണ്ണ തോൽവിയായി ഫലം. ഹരിപ്പാടിൽ രമേശ് ചെന്നിത്തലയിലേക്ക് മാത്രം വിജയം ഒതുങ്ങി. അരൂരിലും കായംകുളത്തും ചേർത്തലയിലും ഒഴികെ ബാക്കിയില്ലായിടത്തും ഭൂരിപക്ഷം പതിനായിരം കടന്നു. ഇതോടെ ജില്ലയിൽ 9ൽ 8 സീറ്റും നേടി എൽഡിഎഫ് കണക്കു ശരിയാക്കി. മൂന്ന് മന്ത്രിമാർ രംഗത്തില്ലാഞ്ഞിട്ടും എൽഡിഎഫിന്റെ പ്രകടനത്തിനു തിളക്കം കൂടിയതേയുള്ളൂ.
സിപിഎം 6 സീറ്റും സിപിഐയും എൻസിപിയും ഓരോ സീറ്റുമാണ് നേടിയത്. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ അരൂരും ഇത്തവണ എൽഡിഎഫ് വീണ്ടെടുത്തു. യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ഷാനിമോൾ ഉസ്മാന് ഗായിക കൂടിയായ ദലീമയോടു പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഏറെ ശ്രദ്ധനേടിയ അരിത ബാബുവിന്റെ സ്ഥാനാർത്ഥിത്വത്തിന് കായംകുളത്ത് യു. പ്രതിഭയുടെ തിളക്കം കുറക്കാനായില്ല.
മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ ഇത്തവണ മത്സരിച്ചില്ലെങ്കിലും അവരുടെ മണ്ഡലങ്ങളായ അമ്പലപ്പുഴയിൽ എച്ച്. സലാമും ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജനും ചേർത്തലയിൽ പി. പ്രസാദും എൽഡിഎഫിനു വേണ്ടി ചെങ്കൊടി പാറിച്ചു.
ക്യാപ്റ്റൻ വീണിട്ടും ചെങ്കൊടിയണിയിഞ്ഞ് കോട്ടയം
പാലായിൽ ക്യാപ്റ്റൻ വീണിട്ടും ചെങ്കൊടിയണിഞ്ഞ് കോട്ടയം യുഡിഎഫിന്റെ മനക്കരുത്ത് തകർത്തെറിഞ്ഞു. അങ്ങിനെ യുഡിഎഫിന്റെ പരമ്പരാഗത കോട്ടയിൽ എൽഡിഎഫിന്റെ കൊടി പാറി. കോട്ടയം ജില്ലയിലെ 9 സീറ്റിൽ അഞ്ചിടത്ത് എൽഡിഎഫിനും നാലിടത്ത് യുഡിഎഫിനും ജയം. കേരളാ കോൺഗ്രസ് (എം) ഇടതിനു വേണ്ടി കോട്ടയം പിടിച്ചെടുത്തപ്പോൾ ക്യാപ്റ്റൻ ജോസ് കെ മാണിയെ മാണി.സി കാപ്പൻ മലർത്തിയടിച്ചു. അങ്ങിനെ മാണി സി കാപ്പൻ കോൺഗ്രസിന്റെ അഭിമാനമായി.
ഇടതിനെയെും വലതിനെയും വെല്ലുവിളിച്ച് ഒറ്റയാനായി കളത്തിലിറങ്ങിയ പി.സി ജോർജിന് ഇത്തവണ എൽഡിഎഫിന് മുന്നിൽ അടിപതറി. ഉമ്മൻ ചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും മോൻസ് ജോസഫിന്റെയും ഭൂരിപക്ഷം കുറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ വിജയപ്രതീക്ഷയുണ്ടായിരുന്ന മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം തോറ്റു. മൂവാറ്റുപുഴയ്ക്കു പകരം കാഞ്ഞിരപ്പള്ളിയിൽ മത്സരിച്ച കെപിസിസി ഉപാധ്യക്ഷൻ ജോസഫ് വാഴയ്ക്കനും പരാജയം.
പാലായിൽ തോറ്റെങ്കിലും കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകളിലെ ജയത്തോടെ കേരള കോൺഗ്രസ് (എം) ജില്ലയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ് 2, കേരള കോൺഗ്രസ്1, എൻസികെ1 എന്നിങ്ങനെയാണു യുഡിഎഫിലെ കക്ഷിനില. കേരള കോൺഗ്രസ് (എം) 3, സിപിഎം1, സിപിഐ1 എന്നതാണ് എൽഡിഎഫിലെ കക്ഷിനില.
കോൺഗ്രസിന് ആശ്വാസമായി എറണാകുളം
എറണാകളുത്ത് 9 സീറ്റിൽ യുഡിഎഫ് ജയിച്ചു. ഇടതുപക്ഷത്തിന് അഞ്ച് സീറ്റും. 2016ലും ഇതുതന്നെയായിരുന്നു സീറ്റുനില. എന്നാൽ കളമശ്ശേരിയിലും കൊച്ചിയിലും കുന്നത്തുനാട്ടും ഇടതുപക്ഷം അട്ടിമറി വിജയം നേടി. കോതമംഗലവും നിലനിർത്തി. തൃപ്പൂണിത്തുറയിൽ കഴിഞ്ഞവട്ടം അട്ടിമറി വിജയം നേടിയ സിപിഎമ്മിലെ എം. സ്വരാജും കെ. ബാബുവും തമ്മിൽ നടന്ന മത്സരത്തിന്റെ വോട്ടെണ്ണൽ അവസാന നിമിഷംവരെ നാടകീയത നിലനിർത്തിയെങ്കിലും 992 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ച് ബാബു പകരം വീട്ടി.
തൃപ്പുണ്ണിത്തുറയിലും തൃക്കാക്കരയിലും പിറവത്തും മികച്ച ജയം. പറവൂരിൽ വിഡി സതീശനും മികച്ച ജയം നേടി. മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടനും ജയിച്ചു കയറി. എറണാകുളത്തും അങ്കമാലിയും ആലുവയിലും സ്ഥാനാർത്ഥി മികവും യുഡിഎഫിനെ തുണച്ചു. അങ്ങനെ എറണാകുളം വീണ്ടും യുഡിഎഫിനൊപ്പം നിന്നു. അപ്പോഴും കളമശ്ശേരിയിലും കൊച്ചിയിലും കുന്നത്തുനാടിലും കോൺഗ്രസ് വിജയം പ്രതീക്ഷിച്ചരുന്നു. കൊച്ചിയിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യമാണ് യുഡിഎഫിന് തിരിച്ചടിയായത്. കുന്നത്തുനാടിലും ഇത് കോൺഗ്രസിനെ തോൽപ്പിച്ചു.
ഇടുക്കിയിൽ അഞ്ചിൽ നാലും എൽഡിഎഫിനൊപ്പം
ഇടുക്കിയിൽ അഞ്ചിൽ നാലിടത്തും എൽഡിഎഫിന് ജയം. കഴിഞ്ഞ തവണ മൂന്ന് രണ്ടായിരുന്നു. ഇത്തവണ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് എത്തിയപ്പോൾ ഇടുക്കിയിൽ റോഷി അഗസ്റ്റിന് വിജയം തുടരാനായി. ഉടുമ്പുംചോലയിൽ 38,305 വോട്ടിന് മന്ത്രി എംഎം മണി ജയിച്ചത് ഇടതുപക്ഷത്തിന് വലിയ ആശ്വാസമായി. ഇടതു തരംഗത്തിൽ കടപുഴകാതിരുന്നത് തൊടുപുഴയിൽ പി.ജെ. ജോസഫ് മാത്രം. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ എം.എം. മണി രണ്ടാം തവണയും നിയമസഭയിലേക്ക്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേരളത്തിലെ റെക്കോർഡ് ഭൂരിപക്ഷം നേടിയ പി.ജെ. ജോസഫിന് അതിന്റെ പകുതി മാത്രമേ ഇത്തവണ നേടാൻ കഴിഞ്ഞുള്ളൂ. കേരള കോൺഗ്രസുകൾ നേർക്കുനേർ ഏറ്റുമുട്ടി ശ്രദ്ധയാകർഷിച്ച ഇടുക്കി മണ്ഡലത്തിൽ എൽഡിഎഫിന്റെ റോഷി അഗസ്റ്റിൻ വിജയിച്ചു. തുടർച്ചയായ 5ാം തവണയാണ് റോഷി ഇടുക്കിയുടെ ജനപ്രതിനിധിയായി സഭയിലെത്തുന്നത്. 2016ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഫ്രാൻസിസ് ജോർജാണു റോഷിക്കെതിരെ മത്സരിച്ചത്. ദേവികുളത്ത് തന്റെ ആദ്യ മത്സരത്തിനിറങ്ങിയ എ. രാജയും പീരുമേട്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ വാഴൂർ സോമനും ജയിച്ചുകയറി. സിപിഎം 2 സീറ്റിലും സിപിഐ, കേരള കോൺഗ്രസ് എന്നിവർ ഓരോ സീറ്റിലും ഇടുക്കിയിൽ വിജയിച്ചു. മത്സരിച്ച 3 സീറ്റിലും കോൺഗ്രസ് പരാജയപ്പെട്ടു.
നേട്ടവും നഷ്ടവും തുല്യമാക്കി കോഴിക്കോട്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായ കോട്ടകൾ ഇരുമുന്നണികളും തിരിച്ചുപിടിച്ചു; കൊടുവള്ളി യുഡിഎഫും കുറ്റ്യാടി എൽഡിഎഫും. വടകരയിലെ എൽഡിഎഫ് കോട്ട ആർഎംപി തകർത്തപ്പോൾ സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്ത് യുഡിഎഫിനു നഷ്ടമായി. ഇരുവശത്തും നഷ്ടവും നേട്ടവും തുല്യമായതോടെ കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ കക്ഷിനില തന്നെ; എൽഡിഎഫ്11, യുഡിഎഫ്2.
1980 ലെ തിരഞ്ഞെടുപ്പിൽ മാത്രം യുഡിഎഫ് വിജയിച്ച വടകരയിൽ ഇക്കുറി ആർഎംപിയിലൂടെ യുഡിഎഫ് നേട്ടമുണ്ടാക്കി. കെ.കെ രമ യുഡിഎഫിന് വേണ്ടി വടകര പിടിച്ചെടുത്തു. എൽജെഡി ഒപ്പമുണ്ടായിരുന്ന 2 തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വിജയിക്കാൻ കഴിയാതിരുന്ന വടകരയിൽ അവർ മുന്നണി വിട്ടതോടെ യുഡിഎഫിന് നേട്ടമുണ്ടാക്കാനായി. ജില്ലയിലെ മികച്ച പ്രകടനത്തിനിടയിലും വടകരയിലെ ആർഎംപി വിജയം സിപിഎമ്മിന് ആഘാതമായി. ജില്ലയിലെ തിരഞ്ഞെടുപ്പ് പര്യടനം പൂർത്തിയാക്കി മടങ്ങിയ പിണറായി വിജയൻ വടകരയിലെ പ്രചാരണത്തിനു വേണ്ടി മാത്രമായി വീണ്ടുമെത്തിയിരുന്നു.
തൃശൂരിലെ 13ൽ 12ഉം യുഡിഎഫിന് സ്വന്തം
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13ൽ 12 സീറ്റും നേടി എൽഡിഎഫ് മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 12 സീറ്റ് തന്നെയായിരുന്നു നേട്ടം. അന്നു കൈവിട്ടത് വടക്കാഞ്ചേരിയെങ്കിൽ ഇത്തവണ ചാലക്കുടി. ചാലക്കുടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ. സനീഷ്‌കുമാർ ജോസഫ് വിജയിച്ചു. യുഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന ഗുരുവായൂർ, തൃശൂർ, ഇരിങ്ങാലക്കുട മണ്ഡലങ്ങളും കൈവിട്ടു.
മൂന്ന് എ ക്ലാസ് മണ്ഡലങ്ങളുണ്ടായിരുന്ന ബിജെപിക്ക് പക്ഷേ, ജില്ലയിൽ ഒരു സീറ്റും നേടാനായില്ല. തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിക്കെതിരെ സിപിഐയിലെ പി. ബാലചന്ദ്രൻ വിജയിച്ചു. കഴിഞ്ഞതവണ കൈവിട്ടു പോയ വടക്കാഞ്ചേരി അനിൽ അക്കരയിൽ നിന്നു സേവ്യർ ചിറ്റിലപ്പിള്ളിയിലൂടെ തിരിച്ചു പിടിക്കാനും എൽഡിഎഫിനു കഴിഞ്ഞു. മന്ത്രിമാരിൽ എ.സി. മൊയ്തീൻ കുന്നംകുളത്ത് വിജയിച്ചു. എൽഡിഎഫ് കൺവീനർ എ. വിജയരാഘവന്റെ ഭാര്യ ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിലെ വിജയവും മുന്നണിക്കു തിളക്കമേറ്റി.
ചേലക്കരയിൽ മത്സരിച്ച മുൻ സ്പീക്കർ കെ. രാധാകൃഷ്ണനാണു ജില്ലയിൽ ഏറ്റവും ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഗുരുവായൂർ മണ്ഡലം പിടിക്കാനുറപ്പിച്ച് യുഡിഎഫ് രംഗത്തിറക്കിയ കെ.എൻ.എ. ഖാദറിനെ എൽഡിഎഫിലെ എൻ.െക. അക്‌ബർ തോൽപിച്ചു. കേരളത്തിന്റെ ശ്രദ്ധ നേടിയ യുവനേതാവ് കോൺഗ്രസിലെ ശോഭാ സുബിനെ തോൽപിച്ച് ഇ.ടി. ടൈസൺ കയ്പമംഗലം നിലനിർത്തി.
ഇടതു തരംഗം തെല്ലും ഏശാതെ വയനാട്
കേരളം മുഴുവൻ ഇടതു തരംഗം തീർത്തപ്പോൾ വയനാട് യുഡിഎഫിന് ഒപ്പം നിന്നു. മൂന്ന് സീറ്റിൽ രണ്ടെണ്ണം യുഡിഎഫ് നേടി. ബത്തേരി ഉയർന്ന ഭൂരിപക്ഷത്തിൽ നിലനിർത്താനും കൽപറ്റ സിപിഎമ്മിൽനിന്നു പിടിച്ചെടുക്കാനും യുഡിഎഫിനു കഴിഞ്ഞു. മാനന്തവാടിയിൽ എഐസിസി അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയെ 9282 വോട്ടുകൾക്കു കീഴടക്കി ഒ.ആർ. കേളു നേടിയ വിജയം മാത്രമാണു സിപിഎമ്മിന് ആശ്വാസം. ബത്തേരിയിൽ കെപിസിസി ജനറൽ സെക്രട്ടറി എം.എസ്. വിശ്വനാഥനെ പാർട്ടിയിലെത്തിച്ചു ടിക്കറ്റ് നൽകിയെങ്കിലും സിറ്റിങ് എംഎൽഎയും ഡിസിസി പ്രസിഡന്റുമായ ഐ.സി. ബാലകൃഷ്ണനു വെല്ലുവിളിയുയർത്താൻ കഴിഞ്ഞില്ല.
മലപ്പുറം കോട്ട കാത്ത് കോൺഗ്രസ്
മലപ്പുറത്ത് എൽഡിഎഫ് തരംഗം വിലപ്പോയില്ല. കയ്യിലുണ്ടായിരുന്ന 12 സീറ്റുകൾ യുഡിഎഫും 4 സീറ്റുകൾ എൽഡിഎഫും നിലനിർത്തി. ഇരുമുന്നണികളിലുമായി 11 സിറ്റിങ് എംഎൽഎമാർ വീണ്ടും വിജയിച്ചു. ഏറ്റവും ശ്രദ്ധേയ പോരാട്ടം നടന്ന തവനൂരിൽ മുൻ മന്ത്രി കെ.ടി.ജലീൽ ആദ്യ ഘട്ടങ്ങളിലൊക്കെ പിന്നിലായിരുന്നെങ്കിലും അവസാന റൗണ്ടിലെ ഉജ്വലമായ തിരിച്ചുവരവിലൂടെ യുഡിഎഫിലെ ഫിറോസ് കുന്നംപറമ്പിലിനെ കീഴടക്കി.
നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്രനും സിറ്റിങ് എംഎൽഎയുമായ പി.വി.അൻവറിനെ യുഡിഎഫിന് ഇത്തവണയും വീഴ്‌ത്താനായില്ല. വോട്ടെടുപ്പിന് 2 ദിവസം മുൻപ് അന്തരിച്ച വി.വി.പ്രകാശ് രണ്ടാമതായി. മൂന്നിടത്തും പക്ഷേ എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം കുറവാണ്. എന്നാൽ സ്ഥാനാർത്ഥി നിർണയത്തെത്തുടർന്ന് പ്രതിഷേധമുണ്ടായ പൊന്നാനിയിൽ എൽഡിഎഫിന്റെ പി.നന്ദകുമാറും തിരൂരങ്ങാടിയിൽ യുഡിഎഫിന്റെ കെ.പി.എ.മജീദും കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തോടെ മണ്ഡലങ്ങൾ നിലനിർത്തി.
ആവേശകരമായ മത്സരം നടന്ന പെരിന്തൽമണ്ണയിൽ അവസാന ബൂത്തിലെ വോട്ടെണ്ണലിലാണ് യുഡിഎഫിലെ നജീബ് കാന്തപുരം മണ്ഡലം നിലനിർത്തിയത്. മലപ്പുറം മുൻ നഗരസഭാധ്യക്ഷനായിരുന്ന കെ.പി.എം.മുസ്തഫയെ മറുകണ്ടം ചാടിച്ച് സ്വതന്ത്രനായാണ് എൽഡിഎഫ് പരീക്ഷിച്ചതെങ്കിലും വിജയത്തിലെത്തിക്കാനായില്ല. വേങ്ങരയിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഇത്തവണയും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
കടുത്ത മത്സരം പ്രതീക്ഷിച്ചിരുന്ന മങ്കടയിൽ മുൻ മന്ത്രി മഞ്ഞളാംകുഴി അലി അനായാസവിജയം നേടി. കോൺഗ്രസിന് ഇത്തവണയും വണ്ടൂരിലെ എ.പി.അനിൽകുമാർ മാത്രമാണ് എംഎൽഎയായുള്ളത്. ലീഗ് സിറ്റിങ് സീറ്റുകളായ ഏറനാട്, കോട്ടയ്ക്കൽ, തിരൂർ, വള്ളിക്കുന്ന്, കൊണ്ടോട്ടി എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷം കൂടിയപ്പോൾ മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നേരിയ കുറവും ഉണ്ടായി.
കണക്കു തെറ്റിക്കാതെ കണ്ണൂർ
കണ്ണൂർ ജില്ലയിലെ സീറ്റെണ്ണത്തിൽ കണക്കുകൂട്ടൽ കടുകിട തെറ്റാതെ സിപിഎം. പാർട്ടിയുടെ കണക്കെടുപ്പു പോലെ തന്നെ 11ൽ 9 സീറ്റ് സ്വന്തമാക്കി. എണ്ണം കൃത്യമാണെങ്കിലും അട്ടിമറി പ്രതീക്ഷിച്ച പേരാവൂരിനു പകരം കണ്ണൂരാണ് 9ാം സീറ്റായി ലഭിച്ചത്. സിറ്റിങ് സീറ്റാണെങ്കിലും കണ്ണൂരിൽ ഇത്തവണ സിപിഎം വിജയം പ്രതീക്ഷിച്ചിരുന്നില്ല. സിപിഎമ്മിനെ ഏറ്റവും സന്തോഷിപ്പിക്കുന്നത് അഴീക്കോട് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ കെ.വി. സുമേഷ് നേടിയ വിജയമാണ്. കഴിഞ്ഞ 2 തിരഞ്ഞെടുപ്പിലും നേരിയ ഭൂരിപക്ഷത്തിൽ ഷാജി ജയിച്ച അഴീക്കോട്ട് അയ്യായിരത്തിലധികം വോട്ടിനാണു സുമേഷിന്റെ ആധികാരിക ജയം. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി കണ്ണൂർ മണ്ഡലത്തിൽ രാമചന്ദ്രൻ കടന്നപ്പള്ളിയോടു തുടർച്ചയായി രണ്ടാം തോൽവി ഏറ്റുവാങ്ങിയതു ജില്ലയിൽ കോൺഗ്രസിനാകെ ക്ഷീണമായി. ഗ്രൂപ്പ് പോര് മൂർധന്യത്തിലായിരുന്ന ഇരിക്കൂറിൽ ഭൂരിപക്ഷം വർധിപ്പിച്ചാണു കോൺഗ്രസിന്റെ സജീവ് ജോസഫിന്റെ വിജയം. കടുത്ത പോരാട്ടത്തിനൊടുവിൽ പേരാവൂർ മണ്ഡലം സണ്ണി ജോസഫ് 3172 വോട്ടിനു നിലനിർത്തി.
അഴീക്കോട്ടും കൂത്തുപറമ്പിലും മത്സരിച്ച്, രണ്ടിടത്തും പരാജയപ്പെട്ടതോടെ മുസ്‌ലിം ലീഗിനു ജില്ലയിൽ എംഎൽഎ ഇല്ലാതായി. സംസ്ഥാനത്തെ ഏറ്റവുമുയർന്ന ഭൂരിപക്ഷമാണു മട്ടന്നൂരിൽ കെ.കെ.ശൈലജ നേടിയത്. പിണറായി വിജയൻ (ധർമടം) ഭൂരിപക്ഷം അര ലക്ഷത്തിനു മേലെ ഉയർത്തിയപ്പോൾ എം. വിജിൻ (കല്യാശ്ശേരി), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ) എന്നിവർ ഭൂരിപക്ഷം നാൽപതിനായിരം കടത്തി.
മാറ്റമില്ലാതെ കാസർകോട്
കാസർഗോഡ് ഇടതിന് മൂന്ന് സീറ്റ് കിട്ടി. കാഞ്ഞങ്ങട്ടും തൃക്കരിപ്പൂരിലും ഉദുമയിലും കോട്ട കാക്കാൻ സിപിഎമ്മിനായി. മഞ്ചേശ്വരത്ത് 745ഉം കാസർഗോഡ് 12901 വോട്ടിനും യുഡിഎഫും ജയിച്ചു. അങ്ങനെ കേരളത്തെ സമ്പൂർണ്ണ ബിജെപി മുക്തമാക്കി മാറ്റാനും കഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ വിജയം സിപിഎമ്മിന് ഇരട്ടി മധുരമാണ് കാസർഗോട്ടും നൽകുന്നത്.
കാവിക്കൊടി പാറാത പാലക്കാട്
പാലക്കാടിനെ ശ്രദ്ധേയമാക്കിയത് ഇ.ശ്രീധരന്റെ കുതിപ്പായിരുന്നു. പാലക്കാട് താമര വിരിയും എന്ന് തന്നെ ഒരു പക്ഷെ കേരളം കരുതിയ സമയം. എന്നാൽ അവസാന ലാപ്പിൽ മെട്രോമാൻ ഇ. ശ്രീധരനെ മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സീറ്റ് നിലനിർത്തിയതാണ് ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഏറ്റവും ആവേശകരമായ വിജയം. തൃത്താലയിൽ തീപാറുന്ന പോരാട്ടം നടത്തി സിറ്റിങ് എംഎൽഎ വി.ടി. ബൽറാമിനെ മൂവായിരത്തോളം വോട്ടുകൾക്കു മറികടന്ന എം.ബി. രാജേഷിന്റെ വിജയമാണു മറ്റൊരു തിളക്കം.
2016ൽ 9 സീറ്റിൽ വിജയിച്ച എൽഡിഎഫ് അത് 10 ആയി ഉയർത്തി. സിപിഎം സിറ്റിങ് എംഎൽഎമാരായ പി.കെ.ശശി, പി. ഉണ്ണി, മന്ത്രി എ.കെ. ബാലൻ എന്നിവരെ മാറ്റിനിർത്തി ഒറ്റപ്പാലം, ഷൊർണൂർ, തരൂർ മണ്ഡലങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളായ കെ. പ്രേംകുമാർ, പി. മമ്മിക്കുട്ടി, പി.പി. സുമോദ് എന്നിവർ മികച്ച ഭൂരിപക്ഷത്തിനു തന്നെ വിജയിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ചിറ്റൂരിൽ 35,136 വോട്ടുകൾക്കു വിജയിച്ച ജനതാദൾ (എസ്) സ്ഥാനാർത്ഥി മന്ത്രി കെ. കൃഷ്ണൻകുട്ടിക്കാണ്.
മറുനാടന് മലയാളി ബ്യൂറോ