കോവിഡിന്റെ പിടിയിൽ ഇതുവരെ കാര്യമായ പ്രഹരം ഏൽക്കാത്ത രാജ്യങ്ങളിൽ ഒന്നായിരുന്നു നേപ്പാൾ. എന്നാൽ, ഇപ്പോൾ നേപ്പാളും കൊറോണയുടെ പിടിയിൽ ഞെരിഞ്ഞമരുകയാണ്. ഇന്ത്യയിലേതിനു തുല്യമായ വേഗത്തിലാണ് നേപ്പാളിലും ഇപ്പോൾ കോവിഡ് പടർന്ന് പിടിക്കുന്നത്. കഴിഞ്ഞ ബുധനാഴ്‌ച്ച മാത്രം ഇവിടെ 8,659 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. 58 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

അതായത്, ഇപ്പോൾ പത്തുലക്ഷം പേരിൽ 230 രോഗികൾ എന്നതാണ് ഇപ്പോഴത്തെ കണക്ക്. ഇന്ത്യയിലിത് പത്തുലക്ഷം പേർക്ക് 280 രോഗികൾ എന്നതാണ്. ഇതോടെ ഈ ഹിമാലയൻ രാഷ്ട്രത്തിലാകെ ഭീതി പടർന്നിരിക്കുകയാണ്. പ്രാണവായു ലഭിക്കാതെ ഇന്ത്യൻ തെരുവുകളിൽ മരിച്ചുവീഴുന്നവരുടെ ദൃശ്യങ്ങൾ നേപ്പാളിനെ ഭയചകിതയാക്കുന്നു. ഇവിടെയും ഇതെല്ലാം ആവർത്തിക്കുമോ എന്ന ഭയം ഉയർന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യയേക്കാൾ ദയനീയമാണ് നേപ്പാളിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ എന്ന യാഥാർത്ഥ്യവും ജനങ്ങളുടെ ആശങ്കയ്ക്ക് കനമേകുന്നു.

ഇന്ത്യയിൽ 1 ലക്ഷം പേർക്ക് 0.9 ഡോക്ടർമാർ എന്നാണ് കണക്കെങ്കിൽ നേപ്പാളിൽ ഇത് 1 ലക്ഷം പേർക്ക് 0.7 ഡോക്ടർമാർ എന്ന നിരക്കിലാണ്. ഒരുവർഷം മുൻപ് നേപ്പാൾ സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്താകമാനം 1,595 ഇന്റൻസീവ് കെയർ ബെഡുകളും 480 വെന്റിലേറ്ററുകളും മാത്രമാണുള്ളത്. അതിൽ ചെറിയ വർദ്ധനവ് ഇപ്പോൾ ഉണ്ടായിട്ടുണ്ടാകാമെങ്കിലും 31 ദശലക്ഷം വരുന്ന ജനസംഖ്യയ്ക്ക് ഇത് തീരെ പര്യാപ്തമല്ല.

മാത്രമല്ല, ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉദ്പാദനകേന്ദ്രമുള്ളപ്പോൾ നേപ്പാളിന് എല്ലാം ഇറക്കുമതി ചെയ്തേ മതിയാകൂ. അതായത്, വാക്സിൻ വിതരണം ത്വരിതപ്പെടുത്തി പ്രതിസന്ധി മറികടക്കുക എന്നത് നേപ്പാളിനെ സംബന്ധിച്ചിടത്തോളം അനായസകരമല്ല എന്നർത്ഥം. നേപ്പാളിൽ രോഗവ്യാപനം പെട്ടെന്ന് വർദ്ധിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെങ്കിലും, ഇപ്പോൾ ഇന്ത്യയെ കണ്ണുനീരുകുടിപ്പിക്കുന്ന പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യമാകാം എന്നാണ് അനുമാനിക്കപ്പെടുന്നത്.

നേപ്പാളിനും ഇന്ത്യയ്ക്കും ഇടയിൽ സഞ്ചരിക്കാൻ പാസ്സ്പോർട്ടോ മറ്റു രേഖകളോ ആവശ്യമല്ലാത്തതിനാൽ ധാരാളം നേപ്പാളി പൗരന്മാർ ജോലിക്കും ബിസിനസ്സ് ആവശ്യങ്ങൾക്കും മറ്റുമായി സ്ഥിരമായി ഇന്ത്യയിൽ എത്താറുണ്ട്. ദിവസേന ഇന്ത്യയിലെത്തി ജോലി ചെയ്ത് തിരിച്ചുപോകുന്നവരും ഉണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ഇനം, വുഹാനിൽ കണ്ടെത്തിയതിനേക്കാൾ വ്യാപകശേഷി ഉള്ളതാണെന്ന് ഇന്ത്യാ സർക്കാർ തന്നെ സമ്മതിച്ചിട്ടുള്ള കാര്യവുമാണ്.