രു ലോകശക്തിയായി മാറുവാൻ രാജ്യത്തിനു പുറത്തും സൈനിക സാന്നിദ്ധ്യം ആവശ്യമാണെന്ന തിരിച്ചറിവാണ് ചൈനയെ ആ വഴിക്ക് നീങ്ങാൻ പ്രേരിപ്പിച്ചത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ടും, വിരിച്ച വലയിൽ കുടുങ്ങാൻ എളുപ്പമാണ് എന്നതുകൊണ്ടും ആഫ്രിക്കൻ വൻകരയേയാണ് ചൈന ഇതിനായി നോട്ടമിട്ടത്. അതിന്റെ പ്രാരംഭ നടപടികളുടെ വിജയമായിരുന്നു ജിബോട്ടി നഗരത്തിന് പടിഞ്ഞാറുമാറിയുള്ള ചൈനീസ് സൈനിക താവളത്തിലൂടെ ലോകം കണ്ടത്.

രാജ്യത്തിനു പുറത്തുള്ള ചൈനയുടെ ആദ്യ സൈനിക താവളത്തിൽ ഹെലിപാഡുകളും, വിമാനവാഹിനികൾക്ക് അടുക്കാൻ പറ്റിയ തുറമുഖസൗകര്യങ്ങളും അതോടൊപ്പം 2000 ത്തോളം സൈനികരുള്ള ഒരു വ്യുഹത്തിന്റെ വാഹങ്ങൾ ഉൾപ്പടെയുള്ളവ സൂക്ഷിക്കുവാനുള്ള സൗകര്യങ്ങളും ഉണ്ട്. 2017-ലായിരുന്നു ഈ സൈനിക ആസ്ഥാനം പ്രവർത്തക്ഷമമായത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ഇത്തരത്തിലുള്ള പല സൈനിക ആസ്ഥാനങ്ങളും ആഫ്രിക്കയിൽ ഉടനെ പ്രവർത്തനക്ഷമമാകും എന്നാണ്.

അങ്കോള, സെഷെയ്ൽസ്, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ സൈനിക താവളങ്ങൾ ഒരുക്കുന്നതിനുള്ള സൗകര്യത്തിനായി ചൈനീസ് അധികൃതർ അതാത് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ടതായി അമേരിക്കൻ പ്രതിരോധ വകുപ്പ് ആരോപിക്കുന്നു. ജിബൗട്ടിയിലുള്ളതിനോട് സമാനമായി ഒരു നാവിക കേന്ദ്രം ഉടൻ ആഫ്രിക്കയുടെ പശ്ചിമതീരങ്ങളിൽ ഉയർന്നുവരുമെന്ന് ആഫ്രിക്കയിലെ ഏറ്റവും ഉയർന്ന അമേരിക്കൻ ഉദ്യോഗസ്ഥനായ ജനറൽ സ്റ്റീഫൻ ടൗൺസെൻഡ് മുന്നറിയിപ്പ് നൽകുന്നു.

മൗറീഷ്യസിനും നമീബിയയ്ക്കും ഇടയിൽ എവിടെയെങ്കിലും ആയിരിക്കും ആ കേന്ദ്രം. ഇതുവഴി പസഫിക് സമുദ്രത്തിൽ മാത്രമല്ല, അറ്റ്ലാന്റിക് സമുദ്രത്തിലും തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാൻ ചൈനയ്ക്ക് കഴിയും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ചൈനീസ് സൈനിക താവളം എന്നത് പുതിയ ഒരാശയമൊന്നുമല്ല, കഴിഞ്ഞ ഒരു പതിറ്റാണ്ടായിട്ട് അതീവ രഹസ്യമായി ബെയ്ജിങ് മുന്നോട്ട് കൊണ്ടുപോകുന്ന ഒരു പദ്ധതിയുടെ പുതിയ ഒരു അദ്ധ്യായം മാത്രമാണിത്.

ചില ആഫ്രിക്കൻ രാജ്യങ്ങളിൽ സഹായം നൽകുന്നതിൽ അമേരിക്കയെ മറികടന്നിരിക്കുകയാണ് ചൈന. തുറമുഖ പദ്ധതികൾ, സാമ്പത്തിക പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനത്തിനുള്ള കരാറുകൾ എന്നിവ വഴി ചൈന ഈ രാജ്യങ്ങൾക്ക് മേൽ കടുത്ത സ്വാധീനം വളർത്തിയെടുത്തുകഴിഞ്ഞു. 2019-ലെ ഒരു റിപ്പോർട്ട് അനുസരിച്ച് 41-ൽ കുറയാത്ത തുറമുഖങ്ങളാണ് ചൈന സബ് സഹാറൻ ആഫ്രിക്കയിൽ പണിയുകയോ വികസിപ്പിക്കുകയോ ചെയ്യുന്നത്. ഇതിനു പുറമേ ആഫ്രിക്കയിലെ ഊർജ്ജ വിതരണ സംവിധാനവും ഏതാണ് ചൈനയുടെ അധീനതയിലായിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

ഉദാഹരണത്തിന് ഈജിപ്തിനും എത്യോപ്യയ്ക്കും ഇടയിൽ തർക്കത്തിനിടയാക്കിയ, ബ്ലൂ നൈലിനു കുറുകെയുള്ള എത്യോപ്യയുടെ കൂറ്റൻ അണക്കെട്ടിന്റെ നിർമ്മാണത്തിൽ ചൈന വലിയതോതിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രൊജക്ടുകളുടെ ഭാഗമായി ആയിരക്കണക്കിന് ചൈനീസ് കമ്പനികളും തൊഴിലാളികളും ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലുമായി ഇന്നുണ്ട്. മൊത്തം 153 ബില്ല്യൺ യു എസ് ഡോളറാണ് ചൈന ആഫ്രിക്കയിലെ വിവിധ രാജ്യങ്ങൾക്കായി വായ്പയായി നൽകിയിരിക്കുന്നത്.

ഗ്രാന്റുകളും മറ്റുമായി ഇനിയും സമ്പത്ത് ചൈന ആഫ്രിക്കയിലേക്ക് ഒഴുക്കിയിട്ടുണ്ട്. മൊത്തം 54 രാജ്യങ്ങളിൽ 40 എണ്ണത്തിലും കൂടി 186-ൽ അധികം സർക്കാർ കെട്ടിടങ്ങളാണ് ചൈന നിർമ്മിച്ചു നൽകിയിരിക്കുന്നത്. മാത്രമല്ല, ഭൂഖണ്ഡത്തിന്റെ 4 ജി നെറ്റ്‌വർക്കിൽ 70 ശതമാനത്തിലേറെ വികസിപ്പിച്ചിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. അതിൽ 14 രാജ്യങ്ങളിലെ തന്ത്രപ്രധാനമായ ആശയവിനിമയ നെറ്റ്‌വർക്കുകളും ഉൾപ്പെടും. എന്തിനധികം, എത്യോപ്യയിലെ ആഫ്രിക്കൻ യൂണിയൻ ആസ്ഥാനം പോലും പൂർണ്ണമായും ചൈനീസ് സാമ്പത്തിക സഹായത്തോടെയാണ് നിർമ്മിച്ചിരിക്കുന്നത്.

സാമ്പത്തിക സഹായത്തോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ ചൈന സ്വാധീനം വർദ്ധിപ്പിക്കുന്നത് അമേരിക്കയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഇന്ന് ചൈന ഭൂഖണ്ഡത്തിൽ ഒരു സൈനിക താവളം നിർമ്മിക്കാൻ ഉദ്ദേശിച്ചാൽ അതിനുള്ള സൗകര്യം ഒരുക്കാൻ നിരവധി രാജ്യങ്ങൾ തയ്യാറായി മുന്നോട്ടു വരും എന്ന അവസ്ഥയാണ്.തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തിൽ നിന്നും ശ്രദ്ധമാറ്റി ഇൻഡോ-പസഫിക് മേഖലയിലെ രണ്ട് പ്രധാന എതിരാളികളായ റഷ്യയുടെ മേലും ചൈനയുടെ മേലും അമേരിക്ക കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ചൈന ഈ മുന്നേറ്റം നടത്തുന്നത്.