ചെന്നൈ: സിനിമാ സ്റ്റൈൽ എൻട്രിയുമായി തമിഴകത്ത് സ്റ്റാലിന്റെ കന്നിയംഗത്തിന് തുടക്കം. അധികാരമേറ്റ് അഞ്ച് മണിക്കൂറിനുള്ളിൽ നിരവധി ജനക്ഷേമ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചിരിക്കുന്നത്. സ്ത്രീകൾക്കും ദാരിദ്രം അനുഭവിക്കുന്ന പാവങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് സ്റ്റാലിൻ തന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ജനപ്രിയജനക്ഷേമ പദ്ധതികൾ നടപ്പാക്കിയാണ് പ്രതിസന്ധിയിലും സ്റ്റാലിൻ തുടങ്ങിയത്. അച്ഛൻ കരുണാനിധിയുടെ ഓർമകൾ ജ്വലിപ്പിക്കുന്ന വിധമാണ് ഓരോ നീക്കങ്ങളും.

കരുണാ നിധി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫൗണ്ടെയ്ൻ പേന ഉപയോഗിച്ചാണ് ആദ്യ ദിനം സ്റ്റാലിൻ അഞ്ച് ഉത്തരവുകളിൽ ഒപ്പു വെച്ചത്. വാലിറ്റി 69 എന്ന പേനയാണ് കരുണാനിധി ഉപയോഗിച്ചിരുന്നത്. ആ പെനയ്ക്ക് ഒപ്പിട്ട അഞ്ച് ഉത്തരവുകൾക്കും ഒരുപോലെ കയ്യടിക്കുകയാണ് തമിഴകം. ഒറ്റനടപടിയിൽ കോവിഡ് ചികിത്സാ തിരക്ക് കുറച്ചുകൊണ്ടായിരുന്നു സ്റ്റാലിൻ അധികാരം ഏറ്റെടുത്തത്. പിന്നാലെ അഞ്ച് മണിക്കൂറിൽ പ്രധാനപ്പെട്ട അഞ്ച് ഉത്തരവുകളിലും ഒപ്പുവെച്ചു. കോവിഡ് കണക്കുകളിൽ കൃത്രിമം കാണിക്കരുതെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

ആദ്യ ഉത്തരവിൽ തന്നെ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാക്കി. ഇതോടെ സർക്കാർ ആശുപത്രികളിൽ അനുഭവപ്പെടുന്ന തിരക്കിനു കുറവുണ്ടാകും. പാവപ്പെട്ടവർക്കും ലഭ്യമാക്കുന്നതിനു വേണ്ടി സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിന് മൂന്നു രൂപ കുറച്ചായിരുന്നു സ്റ്റാലിന്റെ രണ്ടാമത്തെ ഭരണ പരിഷ്‌ക്കാരം. മെയ്‌ 16 മുതൽ കുറഞ്ഞ വിലയിൽ തമിഴ്‌നാട്ടിലെ എല്ലാവർക്കും പാൽ ലഭ്യമാകും.

സൗജന്യ യാത്രയ്ക്കുള്ള അവസരം ഒരുക്കി സ്ത്രീകളെ കയ്യിലെടുത്താണ് മൂന്നാമത്തെ പരിഷ്‌ക്കാരം. ഓർഡിനറി ബസുകളിൽ ഇനി മുതൽ സ്ത്രീകൾക്കു സൗജന്യ യാത്രയാണ്. ബിപിഎൽ കുടുംബങ്ങൾക്ക് കോവിഡ് ദുരിതാശ്വാസമായി 2000 രൂപ വീതം ഈ മാസം തന്നെ വിതരണം ചെയ്യാനുള്ള ഉത്തരവും ഇറങ്ങി. ഡിഎംകെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളായിരുന്നു ഇവയെല്ലാം.

കോവിഡ് ഭീഷണിയെത്തുടർന്ന് കാർഡ് ഉടമകൾക്ക് 4000 രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. അതിന്റെ ആദ്യ ഗഡുവായ 2000 രൂപ അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങി. ഏകദേശം 2.04 കോടി കാർഡ് ഉടമകൾക്ക് ഉപകാരപ്രദമാകുന്ന തീരുമാനമാണിത്. ഇതിനായി 4,153.39 കോടി രൂപ ചെലവു വരുമെന്ന് സർക്കാർ അറിയിച്ചു.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങളെ 100 ദിവസങ്ങൾക്കുള്ളിൽ അഭിമുഖീകരിക്കുമെന്ന വാഗ്ദാനം നിറവേറ്റാനായി 'നിങ്ങളുടെ മണ്ഡലത്തിൽ മുഖ്യമന്ത്രി' എന്ന പദ്ധതി രൂപീകരിക്കാനായി പ്രത്യേക വകുപ്പ് സജ്ജീകരിക്കാൻ ഉത്തരവിട്ടു. ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കും ചുമതല. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റടുത്ത് ആദ്യ അഞ്ച് മണിക്കൂറിനുള്ളിലായിരുന്നു ഈ തീരുമാനങ്ങളെല്ലാം.

മുഴുവൻ പേരുച്ചരിച്ച് അച്ഛൻ കരുണാനിധിയുടെ ഓർമകളുമായാണു പത്തു വർഷമായുണ്ടായിരുന്ന അധികാരവറുതിക്ക് സ്റ്റാലിൻ ഫുൾസ്റ്റോപ്പിട്ടത്. ഡിഎംകെയിൽനിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിൻ. ഭർത്താവിന്റെ സ്ഥാനലബ്ധിയിൽ ഭാര്യ ദുർഗ സ്റ്റാലിൻ സന്തോഷത്താൽ കണ്ണീരണിഞ്ഞതിന്റെ ചിത്രങ്ങളും പുറത്തുവന്നു.