തായ് വാനുമായും ഇന്ത്യയുമായുമുള്ള തങ്ങളുടെ പ്രശ്നങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തിയാൽ, ലോക രാഷ്ട്രീയത്തിൽ കാര്യമായ പങ്കൊന്നു വഹിക്കാനില്ലാത്ത ആസ്ട്രേലിയയെ ആയിരിക്കും ആദ്യം ആക്രമിക്കുക എന്ന് ചൈനയുടെ മുന്നറിയിപ്പ്. മെയ്‌ 11 നും 17 നും ഇടയിൽ കിഴക്കൻ ചൈനാ കടലിൽ നടന്ന നാവിക പ്രകടനത്തിൽ അമേരിക്ക, ഫ്രാൻസ്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ആസ്ട്രേലിയയും പങ്കെടുത്തിരുന്നു. ഇതാണ് ചൈനയെ പ്രകോപിപ്പിച്ചത്. ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസിലൂടെയണ് ഇപ്പോൾ ഈ ഭീഷണി ഉയർന്നുവന്നിരികുന്നത്.

ഈ നാലു രാജ്യങ്ങളുംചേര്ന്നുള്ള ആദ്യ നാവിക പ്രകടനമായ എക്സർസൈസ് ജീന്നെ ആർക്ക് 21 എന്ന പരിപാടിയിൽ കര-സമുദ്രയുദ്ധ തന്ത്രങ്ങളും വിമാനവേധന പരിശീലന പരിപാടികളുമെല്ലാം ഉൾപ്പെട്ടിരുന്നു ചൈനീസ് ലിബറേഷൻ ആർമിക്ക് ഒരു പരാമർശം പോലും ആവശ്യമല്ലാത്ത അത്ര ദുർബലമായ സൈന്യമാണ് ആസ്ട്രേലിയയുടേത് എന്നു പറയുന്ന ലേഖനത്തിൽ, തായ്വാൻ ഉൾക്കടൽ പോലുള്ളയിടങ്ങളിൽ സൈനിക പരിശീലനത്തിനിറങ്ങുകയാണെങ്കിൽ ആസ്ട്രേലിയയെ ആക്രമിക്കുമെന്ന മുന്നറിയിപ്പും നൽകുന്നു. ചൈനയെ പ്രകോപിപ്പിച്ച് സുരക്ഷിതമായി കഴിയാമെന്ന് ആസ്ട്രേലിയ കരുതേണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വുഹാനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട കോവിഡ് എന്ന മഹാമാരിയെ കുറിച്ച് ഒരു സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിൽ ആസ്ട്രേലിയയിൽ നിന്നുള്ള 20 മില്ല്യൺ ഡോളറിന്റെ കയറ്റുമതികൾക്ക് ചൈനയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. പസഫിക് മേഖലയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കുകയാണെന്ന ആസ്ട്രേലിയൻ പ്രതിരോധമന്ത്രി ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവന കഴിഞ്ഞമാസം ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പരമ്പരാഗത മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ പരിധിയിലാണ് ആസ്ട്രേലിയ എന്ന മുന്നറിയിപ്പുമായി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ മുഖപത്രം പുറത്തിറങ്ങിയിരിക്കുന്നത്.

തായ്വാനെ സൈനികശക്തി ഉപയോഗിച്ച് ചൈനയോട് കൂട്ടിച്ചേർക്കാനാകും എന്ന പ്രതീക്ഷയിലാണ് ചൈന. മാത്രമല്ല, അമേരിക്കയും ജപ്പാനും പിന്തുണ നൽകുന്ന ഈ ദ്വീപ് രാഷ്ട്രത്തെ ചൈനയുടെ ഭാഗമാക്കുക എന്നത് പ്രസിഡണ്ട് ഷീ യുടെ എക്കാലത്തേയുമൊരു സ്വപ്നം കൂടിയാണ്. അടുത്തകാലത്ത്, നിരവധി തവണ ചൈന തായ്പേയുടെ വ്യോമാതിർത്തിയും സമുദ്രാതിർത്തിയും ലംഘിച്ച് കയറുകയും ഉണ്ടായിട്ടുണ്ട്. മേഖലയിൽ സംഘർഷ സാധ്യത വർദ്ധിച്ചതോടെ ചൈനീസ് സൈന്യത്തെ തടഞ്ഞു നിർത്തുക എന്നത് ആസ്ട്രേലിയ ഉൾപ്പടെയുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും ബാദ്ധ്യതയായി മാറിയിരിക്കുകയാണ്.

ചൈനയിലെ ഏകാധിപത്യ ഭരണകൂടമാണെങ്കിൽ, തർക്ക പ്രദേശങ്ങളിലെല്ലാം കൈവിട്ട കളിക്ക് മുതിരുകയാണ്. ഹോങ്കോംഗിലെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച ചൈന അവിടെ ജനാധിപത്യം സംരക്ഷിക്കണം എന്നാവശ്യപ്പെടുന്നവരെ അടിച്ചമർത്തുകയുമാണ്. അതിനുപുറമെയാണ് ചൈനയിലെ സിങ്ചിയാംഗ് പ്രവിശ്യയിലെ മുസ്ലിം ന്യുനപക്ഷങ്ങളെ അടിച്ചമർത്തുന്നത്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ബ്രൂണൈ എന്നീ തെക്കൻ ചൈന കടലിലെ രാജ്യങ്ങളുടെ ഭാഗങ്ങൾ കൈയേറാനുള്ള ശ്രമങ്ങളും കഴിഞ്ഞകാലങ്ങളിൽ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.