ബെംഗളൂരു: ചോദിച്ച വാടക നൽകാത്തതിനാൽ കോവിഡ് രോഗിയുടെ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പൊലീസ് അറസ്റ്റ് ചെയ്ത ശരത് ഗൗഡയുടെ രണ്ട് ആംബുലൻസുകളും പൊലീസ് പിടിച്ചെടുത്തു. അനുജ് സിങ്ങ് എന്നയാളുടെ മൃതദേഹമാണ് ഡ്രൈവറും സഹായിയും ചേർന്ന് വഴിയിൽ ഉപേക്ഷിച്ചത്. തുടർന്ന് ഭാര്യ നൽകിയ പരാതിയിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.

സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരിച്ച അനുജ് സിങ്ങിന്റെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാനാണ് ആംബുലൻസ് വിളിച്ചത്. വാടകയായി 18,000 രൂപ അനുജിന്റെ ഭാര്യയോട് ആവശ്യപ്പെട്ടു. 3000 രൂപ അവർ നൽകി. ബാക്കി പണം കിട്ടാതിരുന്നപ്പോൾ ശരത്തും സഹായി നാഗേഷും ചേർന്ന് മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

ആശുപത്രിയിൽനിന്ന് 19 കിലോമീറ്റർ അകലെയുള്ള ഹെബ്ബാൾ ശ്മശാനത്തിലേക്കുള്ള യാത്രയ്ക്കാണ് ശരത് 18,000 രൂപ ചോദിച്ചത്. കോവിഡ് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യ 10 കിലോമീറ്ററിന് 1500 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 120 രൂപയുമാണു സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.