- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മരണനിരക്കിൽ പിന്നിൽ; കൃത്യമായ മുന്നൊരുക്കങ്ങൾ ഫലം കണ്ടു; മാതൃകയായി വികേന്ദ്രീകൃത സംവിധാനം; മഹാമാരിയുടെ രണ്ടാം തരംഗത്തിൽ തളരാതെ കോട്ടയം
കോട്ടയം: കൃത്യമായ ആസൂത്രണത്തിലൂടെ ഓക്‌സിജൻ ലഭ്യതയും മതിയായ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയ കോട്ടയം ജില്ല കോവിഡ് രണ്ടാം തരംഗത്തിൽ സൃഷ്ടിച്ചത് പ്രതിരോധത്തിന്റെ പുതിയ മാതൃക. ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ സംസ്ഥാനത്തുതന്നെ ഏറ്റവുമധികം ഓക്‌സിജൻ കിടക്കകൾ സജ്ജമാക്കിയതിലൂടെ മരണനിരക്ക് കുറയ്ക്കുവാനും ജില്ലയ്ക്ക് സാധിച്ചു.
കോട്ടയത്ത് ഏകദേശം 167 കോടി രൂപയുടെ കോവിഡ് ചികിത്സാ സേവനങ്ങൾ സർക്കാർ സംവിധാനത്തിലൂടെ ഇതുവരെ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയതായാണ് കണക്ക്. ജില്ലയിൽ രോഗബാധിതരായ 1.7 ലക്ഷം പേരിൽ ലക്ഷണങ്ങൾ ഇല്ലാതിരുന്നവർ വീടുകളിൽ തന്നെയാണ് കഴിഞ്ഞതെങ്കിലും സർക്കാർ സംവിധാനങ്ങളിലൂടെ 44,700 പേർക്ക് ചികിത്സ നൽകി. ഇത് ആകെ രോഗികളുടെ 26.3 ശതമാനം വരും.
കോട്ടയം മെഡിക്കൽ കോളേജ്, കോട്ടയം ജനറൽ ആശുപത്രി എന്നീ കോവിഡ് ആശുപത്രികളിൽ ഇതുവരെ 8700 പേരാണ് ചികിത്സ നേടിയത്. സെക്കൻഡ് ലൈൻ കേന്ദ്രങ്ങളിൽ സംസ്ഥാനത്ത് ആകെയുള്ള 2421 ഓക്‌സിജൻ കിടക്കകളിൽ 591 എണ്ണവും (24.4 ശതമാനം) ഫസ്റ്റ് ലൈൻ കേന്ദ്രങ്ങളിൽ ആകെയുള്ള 681 ഓക്‌സിജൻ കിടക്കകളിൽ 161 എണ്ണവും (23.64 ശതമാനം) കോട്ടയം ജില്ലയിലാണ്.
മെയ് 23 വരെ കോവിഡ് ബാധിച്ച് 317 പേർ മരിച്ച ജില്ലയിലെ മരണ നിരക്ക് 0.19 ശതമാനം മാത്രമാണ്. സംസ്ഥാനത്തെ മരണ നിരക്ക് 0.31 ആണ്. ഇടുക്കി ജില്ലയിൽ മാത്രമാണ് കോട്ടയത്തേക്കാൾ കുറഞ്ഞ മരണനിരക്ക് ഉള്ളത്. ആശുപത്രികളിലും പരിചരണ കേന്ദ്രങ്ങളിലും ചികിത്സ തേടിയവരിൽ ആവശ്യം വന്നവർക്കെല്ലാം കൃത്യ സമയത്ത് ഓക്‌സിജൻ കിടക്കകൾ ലഭ്യമാക്കാൻ കഴിഞ്ഞതാണ് ഇതിന് സഹായകമായത്.
എല്ലാ പഞ്ചായത്തുകളിലും ഡോമിസിലിയറി കെയർ സെന്ററുകൾ, എല്ലാ ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലും ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ, എല്ലാ താലൂക്കുകളിലും സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ, സർവ്വസജ്ജമായ രണ്ടു കോവിഡ് ആശുപത്രികൾ എന്നിങ്ങനെ വികേന്ദ്രീകൃതമായ കോവിഡ് പരിചരണ സംവിധാനങ്ങളാണ് ജില്ലയിലുള്ളത്.
ആദ്യ തരംഗത്തിൽ കോവിഡ് ശക്തമായിരുന്ന 2020 ജൂലൈ മുതൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ചിട്ടയായ മുന്നൊരുക്കങ്ങളാണ് രണ്ടാം തരംഗത്തെ നേരിടാൻ ജില്ലയെ സജ്ജമാക്കിയത്. സംസ്ഥാന സർക്കാരിന്റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും ഫണ്ടുകൾക്കു പുറമെ പിഎം കെയറിൽനിന്ന് ലഭിച്ച തുകയും എംഎൽഎ മാരുടെ ഫണ്ടുകളും വ്യവസായ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണവും ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് പിൻബലമേകി.
കോവിഡ് ആശുപത്രികളിൽ പ്രവേശനം ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കു മാത്രമാക്കിയതിനൊപ്പം ഐ.സി.യു കിടക്കകളുടെയും വെന്റിലേറ്ററുകളുടെയും എണ്ണം കൂട്ടുകയും ചെയ്തു. കേന്ദ്രീകൃത ഓക്‌സിജൻ വിതരണ സംവിധാനം സജ്ജമാക്കിയതിനാൽ വലിയ സിലിണ്ടറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവായി. രണ്ടാം തരംഗത്തിൽ സിലിൻഡർ ക്ഷാമം ജില്ലയെ ബാധിച്ചതേയില്ല.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർ പേഴ്‌സണായ ജില്ലാ കളക്ടർ എം അഞ്ജനയുടെ നിർദ്ദേശപ്രകാരം ദുരന്ത നിവാരണ അഥോറിറ്റിയിൽ നിന്ന് ഏകദേശം 57 ലക്ഷം രൂപ ലഭ്യമാക്കിയാണ് സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത ഓക്‌സിജൻ സൗകര്യമുള്ള 591 എണ്ണം ഉൾപ്പെടെ 756 കിടക്കകൾ ഒരുക്കിയത്. ഈ കേന്ദ്രങ്ങളിൽ ഇതുവരെ 7500 പേർക്ക് ശരാശരി 10 ദിവസം ഓക്‌സിജനോടെയുള്ള ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞു.
കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള രണ്ടാംനിര ആശുപത്രുകളിൽ തന്നെ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഗ്രാമീണ മേഖലയിലെ ആരോഗ്യ പരിചരണ സംവിധാനങ്ങളുടെ വിപുലീകരണവും സാധ്യമായി.
നിലവിൽ 23 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 2462 കിടക്കകളാണുള്ളത്. ഇവയിൽ നാളിതുവരെ 26000 ലധികം പേർക്ക് ശരാശരി 10 ദിവസം ചികിത്സ നൽകി. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിധിയിലുള്ള 71 ഡോമിസിലിയറി കെയർ സെന്ററുകളിലായി 2745 കിടക്കകളുണ്ട്. രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും വീട്ടിൽ താമസിക്കാൻ സൗകര്യമില്ലാത്ത 2500 പേർ ഇതുവരെ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളേജിൽ പിഎം കെയറിൽ നിന്ന് ലഭ്യമാക്കിയ മിനിറ്റിൽ 2000 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും കോട്ടയം ജില്ലാ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 57 ലക്ഷം രൂപ ചെലവഴിച്ച് സജ്ജീകരിച്ച മിനിറ്റിൽ 150 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റും ഗുരുതര രോഗം ബാധിച്ചവർക്ക് ചികിത്സ നൽകാൻ ഉപകരിച്ചു.
സി.കെ. ആശ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപ ചെലവഴിച്ച് ലഭ്യമാക്കിയ മിനിറ്റിൽ 90 ലിറ്റർ ശേഷിയുള്ള ഓക്‌സിജൻ പ്ലാന്റ് താലൂക്ക് ആശുപത്രിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമായി. പി.എം കെയറിൽ നിന്ന് ലഭിച്ച 1000 ലിറ്റർ ശേഷിയുള്ള മൂന്ന് ഓക്‌സിജൻ പ്ലാന്റുകൾ ഉഴവൂർ, പാലാ, ചങ്ങനാശേരി ആശുപത്രികളിലും ഉടൻ സജ്ജമാകും.