- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിനേയും ഫേസ്ബുക്കിനേയും നിയന്ത്രിക്കാൻ ഇറങ്ങിയ ഇന്ത്യയും ബ്രിട്ടനുമടങ്ങിയ ആറു രാജ്യങ്ങൾക്കിട്ട് പണികൊടുത്ത് അമേരിക്ക; ഗൂഗിൾ ടാക്സിനു പകരമായി ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരിക്ക് കനത്ത് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി; അമേരിക്കയുടെ വ്യാപര പ്രതികാരത്തിൽ ആശങ്കപ്പെട്ട് ലോകം
വിവരസാങ്കേതിക വിദ്യാ രംഗത്തെ ഭീമന്മാരായ ഗൂഗിളിനും ഫേസ്‌ബുക്കിനും നികുതിയേർപ്പെടുത്താൻ തുനിഞ്ഞ ഇന്ത്യയും ബ്രിട്ടനുമുൾപ്പടെ ആറു രാജ്യങ്ങൾക്കെതിരെ കടുത്ത നടപടികളുമായി നീങ്ങുകയാണ് അമേരിക്ക. ബ്രിട്ടനിൽ നിന്നുള്ള മെറി-ഗോ-റൗണ്ട്സ്, ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരി, ഇറ്റലിയിൽ നിന്നുള്ള ഹാൻഡ് ബാഗുകൾ എന്നിവയുൾപ്പടെ ഈ ആറു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന പ്രധാന ഉദ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഓരോ ഇടങ്ങളിലും തങ്ങളുടേ ലാഭംവർദ്ധിപ്പിക്കുന്ന ഈ കമ്പനികൾ പ്രാദേശിക നികുതി വരുമാനത്തിൽ കുറവു വരുത്തുന്നു എന്നാണ് ഈ രാജ്യങ്ങൾ ആരോപിക്കുന്നത്.
എന്നാൽ, ഈ ആറു രാജ്യങ്ങളുടെ തീരുമാനത്തിനെതിരെ അമേരിക്ക തങ്ങളുടെ സ്വാധീനം ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ബ്രിട്ടനിൽ നടക്കുന്ന ജി 7 ഉച്ചകോടിക്കായി ലോക നേതാക്കൾ ഒത്തുചേരാൻ വെറും ഒരാഴ്‌ച്ച മാത്രം ബാക്കിയുള്ളപ്പോഴാണ് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഉണ്ടാകുന്നത്. ആസ്ട്രിയ, ഇന്ത്യ, ഇറ്റലി, സ്പെയിൻ, ടർക്കി, ബ്രിട്ടൻ എന്നീ ആറു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് ടാരിഫ് ഏർപ്പെടുത്തുകയാനെന്ന് യു എസ് ട്രേഡ് പ്രതിനിധി കാതറിൻ ടായ് ആണ് പ്രഖ്യാപിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ അതാതു രാജ്യങ്ങളുമായി കൂടുതൽ ചർച്ചകൾ ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇത് ഉടനെ പ്രബല്യത്തിൽ വരുത്താതെ, ആറു മാസം കഴിഞ്ഞു മത്രമേ പ്രാബല്യത്തിൽ വരുത്തുകയുള്ളു എന്നും അവർ പറഞ്ഞു.
ഡിജിറ്റൽ സർവീസ് ടാക്സ് ഉൾപ്പടെയുള്ള ഇന്റർനാഷണൽ ടാക്സേഷനുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന കാര്യങ്ങളിൽ ഒരു പരിഹാരത്തിനായി അമേരിക്ക ശ്രമിക്കുകയാണെന്നും അവർ പറഞ്ഞു. ഉദാഹരണത്തിന് ആമസോൺ യൂറോപ്യൻ മേഖലയിൽ 54 ബില്ല്യൺ ഡോളറിന്റെ റെക്കോർഡ് വില്പന കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയെങ്കിലു, കോർപ്പറേഷൻ ടാക്സ് നൽകിയിട്ടില്ല. യൂറോപ്യൻ ഓപ്പറേഷന്റെ ആസ്ഥാനമായ ലക്സംബർഗിൽ നഷ്ടം കാണിച്ച് നികുതിയിളവ് കരസ്ഥമാക്കിയിരിക്കുകയാണിവർ.
ആഗോളാടിസ്ഥാനത്തിലുള്ള നികുതി സമ്പ്രദായം വരാൻ വൈകുന്നതിനാൽ പല രാജ്യങ്ങളും അവരവരുടേതായ ഡിജിറ്റൽ ടാക്സുമായി മുന്നോട്ട് പോകാൻ തുടങ്ങിയിരിക്കുകയാണ്. 700 മില്യൺ ഡോളറിലധികം വരുമാനമുള്ള ഡിജിറ്റൽ കമ്പനികൾക്ക് ബ്രിട്ടനിൽ 2 ശതമാനം ലെവി ഏർപ്പെടുത്തി കഴിഞ്ഞു. അതേസമയം 890 ബില്ല്യൺ ഡോളറിന്റെ കയറ്റുമതിയാണ് ബ്രിട്ടന് അമേരിക്കയിലേക്കുള്ളത്. അതായത്, അമേരിക്കയുടെ പുതിയ നയം ബ്രിട്ടനെ ഗുരുതരമായി ബാധിക്കും എന്നർത്ഥം. കയറ്റുമതിയിൽ 25 ശതമാനം ടാരിഫ് ആണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
പെർഫ്യും, മേക്ക്-അപ് സാധനങ്ങൾ, പാർലർ ഗെയിമുകൾ എന്നിവ തുടങ്ങി മെറി-ഗോ-റൗണ്ടുകൾ, ബോട്ട്-സ്വിംഗുകൾ ഷൂട്ടിങ് ഗാലരികൾ തുടങ്ങി ബ്രിട്ടനിൽ നിന്നുംകയറ്റുമതി ചെയ്യുന്ന നിരവധി ഉദ്പന്നങ്ങളുടെ വിപണിയെ ഈ തീരുമാനം ബാധിക്കും. ഇന്ത്യയിൽ നിന്നുള്ള ബസ്മതി അരി, രത്തൻ ഫർണീച്ചർ, സ്വർണ്ണ നെക്ലെസുകൾ, സിഗരറ്റ് പേപ്പർ എന്നിവയേയും ഈ പുതിയ നയം പ്രതികൂലമായി ബാധിക്കും. ഇറ്റലിയിൽ നിന്നുള്ള ഹാൻഡ് ബാഗുകൾ, ജാക്കറ്റുകൾ, ബ്ലേസറുകൾ എന്നിവയുടെ വില്പനയേയും ഇത് ബാധിക്കും.
നേരത്തേ സാങ്കേതികരംഗത്തെ ഭീമന്മാർക്ക് മുന്നിൽ ഫ്രാൻസ് 3 ശതമാനം നികുതി ഏർപ്പെടുത്തിയപ്പോൾ ഫ്രഞ്ച് ഷാംപെയിനും ചീസിനുമൊക്കെ ടാരിഫ് ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ തുടർച്ചയായാണ് ഈ നടപടിയേയും ലോകം കാണുന്നത്. അന്ന് ഫ്രാൻ നികുതി നിർദ്ദേശം പിൻവലിക്കുകയായിരുന്നു. ഇപ്പോൾ അമേരിക്കയുടെ ലിസ്റ്റിൽ ഉൾപ്പെട്ട ആറു രാജ്യങ്ങളും സമാനമായ നിരക്കിൽ നികുതി ഈടാക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ