തൃശൂർ: കഴിഞ്ഞ വർഷം മെയിൽ നടത്താനിരുന്നതാണ് അമേരിക്കൻ മലയാളി ഡെന്നിസ് ജോസഫിന്റെയും തൃശൂർ്ക്കാരി ബെഫി ജീസന്റെയും വിവാഹം. എന്നാൽ ലോക്ക്ഡൗൺ നീണ്ടതോടെ ഇരുവരുടെയും വിവാഹ സ്വപ്‌നവും ഒരു വർഷത്തിനിപ്പുറത്തേക്ക് നീണ്ടു. ഡെനീസിന് അവധി ലഭിച്ചതനുസരിച്ച് ഈ വർഷം മെയ്‌ 15ലേക്കാണ് വിവാഹം വീണ്ടും മാറ്റിയത്. എന്നാൽ ഇത്തവണയും കോവിഡ് ലോക്ക്ഡൗൺ ഇരുവരുടേയും വിവാഹത്തിൽ വീണ്ടു വില്ലനായി എത്തി. നാട്ടിലെത്തിയ ഡെന്നിസ് ലോക്ക്ഡൗണിൽ കുടുങ്ങി.

ഇതിനിടെ യുഎസ് പൗരത്വമുള്ള ഡെന്നിസിന്റെ വിസാ കാലാവധി അവസാനിക്കാറാവുകയും ചെയ്തു. സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കണമെങ്കിൽ 30 ദിവസത്തെ നോട്ടിസ് വേണമെന്നതാണ് ഇവരെ കുഴക്കിയത്. ഒടുവിൽ ക്രിസ്ത്യൻ സിവിൽ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂർ സബ് രജിസ്റ്റ്രാർ ഓഫിസ് പ്രവർത്തിക്കാത്തതിനാൽ ഇതിനുള്ള സാധ്യത മങ്ങി.

ലോക്ഡൗൺ ഇളവു വരുമ്പോൾ ഓഫിസ് തുറക്കാൻ കാത്തിരുന്നെങ്കിലും യുഎസിലേക്കു മടങ്ങേണ്ടതിനാൽ വിവാഹം പ്രതിസന്ധിയിലായി. ഒടുവിൽ ഇവർ വിവാഹം നടത്താൻ ഹൈക്കോടതിയുടെ സഹായം തേടി. വീസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, രജിസ്റ്റ്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ വിവാഹ വിവരം മുൻകൂട്ടി പ്രദർശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താൻ ഉത്തരവിടുകയായിരുന്നു.

കോടതി നിർദേശിച്ചതു പ്രകാരം സബ് ഡിവിഷനൽ മജിസ്‌ട്രേട്ട് രാവിലെ10.30നു മുൻപായി കുട്ടനെല്ലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂർത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക്. രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ വൈകാതെ ബെഫിയും അമേരിക്കയിലെത്തും.