- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഡോസിന് 33 ശതമാനം മാത്രം സംരക്ഷണം;രണ്ട് ഡോസുകൾ തമ്മിലുള്ള വ്യത്യാസം എട്ടാഴ്ച്ചയായി ചുരുക്കണം; രണ്ട് ഡോസുകൾ പൂർത്തിയായവരെ ഇന്ത്യൻ വകഭേദം പിടികൂടില്ല; ആശ്വാസത്തിന്റെ റിപ്പോർട്ടുകൾ
അസ്ട്രസെനെക വാക്സിന്റെ (ഇന്ത്യയിൽ കോവിഷീൽഡ്) രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറയ്ക്കണമെന്ന സർക്കാർ ശാസ്ത്രോപദേശക സമിതിയിലെ മുതിർന്ന അംഗമായ പ്രൊഫസർ ആന്റണി ഹാർഡെൻ ആവശ്യപ്പെട്ടു. ഇന്ത്യൻ വകഭേദത്തെ നേരിടാൻ കേവലം ഒരു ഡോസ് മാത്രം കൊണ്ടാകില്ലെന്നും ജോയിന്റ് കമ്മിറ്റി ഓൻ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ ഡെപ്യുട്ടി ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു. കൂടുതൽ പേർക്ക് രണ്ടു ഡോസുകളും ലഭ്യമാക്കുവാനായി ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ച പശ്ച്ചാത്തലത്തിലാണ് ഇത്തരമൊരു പ്രസ്താവന വന്നിരിക്കുന്നത്.
ഇപ്പോൾ 50 കളിൽ ഉള്ളവർക്ക് ആദ്യ ഡോസ് എടുത്ത് 12 ആഴ്‌ച്ചകൾക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് ലഭിക്കുന്നത്. കൂടുതൽ പേരിലേക്ക് വേഗത്തിൽ വാക്സിൻ എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ച ഒരു നയമായിരുന്നു അത്. ഈ കാലയളവ് 8 ആഴ്‌ച്ചയായി കുറയ്ക്കണം എന്നാണ് പ്രൊഫസർ ഹാർഡൻ ആവശ്യപ്പെടുന്നത്. അപ്രകാരം ചെയ്യുന്നതിനാൽ ശരീരത്തിൽ ശരിയായ പ്രതിരോധ സംവിധാനങ്ങൾ രൂപം കൊള്ളും എന്നുമാത്രമല്ല, കുറഞ്ഞ കാലയളവിൽ കൂടുതൽ പേർക്ക് രണ്ട് ഡോസുകളും നൽകാനും ആകും.
അസ്ട്രസെനെകയുടെ വാക്സിന്റെ ആദ്യ ഡോസിന് ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദത്തിനെതിരെ 33 ശതമാനം മാത്രമാണ് കാര്യക്ഷമതയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. നിലവിൽ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതുകൊണ്ട് രണ്ടു ഡോസുകൾക്കുമിടയിലെ ഇടവേള കുറയ്ക്കുന്നതുകൊണ്ട് വാക്സിൻ പദ്ധതി പ്രതിസന്ധിയിലാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ ആൽഫ ഇനമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. ആദ്യ ഡോസ് അതിനെതിരെ 60 ശതമനാത്തിലേറെ കാര്യക്ഷമമായതിനാൽ ഇടവേള നീട്ടാനായി എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇപ്പോൾ പ്രധാനമായും വ്യാപിക്കുന്നത് ഡെൽറ്റ ഇനമാണെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇന്ത്യൻ വകഭേദം ബാധിച്ചവരിൽ പോലും രോഗം ഗുരുതരമാക്കാതെ കാത്തുസൂക്ഷിക്കുവാൻ കോവിഡ് വാക്സിനുകൾക്ക് കഴിയുമെന്ന ഔദ്യോഗിക റിപ്പോർട്ടും പുറത്തുവന്നു. മാത്രമല്ല, ആദ്യ ഡോസ് മാത്രം ലഭിച്ചവരിലും പത്തിൽ ഏഴുപേരിൽരോഗം ഗുരുതരമാകാതെ കാത്തുസൂക്ഷിക്കാൻ ഇതിനായി എന്നും റിപ്പോർട്ടിൽ പറയുന്നു. ഫൈസർ വാക്സിന് ഡെൽറ്റ വകഭേദത്തിനെതിരെ 96 ശതമാനം പ്രതിരോധമുയർത്താൻ കഴിയുമ്പോൾ അസ്ട്രാസെനെക 92 ശതമാനം പ്രതിരോധം ഉയർത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
അതായത്, വാക്സിൻ പദ്ധതി വേഗതയിൽ പുരോഗമിച്ചാൽ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്ന കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാൻ കഴിയും. ആശുപത്രികളിൽ സമ്മർദ്ദമേറുന്നത് തടയുക എന്നതാണ് ലോക്ക്ഡൗൺ നീട്ടിയതിനുള്ള പ്രധാന കാരണമെന്നാതിനാൽ, വാക്സിൻ പദ്ധതി ലോക്ക്ഡൗൺ കൂടുതൽ നീളാതെ കാത്തുസൂക്ഷിക്കും എന്ന വിശ്വാസം ഈ റിപ്പോർട്ട് നൽകുന്നുണ്ട്.
മറുനാടന് ഡെസ്ക്