കണ്ണൂർ: കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗണിൽ ഇളവുകൾ നൽകുന്ന സാഹചര്യത്തിൽ തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ നിർവ്വഹിക്കാൻ വിശ്വാസികൾക്ക് അനുമതി നൽകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി കെ, അബ്ദുൽ ഖാദർ മൗലവി ആവശ്യപ്പെട്ടു. എസ് വൈ എസ് കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മൗലവി

ബാറുകൾക്ക് പോലും ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്തത് ഖേദകരമെന്നും ഈ വിഷയത്തെ സർക്കാർ ലാഘവത്തോടെ കാണാതെ ഗൗരവത്തിലെടുക്കണമെന്നും മൗലവി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് ഉമർ നദ് വി തോട്ടിക്കൽ അദ്ധ്യക്ഷനായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ ബാഖി പാപ്പിനിശ്ശേരി സമരസന്ദേശം നൽകി.

ജില്ലാ ട്രഷറർ ഹനീഫ് ഏഴാംമൈൽ, വർക്കിങ് സെക്രട്ടറി സത്താർ വളക്കൈ, വൈസ് പ്രസിഡണ്ട് പി.പി. മുഹമ്മദ് കുഞ്ഞി മൗലവി അരിയിൽ , സെക്രട്ടറി ഇബ്രാഹിം എടവച്ചാൽ സംസാരിച്ചു ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം ബാഖവി പൊന്ന്യം സ്വാഗതവും ജില്ലാ സമരസമിതി കൺവീനർ മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു

കോവിഡ് പ്രോട്ടോകാൾ പാലിച്ച് പള്ളികളിൽ ആരാധനകൾ നിർവ്വഹിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കുള്ള നിവേദനം കലക്ടർക്ക് വേണ്ടി എ ഡി എം ഏറ്റുവാങ്ങി. തുടർന്ന് ജില്ലയിലെ എം പി, എം എൽ എ മാർ, കോർപ്പറേഷൻ മുൻസിപ്പൽ, പഞ്ചായത്ത് അധികാരികൾ എന്നിവർക്ക് മണ്ഡലം ഏരിയ ശാഖ കമ്മിറ്റി നേതാക്കളും ഹരജി സമർപ്പിച്ചു.