മുംബൈ: മുംബൈയിൽ മലയാളി യുവതിയും ആറു വയസ്സുള്ള മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് അയൽവാസി അറസ്റ്റിൽ. പാലാ രാമപുരം സ്വദേശിയും മുൻ മാധ്യമ പ്രവർത്തകയുമായ രേഷ്മ മാത്യു ട്രെഞ്ചിൽ (43), ആറു വയസ്സുള്ള മകൻ ഗരുഡിനൊപ്പം ഫ്‌ളാറ്റിൽ നിന്നും ചാടി മരിച്ചതിന് പിന്നാലെയാണ് അയൽവാസി അറസ്റ്റിലായത്. ഈ കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.

ഇയാൾക്കും മാതാപിതാക്കൾക്കും എതിരെ കേസെടുത്തു. മുംബൈ ചാന്ദിവ്ലി നാഹേർ അമൃത്ശക്തി കോംപ്ലക്‌സിന്റെ 12-ാം നിലയിൽ നിന്നു വീണു മരിച്ച നിലയിൽ തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ താമസിക്കുന്ന ഫ്‌ളാറ്റിന് തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിനു പിന്നാലെയാണു സാക്കിനാക്ക പൊലീസ് കേസെടുത്തത്.

രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. ഇത് രേഷ്മയെ മാനസികമായി വേദനിപ്പച്ചിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേഷ്മയുടെ ഭർത്താവ് ശരത് മുളുകുട്ല മേയിൽ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നു രേഷ്മ മാനസിക സംഘർഷത്തിലായിരുന്നു.

മൃതദേഹം ഏറ്റുവാങ്ങാൻ യുഎസിലുള്ള ഏക സഹോദരൻ ബോബി വെള്ളിയാഴ്ച മുംബൈയിലെത്തുമെന്നാണു പൊലീസിനെ അറിയിച്ചിരിക്കുന്നത്. രാമപുരം മരങ്ങാട് ആനിക്കുഴിക്കാട്ടിൽ എ.എം. മാത്യുവിന്റെയും പരേതയായ ലീലാമ്മയുടെയും മകളാണ് മാധ്യമ പ്രവർത്തകയായിരുന്ന രേഷ്മ. യുഎസിലാണു പത്രപ്രവർത്തനത്തിൽ പരിശീലനം നേടിയത്. മാതാപിതാക്കളുടെ കോവിഡ് ചികിത്സയ്ക്കായി വാരാണസിയിൽ പോയപ്പോഴാണു ശരത്തും പോസിറ്റീവ് ആയത്. മൂന്നുപേരും മരിച്ചു. മുംബൈയിൽ കോളജ് അദ്ധ്യാപകരായിരുന്ന രേഷ്മയുടെ മാതാപിതാക്കൾ രാമപുരം മാർ അഗസ്തീനോസ് കോളജിൽ പഠിപ്പിക്കുകയായിരുന്നു.