ജീവിതം പലപ്പോഴും പോകുന്നത് തികച്ചും വിചിത്രീമായ വഴികളിലൂടെയായിരിക്കും. പ്രതീക്ഷിക്കാത്തിടത്തോക്കെ ട്വിസ്റ്റുകൾ സംഭവിക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ തന്നെയാണ് ജീവിതമെന്നു പറഞ്ഞാൽ തെറ്റില്ല. ചിലരുടെ കാര്യത്തിൽ ഈ പ്രസ്താവന യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്തുനിൽക്കും. അത്തരമൊരു ജീവിതമാണ് ജോൺ മെക്കാഫിയുടേത്. ഐടി രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അതികായൻ. ഇന്നും മുൻനിരയിൽ തന്നെ നിൽക്കുന്ന മെക്കാഫി ആന്റി വൈറസ് സ്ഫോറ്റ്‌വെയറിന്റെ സ്ഥാപകൻ, ശതകോടീശ്വരൻ, എന്നിട്ടു നാടുവിട്ടോടി അന്യനാട്ടിലെ ജയിലിൽ അവസാന ശ്വാസം വലിക്കേണ്ടിവന്നു.

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ കേസുകൾ നിലനിൽക്കെയാണ് ഈ ശതകോടീശ്വരൻ നാടുവിട്ട് തന്റെ ആഡാംബര നൗകയിൽ ലോകസഞ്ചാരം ആരംഭിച്ചത്. നികുതിവെട്ടിപ്പിനു പുറമെ ബെലീസിൽ തന്റെ അയൽക്കാരനെ കൊന്നു എന്ന കൊലപാതക കുറ്റം കൂടി അദ്ദേഹത്തിനുമേൽ ചുമത്തിയിരുന്നു. 2014-2018 കാലഘട്ടത്തിൽ പൂർണ്ണമായ വരുമാനം വെളിപ്പെടുത്തിയില്ല എന്നതാണ് അദ്ദേഹത്തിനു മേൽ ആരോപിക്കപ്പെടുന്ന കുറ്റം. ഇക്കാലയളവിൽ നടത്തിയ ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ ലാഭം, അതുപോലെ പലയിടങ്ങളിലായി നടത്തിയ പ്രസംഗങ്ങൾക്കായി കൈപ്പറ്റിയ പ്രതിഫലം, കൺസൾട്ടൻസി നടത്തിയതിനുള്ള പ്രതിഫലം എന്നിവ അദ്ദേഹം വെളിപ്പെടുത്തിയില്ല എന്നാണ് ആരോപിക്കുന്നത്.

ഇതിനു പുറമേ തന്റെ ജീവിതകഥ ഒരു ഡോക്യൂമെന്ററി ആക്കുന്നതിന് അവകാശം നൽകിയതിലും ഇദ്ദേഹത്തിന് വൻ തുക പ്രതിഫലമായി ലഭിച്ചെന്ന് പറയപ്പെടുന്നു. അതുപോലെ യഥാർത്ഥ സ്വത്ത് വിവരം മറച്ചുവച്ചതിനും കേസുണ്ട്. ചില റിയൽ എസ്റ്റേറ്റ് സ്വത്തുക്കൾ, വാഹനങ്ങൾ, ഒരു ആഡംബര നൗക എന്നിവയുടെ കാര്യം അധികൃതർക്ക് മുന്നിൽ വെളിപ്പെടുത്തിയില്ല എന്നാണ് ആരോപണം. ഈ ആരോപണങ്ങൾ തെളിഞ്ഞാൽ, 30 വർഷം വരെ തടവു ശിക്ഷ ലഭിക്കാം.

എന്നാൽ, ഇതെല്ലാം തനിക്കെതിരെയുള്ള രാഷ്ട്രീയ നീക്കങ്ങളാണ് എന്നാണ് മെക്കാഫി ആരോപിക്കുന്നത്, 2020-ലെ തെരെഞ്ഞെടുപ്പിൽ ലിബേർഷ്യൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുമെ3ന്ന് രണ്ടു വർഷം മുൻപേ മെക്കാഫി പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രത്യാഘാതമായിട്ടാണ് ഈ കേസുകൾ എല്ലം വന്നത് എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മാത്രമല്ല, അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന കൊലക്കുറ്റം പക്ഷെ കോടതിയിൽ തെളിയിക്കാനായിട്ടില്ല.

കേസ് വന്നതോടെ തന്റെ ആഡംബര നൗകയിൽ സ്ഥലം വിട്ട മെക്കാഫി കരീബിയൻ ദ്വീപുകളിലേക്കായിരുന്നു ആദ്യം പോയത്. 2019-ൽ യാത്രക്കിടെ ക്യുബയിലെത്തിയ അദ്ദേഹം ചില മാഫിയകളുടേകെണിയിൽ പെട്ടിരുന്നു. പിന്നീട് അതേവർഷം ഡൊമിനിക്കൻ റിപ്പബ്ലിക്കിലും അദ്ദേഹം കുറച്ചുനാൾ ജയിലിൽ ആകുകയുണ്ടായി. ആഡംബര നൗകയിൽ ആയുധങ്ങൾ സൂക്ഷിക്കുന്നു എന്നതായിരുന്നു കുറ്റം. പിന്നെയും യാത്രതുടർന്ന അദ്ദേഹത്തെ കഴിഞ്ഞവർഷം ഒക്ടോബറിൽ ബാഴ്സിലോണ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചായിരുന്നു സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്.

തുടർന്ന് അദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറുവാനുള്ള നടപടികൾ പൂർത്തിയാക്കുന്നതുവരെ ജയിലിൽ പാർപ്പിക്കുകയായിരുന്നു. സ്പാനിഷ് ജയിലിലെ അധികൃതരുടെ പെരുമാറ്റത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ഇദ്ദേഹം സമൂഹ മാധ്യമങ്ങളീൽ കൂടി പങ്കുവച്ചത്. അമേരിക്കയിലെ ജയിലേക്കാൾ മനുഷ്യത്വപരമായ സമീപനമാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ജയിലിനുള്ളിൽ താൻ തൂങ്ങിമരിക്കുന്ന ഒരു അവസ്ഥയുണ്ടായാൽ അത് ആത്മഹത്യയല്ലെന്നും അതൊരു കൊലപാതകം തന്നെയായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ജയിലഴിക്കുള്ളീൽ നിന്നും ഭാര്യയ്ക്ക് പറഞ്ഞുകൊടുത്ത്, ഭാര്യയായിരുന്നു ഈ പോസ്റ്റുകൾ എല്ലാം പോസ്റ്റ് ചെയ്തിരുന്നത്.

അവസാനം ബാഴ്സിലോണ കോടതി മെക്കഫിയെ അമേരിക്കയ്ക്ക് കൈമാറാൻ ഉത്തരവിട്ടതിനെ തുടർന്നാണ് ഇയാൾ തന്റെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന്റെ പിന്നിലെന്ന് മെക്കാഫിയുടെ വാദം കോടതി അംഗീകരിച്ചില്ല. നികുതി വെട്ടിപ്പ് കേസുമാത്രമാണ് ഇതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഈ വിധിക്കെതിരെ അപ്പീൽ നൽകാൻ മെക്കാഫിക്ക് കഴിയുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്.എന്നിട്ടും അതിനായി കാത്തിരിക്കാതെ പോയതിൽ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയും ആരോപിക്കുന്നു.