- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോൺ മെക്കഫീ കണ്ടെത്തിയത് ലോകത്തെ ആദ്യത്തെ ആന്റി വൈറസ് സോഫ്റ്റ്‌വെയർ; പത്തു വർഷം കൊണ്ട് സഹസ്ര കോടീശ്വരനായി കമ്പനി വിറ്റുകിട്ടിയ കാശുമായി പെണ്ണും മയക്കുമരുന്നും ആസ്വദിച്ച് ജീവിച്ചു; അരക്കിറുക്കനായതോടെ വേട്ടയാടിയത് ദിവാസ്വപ്നങ്ങൾ; മെക്കാഫി ആത്മഹത്യ ചെയ്യുമ്പോൾ
ആന്റി വൈറസ് സോഫ്റ്റ്‌വെയറിന്റെ പിതാവെന്നറിയപ്പെടുന്ന ജോൺ മെക്കാഫിയുടെ മരണവാർത്ത ഒരു ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അമേരിക്കയ്ക്ക് കൈമാറാൻ കോടതി ഉത്തരവിട്ട് മണിക്കൂറുകൾ കഴിയുന്നതിനു മുൻപ് ബാഴ്സിലോണിയയിലെ ജയിലിൽ ആത്മഹത്യ ചെയ്ത ഈ 75 കാരന്റെ ജീവിതം ചില സിനിമാക്കഥകളെ പോലെ നിറയെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. സ്ത്രീകളും ലഹരിയുമൊക്കെ നിറഞ്ഞ ആ ജീവിതം അവസാനം നിയമത്തിൽ നിന്നും ഓടി രക്ഷപ്പെടുന്നതുവരെ എത്തി. അമേരിക്കയിൽ 2016 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നിരവധി നികുതിവെട്ടിപ്പുകേസുകളിൽ പ്രതിയായ മെക്കാഫിയെ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രിട്ടനിലെ ഒരു അമേരിക്കൻ സൈനിക താവളത്തിലായിരുന്നു മെക്കഫിയുടെ ജനനം. പിന്നീട് അമേരിക്കയിലാണ് വളർന്നതെങ്കിലും അദ്ദേഹത്തിന് അമേരിക്കയോട് എന്നും വെറുപ്പായിരുന്നു. ഒരു ബ്രിട്ടീഷുകാരനാണെന്ന വികാരമാണ് തനിക്കുള്ളതെന്ന് എപ്പോഴും അദ്ദേഹം പറയുമായിരുന്നു.അദ്ദേഹത്തിന് വെറും 15 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുന്നത്. ഇത് കനത്ത ആഘാതമായിരുന്നു ആ കൗമാരക്കാരനിൽ ഉണ്ടാക്കീയത്. താൻ എന്നും എഴുന്നേൽക്കുന്നതും, എന്തു ചെയ്യുന്നതും തന്റെ പിതാവിനൊപ്പമാണെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. ആ ഓർമ്മകൾ തന്നെ വേട്ടയാടുകയാണെന്നും പറഞ്ഞിരുന്നു.
1969-ൽ മിസ്സോറി പസിഫിക് റെയിൽറോഡിനായി ട്രെയിൻ റൂട്ടുകൾ ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ഒരു സിസ്റ്റം രൂപകല്പന ചെയ്തുകൊണ്ടായിരുന്നു കമ്പ്യുട്ടർ രംഗത്ത് മെക്കാഫി തുടക്കം കുറിക്കുന്നത്. കമ്പ്യുട്ടർ മേഖലയിൽ പുതിയ ഉയരങ്ങൾ കീഴടക്കി മുന്നേറുന്നതിനൊപ്പം അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയാവുകയായിരുന്നു. മദ്യപാനാസക്തി മൂലം അദ്ദേഹത്തിന്റെ ആദ്യ ഭാര്യ വിവാഹമോചനം നേടി. 1986-ൽ അദ്ദേഹം മെക്കാഫി അസ്സോസിയേറ്റ്സ് ആരംഭിച്ചു. പാക്കിസ്ഥാനിൽ നിന്നുള്ള ഒരു വൈറസ് അമേരിക്കയെ ആക്രമിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്.
നിരന്തര ശ്രമത്തിനൊടുവിൽ ആന്റിവൈറസ് സോഫ്റ്റ്‌വെയർ രൂപകല്പന ചെയ്ത അദ്ദേഹം അത് സൗജന്യമായി കമ്പ്യുട്ടർ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. ആദ്യ അഞ്ചു വർഷത്തിനുള്ളിൽ തന്നെ അമേരിക്കയിലെ പ്രധാന കമ്പനികളെല്ലാം തന്നെ അത് ഉപയോഗിക്കുവാൻ ആരംഭിച്ചു. പിന്നീട് 1990 മുതൽക്കാണ് മെക്കാഫി ഉപയോഗത്തിന് ലൈസൻസ് ഫീസ് ഈടാക്കി തുടങ്ങുന്നത്. പ്രതിവർഷം 5 മില്ല്യൺ ഡോളറായിരുന്നു അക്കാലത്തെ മെക്കാഫിയുടെ വരുമാനം. വിദേശങ്ങളിൽ നിന്നുള്ള സൈബർ ആക്രമണങ്ങളെ ഭയക്കുന്ന അമേരിക്കൻ മനൊനില അദ്ദേഹം നന്നായി ഉപയോഗിച്ചു.
പിന്നീട് വീണ്ടും വിവാഹം കഴിച്ച മെക്കാഫി ഭാര്യ ജൂഡിക്കൊപ്പം സിലിക്കോൺ വാലിയിലേക്ക് താമസം മാറ്റി. അക്കാലത്ത് അവിടെ ഒരു യോഗ സ്റ്റുഡിയോ സ്ഥാപിക്കുകയും ചെയ്തു. മെക്കാഫിയുടെ ജീവിതത്തിലെ ഏറ്റവും ശാന്തമായ നാളുകളായിരുന്നു ഇത്. എന്നാൽ, 2009-ലെ സാമ്പത്തിക മാന്ദ്യത്തിനെ തുടർന്ന് തന്റെ കമ്പനി അദ്ദേഹം വിൽക്കുകയും രണ്ടാം ഭാര്യയുമായി വിവാഹമോചനം നേടുകയും ചെയ്തു. പിന്നീട് അദ്ദേഹം ബെലീസിലേക്ക് താമസം മാറ്റി. അമേരിക്കൻ രാഷ്ട്രീയത്തിൽ നിന്നെല്ലാം അകന്നുമാറി ബാറിലും വ്യേശ്യാലയങ്ങളിലുമായി ബെലീസിലെ ജീവിതം അടിച്ചുപൊളിക്കുമ്പോഴാണ് അവിടെ നിന്നും പരിചയപ്പെട്ട ജെന്നിഫർ ഇർവിനുമായി സൗഹൃദമുണ്ടാക്കുന്നത്. 2010-ൽ ഇവരെ ബെലീസിലെ തന്റെ പുരയിടത്തിൽ ഒരു ബംഗ്ലാവ് പണിത് അവിടേക്ക് മാറ്റി.
2013 ആയപ്പോൾ, ബെലീസിലെ തന്റെ ആഡംബര ബംഗ്ലാവിൽ മെക്കാഫിയോടൊപ്പം ഏഴു സ്ത്രീകളാണ് ഉണ്ടായിരുന്നത്. 2012-ൽ അയൽവക്കത്ത് താമസിച്ചിരുന്ന ഗ്രിഗറി ഫുൾ എന്ന ഒരാൾ വെടിയേറ്റ് മരിക്കുന്നതോടെയാണ് മെക്കഫിയുടെ കഷ്ടകാലം തുടങ്ങുന്നത്. മെക്കാഫിയുമായി നേരെത്തേ ചില തർക്കങ്ങൾ ഇയാൾ ഉണ്ടാക്കിയതിനാൽ, മെക്കാഫിയാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് സംശയിച്ചു. തുടർന്ന് അവിടെ നിന്നും മുങ്ങിയ മെക്കാഫി എത്തിയത് ഗോട്ടിമാലയിലായിരുന്നു. അവിടെനിന്നും അറസ്റ്റ് ചെയ്യപ്പെട്ട മെക്കാഫിയെ അമേരിക്കയിലേക്ക്തിരിച്ചയച്ചു.
കൊലപാതക കുറ്റം തെളിയിക്കപ്പെടാത്തതിനാൽ ജാമ്യത്തിലിറങ്ങിയ മെക്കാഫി മിയാമിയിലെത്തുന്നു. അവിടെ ഒരു രാത്രിയിലേക്ക് വാടകയ്ക്ക് എറ്റുത്ത ജാനിസ് ഡൈസണെ പിന്നീട് അദ്ദേഹം വിവാഹം കഴിച്ചു. ജീവിതാവസാനം വരെയും അവർ അദ്ദേഹത്തിന്റെ ഭാര്യയായി തുടർന്നു. പിന്നീട് 2020-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്നായിരുന്നു നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണമുയരുന്നത്. താൻ നികുതി അടച്ചിട്ടില്ലെന്ന് കാര്യം പക്ഷെ അദ്ദേഹം ഒരിക്കലും മറച്ചുവച്ചിരുന്നില്ല. വ്യവസ്ഥിതിയോടുള്ള അരിശമാണ് നികുതി അടക്കുന്നതിൽ നിന്നും തന്നെ വിലക്കുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെട്ടിരുന്നത്.
പിന്നീടാണ് അമേരിക്കയിൽ നിന്നും നാടുവിടുന്നത്. സ്വകാര്യ ആഡംബര നൗകയിൽ കറങ്ങി നടന്നിരുന്ന അദ്ദേഹം ട്വീറ്റർ വഴി തന്റെ ആരാധകരുമായി സംവേദിക്കാറുണ്ടായിരുന്നു. അ യാത്രയ്ക്കിടയിലാണ് അദ്ദേഹം സ്പെയിനിൽ എത്തുന്നതും അറസ്റ്റിലാകുന്നതും.
മറുനാടന് മലയാളി ബ്യൂറോ