- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടപ്പെട്ട പിടിയാനയെ മറ്റേതെങ്കിലും കൊമ്പനാന പ്രാപിച്ചാൽ പ്രതികാരം തീർക്കും; സഹികെട്ട് കൊമ്പനെ പുറത്താക്കി 22 ആനകളുടെ കൂട്ടം; ഒറ്റപ്പെട്ട കൊമ്പൻ നാട്ടിലിറങ്ങി ഒരുമാസം കൊണ്ട് കൊന്നത് 16 ഗ്രാമീണരെ; ഝാർഖണ്ഡിലെ ഒരു തലതെറിച്ച കൊമ്പന്റെ കഥ ലോക മാധ്യമങ്ങളിൽ
കൂട്ടം തെറ്റിയ ഒറ്റയാന്മാർ എന്നും സമൂഹത്തിന് ഭീഷണിയാണ്, അത് മനുഷ്യരായാലും മൃഗങ്ങളായാലും. സമൂഹത്തിന്റെ സ്വൈര്യജീവിതത്തിന് തടസ്സമായിരിക്കും ഇത്തരം ഒറ്റയാന്മാർ എന്നും. അവരെ പടിയടച്ച് പിണ്ഡംവയ്ക്കുക എന്നതുതന്നെയാണ് ഏറ്റവും നല്ലമാർഗ്ഗം. ഇതുതന്നെയാണ് ഝാർഖണ്ഡിലെ ആനക്കൂട്ടവും സ്വീകരിച്ച സാമൂഹ്യനീതി. ഇണയ്ക്കായി കൂട്ടത്തിലെ മറ്റ് കൊമ്പന്മാരോട് എന്നും മല്ലടിച്ചിരുന്ന കൊമ്പനാനയെ അവർ കൂട്ടത്തിൽ നിന്നും പുറത്താക്കി.
കൂട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ട ഈ കൊമ്പൻ ഇപ്പോൾ ഝാർഖണ്ഡ് സാന്താൾ പർഗാന ആദിവാസി മേഖലകളിൽ വൻ ഭീഷണിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 16 ഗ്രാമീണരാണ് ഈ ഒറ്റയാന്റെ ആക്രമത്തിൽ മരണമടഞ്ഞത്. സ്വഭാവ ദൂഷ്യമോ അല്ലെങ്കിൽ, ഇണചേരുന്നതുമായി ബന്ധപ്പെട്ട് മറ്റ് കൊമ്പന്മാരോട് ഇടഞ്ഞതോ ആകാം ഈ ഒറ്റയാനെ കൂട്ടത്തിൽ നിന്നും പുറത്താക്കാൻ ഇടയാക്കിയതെന്ന് റീജിയണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സതീഷ് ചന്ദ്ര റായ് പറയുന്നു. അതുകൊണ്ടുതന്നെ ഈ ഒറ്റയാൻ കോപാകുലനുമാണ്.
തങ്ങളുടേ ആദ്യ പരിഗണന ഈ വന്യജീവിയെ സംരക്ഷിക്കുക എന്നതായതിനാൽ ഏകദേശം ഇരുപതോളം വനംവകുപ്പ് ഉദ്യോഗസ്ഥർ ഈ ആനയുടെ പുറകെ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവർ ആനയുടെ സ്വഭാവവും പെരുമാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ പഴയ കൂട്ടത്തിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ആന ഇടക്കിടക്ക് വേഗത്തിൽ ഓടി തന്നെ പിന്തുടരുന്ന ഉദ്യോഗസ്ഥരിൽ നിന്നും ഒളിക്കാറുമുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് ഈ ഒറ്റയാന്റെ കൊലപാതക പരമ്പരകളിൽ അവസാനത്തേത് നടന്നത്. വെളുപ്പിനു മുൻപേ പുറത്തേക്കിറങ്ങി കാൽനടയാത്ര ചെയ്തിരുന്ന ദമ്പതികളെ തുമ്പിക്കൈയിൽ പൊക്കിയെടുത്ത് നിലത്തടിച്ച് കൊല്ലുകയായിരുന്നു. അബദ്ധത്തിലാണെങ്കിലും ആനയുടെ മുൻപിൽ ചാടുന്നവരേയും അതുപോലെ അതിനെ പ്രകോപ്പിക്കാൻ ശ്രമിക്കുന്നവരെയുമാണ് ആന വധിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വഴിയരികിലെ വീടുകൾ ആക്രമിക്കുകയോ അവിടങ്ങളിലെ മനുഷ്യരെ അപായപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കൂട്ടത്തിലേക്ക് തിരികെയെത്താൻ ശ്രമിക്കുന്ന ആനയെ മറ്റ് ആനകൾ സ്വീകരിക്കുമോ എന്നതാണ് ഇനി കാണേണ്ടത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഒരുപക്ഷെ അവർ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ, ഈ ആന ഇനിയും കൂടുതൽ വഷളാനാകും.
ഇന്ത്യയിലാകമാനം 30,000 കാട്ടനകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അടുത്തകാലത്തായി കാട്ടാനകൾ നാട്ടിലിറങ്ങുന്നതും മനുഷ്യർക്കെതിരെ അക്രമം അഴിച്ചുവിടുന്നതുമായ സംഭവങ്ങൾ വർദ്ധിച്ചുവരുന്നുണ്ട്. ആനയുടെ സ്വാഭാവിക ആവസകേന്ദ്രങ്ങളിൽ പലതും മനുഷ്യരുടെ വനം കൈയേറ്റം മൂലം ഇല്ലാതെയാവുകയോ, വിസ്തൃതി ചുരുങ്ങുകയോ ചെയ്യുന്ന ഘട്ടത്തിലാണ് കാട്ടാനകൾ നാട്ടിലിറങ്ങുക.
മറുനാടന് മലയാളി ബ്യൂറോ