പാലക്കാട്: 16കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ 45കാരൻ അറസ്റ്റിൽ. ചാലിശ്ശേരിയിൽ കൗമാരക്കാരി മരിച്ച സംഭവത്തിൽ എറണാകുളം കളമശ്ശേരി കൈപ്പടിയിൽ ദിലീപ് കുമാറിനെയാണ് ചാലിശ്ശേരി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. സമൂഹമാധ്യമത്തിലെ വ്യാജ അക്കൗണ്ടിലൂടെ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

45കാരനായ ദിലീപ് കുമാർ 22കാരനായയ കോളജ് വിദ്യാർത്ഥിയെന്ന് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിയെ വലയിലാക്കിയത്. പ്രൊഫൈലിൽ സ്വന്തം ചിത്രത്തിന് പകരം ബന്ധുവായ യുവാവിന്റെ മുഖം ഉൾപ്പെടുത്തി. പെൺകുട്ടിക്ക് കൈമാറിയിരുന്നതും ഇതേ യുവാവിന്റെ ചിത്രങ്ങളായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചായിരുന്നു ഇടപെടൽ.

മാതാപിതാക്കൾ ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പറഞ്ഞിരുന്നത്. അമ്മയാണെന്ന് വിശ്വസിപ്പിക്കാനായി കൂട്ടുകാരിയെക്കൊണ്ട് പെൺകുട്ടിയുമായി ഫോണിൽ സംസാരിപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ വിശ്വാസം എല്ലാ രീതിയിലും നേടിയ എടുത്ത ശേഷം ചിത്രങ്ങൾ കൈക്കലാക്കുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഭയന്നു പോയ പെൺകുട്ടിയെ ആത്മഹത്യയിലെത്തിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചപെൺകുട്ടി വീടിനുള്ളിലെ ിടപ്പുമുറിയിൽ തൂങ്ങിമരിക്കുക ആയിരുന്നു. പെൺകുട്ടിയുടെ ഫോൺ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാർ അറസ്റ്റിലായത്. സമൂഹമാധ്യമത്തിൽ മുഖം പ്രദർശിപ്പിക്കാതെ വർഷങ്ങളായി മറ്റൊരു യുവതിയുമായി ഇതേ രീതിയിൽ ദിലീപ് കുമാർ സൗഹൃദം സ്ഥാപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.