കൊല്ലം: പണം വലിച്ചെറിഞ്ഞതു ചോദ്യം ചെയ്തതിന് ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരനെ യുവാവ് ക്രൂരമായി മർദിച്ചു. കസ്റ്റമറെ ബഹുമാനിക്കാൻ അറിയില്ലേ എന്നു ചോദിച്ചായിരുന്നു മർദനം. കൊല്ലം പള്ളിമുക്കിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരൻ കൊട്ടിയം പറക്കുളം വയലിൽ പുത്തൻവീട്ടിൽ എസ്.സിദ്ദീഖിന് (34) ആണ് മർദ്ദനമേറ്റത്. കഴിഞ്ഞ രണ്ടിന് രാത്രി 7.30നാണ് സംഭവം.

സിദ്ദീഖിന്റെ മുഖത്ത് ഏഴു തവണയടിച്ചു. നിലത്ത് വീണിട്ടും യുവാവ് വളരെ ക്രൂരമായാണ് ഇയാളെ ഉപദ്രവിച്ചത്. സംഭവം വിവാദമായതിനെത്തുടർന്നു പ്രതി വയലിൽ വാളത്തുംഗൽ സരയൂ നഗർ മനക്കര വീട്ടിൽ അലനെ ഇന്നലെ വൈകിട്ട് പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സിദ്ദീഖ് പറയുന്നത്: 'സ്‌കൂട്ടറിൽ എത്തിയ യുവാവ് പെട്രോൾ ടാങ്കിന്റെ അടപ്പ് തുറന്നുവച്ചിരുന്നു. ഇടതു കൈക്ക് സ്വാധീനക്കുറവുള്ളതു കൊണ്ട് പെട്രോൾ അടിക്കാൻ വേണ്ടി അത് ഫ്യുവൽ നോസിൽ വച്ചു ചെറുതായി നീക്കി. അത് വന്നയാൾക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ പണം അടുത്ത കസേരയിലേക്ക് എറിഞ്ഞു. പണം ഇങ്ങനെ എറിയാമോ, എല്ലാവർക്കും പണത്തിനു വലിയ ബുദ്ധിമുട്ടുള്ള കാലമല്ലേ എന്നു ഞാൻ ചോദിച്ചു. അതിൽ പ്രകോപിതനായ യുവാവ് നിനക്ക് കസ്റ്റമറെ ബഹുമാക്കാൻ അറിയില്ലേ എന്ന് ആക്രോശിച്ചു. തുടർന്ന് മാനേജരുടെ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ ഫോൺ നമ്പർ വാങ്ങി. അവനെ ഞാൻ തല്ലാൻ പോകുകയാണ് എന്നു മാനേജരോട് പറഞ്ഞിട്ടാണ് എന്നെ വന്നു തല്ലിയത്. 7 തവണ മുഖത്തടിയേറ്റു നിലത്തു വീണുപോയി.

കുറച്ചു കഴിഞ്ഞ് യുവാവ് മാനേജരെ വിളിച്ചു ഞാൻ വിവരങ്ങളെല്ലാം പൊലീസ് സ്റ്റേഷനിൽ പറഞ്ഞിച്ചിട്ടുണ്ട്, നിങ്ങൾ പോയി പരാതി കൊടുത്തോ എന്നു പരിഹസിച്ചുകൊണ്ട് പറഞ്ഞു. അര മണിക്കൂറിനകം ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ ഈ വിവരമെല്ലാം അവിടെ അറിഞ്ഞിരുന്നു. കുറച്ചു നേരം കഴിഞ്ഞ് പൊലീസുകാർ പമ്പിൽ വന്ന് നോക്കിയിട്ടു പോയതല്ലാതെ മറ്റ് അന്വേഷണമൊന്നും നടത്തിയില്ല. എന്നാൽ മർദിച്ച യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരവിപുരം പൊലീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്.

ഇടതുകാലിനും കൈക്കും സ്വാധീനമില്ല സിദ്ദീഖിന്. ഇടതുകാൽ കുത്തി ഏറെ നേരം നിൽക്കാൻ കഴിയില്ലെങ്കിലും പമ്പിലെ ജോലി മുടക്കാറില്ല. അപസ്മാര രോഗവുമുണ്ട്. ദിവസവും മരുന്നു കഴിക്കണം. ചെവിക്കു നേരത്തേ അസുഖമുണ്ടായിരുന്നു. ഏറെക്കാലത്തെ ചികിത്സകൊണ്ടാണ് അതു മാറിയത്. ആ ചെവിയിലേക്കാണ് യുവാവ് ആഞ്ഞടിച്ചത്. അതിൽപ്പിന്നെ ചെവിവേദനയും തലവേദനയും മാറിയിട്ടില്ല. ജ്യേഷ്ഠന് ഒപ്പമാണ് താമസം. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.