- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റി കുമാരമംഗലത്തിന്റെ വീട്ടിൽ മോഷണം ആസൂത്രണം ചെയ്തത് വീട്ടിലെ അലക്കുകാരനായ രാജു; കൊലപാതകവും മോഷണവും നടത്തിയത് വീട്ടുജോലിക്കാരിയെ മുറിയിൽ കെട്ടിയിട്ട ശേഷം: കിറ്റിയ കൊലപ്പെടുത്തിയത് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്
ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി പി.ആർ. കുമാരമംഗലത്തിന്റെ ഭാര്യയും സുപ്രീം കോടതി അഭിഭാഷകയുമായ കിറ്റി കുമാരമംഗല (67) ത്തെ മോഷണശ്രമത്തിനിടെ കൊല്ലപ്പെടുത്തിയത് ഇവരുടെ വീട്ടിലെ അലക്കുകാരനായിരുന്ന രാജുവും കൂട്ടാളികളും. വസന്ത് വിഹാറിലെ വസതിയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ സംഭവത്തിൽ ഇവരുടെ അലക്കുകാരൻ രാജു ലഖാൻ (24), കൂട്ടാളി രാകേഷ് രാജ് (34) എന്നിവർ അറസ്റ്റിലായി. മോഷണസംഘത്തിലെ സൂരജ് എന്നയാൾ ഒളിവിലാണെന്നും ഇയാൾക്കു വേണ്ടി തിരച്ചിൽ ശക്തമാക്കി.
വീട്ടുജോലിക്കാരിയെ മുറിയിൽ കെട്ടിയിട്ട ശേഷമാണ് രാജുവും കൂട്ടാളികളും കിറ്റിയെ കൊലപ്പെടുത്തി മോഷം നടത്തിയത്. കിറ്റിയെ തലയണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചാണു കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കിറ്റി കുമാരമംഗലത്തിന്റെ വീട്ടിലെത്തിയ രാജുവും സംഘവും വാതിൽ തുറന്ന വീട്ടുജോലിക്കാരി മിഥിലയെ പിടികൂടി മുറിയിൽ കെട്ടിയിട്ടു. തുടർന്ന് കിറ്റിയുടെ മുറിയിലെത്തിയ ഇവർ കൊലപാതകവും കവർച്ചയും നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം സ്വയം കെട്ടഴിച്ച മിഥില തന്റെ ഭർത്താവിനെയും സഹോദരീ ഭർത്താവിനെയും വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ വിവരമറിയിച്ചത്. കഴുത്തിലും മുഖത്തും പരുക്കേറ്റ മിഥിലയെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ നേരത്തെ തന്നെ മോഷണത്തിന് പദ്ധതി ഇട്ടിരുന്നു. ഇതിൻ പ്രകാരമാണ് കൂട്ടാളികളുമായി കിറ്റിയുടെ വീട്ടിൽ എത്തിയത്.
5 വർഷത്തിലേറെയായി കിറ്റിയുടെ വീട്ടിലെ അലക്കുകാരനായ രാജുവാണു മോഷണം ആസൂത്രണം ചെയ്തതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളും രാജുവിന് പരിചിതമായിരുന്നു. രാകേഷ് വിദേശകാര്യ മന്ത്രാലയത്തിൽ കരാർ ഡ്രൈവറാണ്. 23 ബാഗുകൾ വീട്ടിൽ നിന്നു കടത്തിയെന്നാണു വിവരം. രാജേഷിൽ നിന്ന് വസ്ത്രങ്ങൾ അടങ്ങിയ ബാഗും 60,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
അസുഖബാധിതനായി 2000 ൽ കുമാരമംഗലം മരിച്ച ശേഷമാണു കിറ്റി വസന്ത് വിഹാറിലെ വീട്ടിലേക്കു താമസം മാറ്റിയത്. കോൺഗ്രസ് നേതാവായിരുന്ന കുമാരമംഗലം പി.വി. നരസിംഹറാവു മന്ത്രിസഭയിൽ (1991 93) പാർലമെന്ററികാര്യ മന്ത്രിയായി. പിന്നീടു ബിജെപിയിൽ ചേർന്ന അദ്ദേഹം വാജ്പേയി സർക്കാരിൽ (19982000) ഊർജമന്ത്രി സ്ഥാനം വഹിച്ചു. തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റി വർക്കിങ് പ്രസിഡന്റും ബിസിനസുകാരനുമായ രംഗരാജൻ മോഹൻ കുമാരമംഗലം, രുചിര കുമാരമംഗലം എന്നിവരാണു മക്കൾ.
മറുനാടന് മലയാളി ബ്യൂറോ