- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാനക്കമ്പനികൾ; സർവീസ് എന്ന് തുടങ്ങുമെന്ന് ധാരണയായില്ലെങ്കിലും ബുക്കിങുമായി എത്തിഹാദും എമിറേറ്റ്‌സ് എയർലൈനും ഫ്‌ളൈ ദുബായും അടക്കമുള്ള വിമാനക്കമ്പനികൾ
ദുബായ്: യുഎഇ ഇന്ത്യയിലേക്കുള്ള വാതിലുകൾ എന്ന് തുറക്കുമെന്ന് കാത്തിരിക്കുകയാണ് പ്രവാസികളായ ആയിരക്കണക്കിന് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവീസുകൾ ഇനിയും പുനഃരാരംഭിച്ചിട്ടില്ല. ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് സാധാരാണ രീതിയിൽ വിമാന സർവീസ് എന്ന് തുടങ്ങുമെന്ന കൃത്യമായ വിവരമില്ലെങ്കിലും ചില വിമാന കമ്പനികൾ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചിയിൽ നിന്നും അടക്കം എല്ലാ ഇന്ത്യൻ നഗരങ്ങളിൽ നിന്നും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ വിമാനങ്ങളടക്കം തങ്ങളുടെ വെബ് സൈറ്റ് വഴി അടുത്തയാഴ്ച മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് 900 മുതൽ 2,799 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് ഒരാൾക്ക് 721 മുതൽ 1,855 ദിർഹം വരെയും ഡൽഹിയിൽ നിന്ന് 597 ദിർഹവും. ഇന്ത്യൻ വിമാന കമ്പനിയായ വിസ്താര മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് 895 ദിർഹമാണ് നിരക്ക് ആവശ്യപ്പെടുന്നത്. എന്നാൽ, ഈ മാസം 15നും 16നും വളരെ കുറച്ച് സീറ്റ് മാത്രമേ ബാക്കിയുള്ളൂ. ഇൻഡിഗോ കണക്ഷൻ വിമാനത്തിന് 850 ദിർഹവും 16നുള്ള നേരിട്ടുള്ള വിമാനത്തിന് 1,100 ദിർഹവും ആവശ്യപ്പെടുന്നു.
ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസ്, ബജറ്റ് വിാമാനമായ ഫ്‌ളൈ ദുബായ് എന്നിവ 16 മുതലുള്ള ടിക്കറ്റുകൾ നൽകിത്തുടങ്ങി. എത്തിഹാദ് എയർവേയ്‌സ് 22 മുതൽ ഇന്ത്യയിൽ നിന്ന് സർവീസ് പുനരാരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ ഇതുവരെ സർവീസ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് യാതൊരു വിവരവും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ബലി പെരുന്നാൾ കഴിഞ്ഞാൽ വിമാന സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ചില ട്രാവൽ ഏജൻസി അധികൃതർ പറഞ്ഞു. ഏപ്രിൽ 24നായിരുന്നു ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചത്. ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ പലതവണ മാറ്റിവച്ച സർവീസ് പുനരാരംഭിക്കുന്നതിൽ അനിശ്ചിതാവസ്ഥ തുടരുകയാണ്. എന്നാൽ വിമാന സർവീസ് ഉടൻ തുടങ്ങുമെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഗോൾഡൻ വീസയുള്ളവരും നയതന്ത്ര ഉദ്യോഗസ്ഥരുമെല്ലാം ഇന്ത്യയിൽ നിന്ന് യുഎഇയിലെത്തിയിരുന്ന. എങ്കിൽ ഇപ്പോൾ അധികൃതരുടെ പ്രത്യേക അനുമതിയോടെ കൂടുതൽ പേർ യുഎഇയിലേക്ക് എത്തുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ ലുലു ജീവനക്കാരും ദുബായിൽ ആസ്റ്റർ മെഡിക്കൽ ഗ്രൂപ്പിന്റെ ഡോക്ടർമാരും നഴ്‌സുമാരുമടക്കമുള്ള ആരോഗ്യപ്രവർത്തകരും എത്തി. ഇവരെല്ലാം അവധിക്ക് നാട്ടിൽ ചെന്ന് വിമാന സർവീസ് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് മാസങ്ങളായി കുടുങ്ങിയവരാണ്. കൂടുതൽ പേർ വരാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.
അതേസമയം, തങ്ങൾക്ക് യുഎഇയിലെത്താനുള്ള കാത്തിരിപ്പ് തുടരേണ്ടി വരുമെന്ന ആശങ്കയിലാണ് അവധിക്ക് ഇന്ത്യയിൽ ചെന്ന് ബാക്കിയായ ലക്ഷക്കണക്കിന് സാധാരണക്കാരായ പ്രവാസികൾ. പലർക്കും തിരിച്ചെത്തിയാൽ ജോലി ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എങ്കിലും, രണ്ട് വാക്‌സീൻ ഡോസുമെടുത്തുവർക്ക് യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ വഴിയൊരുക്കണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ അധികൃതർ യുഎഇ അധികൃതരോട് അഭ്യർത്ഥിച്ചതിന് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.