- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാഗും മൊബൈൽ ഫോണുമായി കള്ളന്മാർ കടന്നു കളഞ്ഞു; നാട്ടുകാരുടെ കൂട്ടതിരച്ചിലിനൊടുവിൽ പ്രതികളെ പിടികൂടി പൊലീസ്
വെണ്ണിക്കുളം: ബൈക്കിലെത്തി ബാഗും മൊബൈൽ ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാക്കൾ നാട്ടുകാരുടെ കൂട്ടതിരച്ചിലിനൊടുവിൽ പൊലീസ് പിടിയിലായി. ചങ്ങനാശേരി തൃക്കൊടിത്താനം അമര ഒരപ്പാൻകുഴിയിൽ അനന്തു ഷാജി (23), സഹായി പായിപ്പാട് നാലുകോടി, കറുകത്തറയിൽ, കെ.ആർ.രാഹുൽ (23) എന്നിവരെയാണ് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആറിനാണ് നാട്ടുകാർ കൂട്ടത്തിരച്ചിൽ നടത്തിയ മോഷണം നടന്നത്. വെണ്ണിക്കുളം കവലയ്ക്ക് സമീപം മൊബൈൽ ഫോൺ കട നടത്തുന്ന ടോജു കെ.ജെറോമിന്റെ ഭാര്യ സുജയുടെ ബാഗും ഫോണും ആണ് കഴിഞ്ഞ 6ന് പ്രതികൾ പിടിച്ചു പറിച്ചത്. മാല പൊട്ടിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ കിട്ടിയ ബാഗുമായി കടന്നു കളയുകയായിരുന്നെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.
മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതികളുടെ സിസി ടിവി ദൃശ്യം ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗൂഗിൾ ലൊക്കേഷൻ ഉപയോഗിച്ച് പ്രതികളുടെ സഞ്ചാരപാത ഉൾപ്പെടെ നാട്ടുകാർ തിരഞ്ഞു. ഗൂഗിൾ ലൊക്കേഷനിൽ കുടുങ്ങും എന്ന് തോന്നിയ പ്രതികൾ മൊബൈൽ ഫോൺ പിന്നീട് ഓഫ് ചെയ്തതോടെ ലൊക്കേഷൻ കണ്ടെത്തുക ശ്രമകരമായി. അപ്പോഴാണ് പ്രതികളുടെ സഞ്ചാര പാതയിൽനിന്ന് കൂടുതൽ വ്യക്തതയുള്ള മറ്റൊരു സിസി ടിവി ദൃശ്യം ലഭിച്ചത്.
ഈ ദൃശ്യത്തിന്റെ സഹായത്തോടെ എല്ലാ ജില്ലകളിലെയും ക്രൈം സ്‌ക്വാഡിൽ വിവരം അറിയിച്ചു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് കേസുകളിൽ ഉൾപ്പെട്ട അനന്തുവിന്റെ ശരീരഘടനയും ബൈക്കും സംബന്ധിച്ച് ക്രൈം സ്‌ക്വാഡ് സംശയം രേഖപ്പെടുത്തി. തുടർന്ന് കോയിപ്രം എസ്എച്ച്ഒ വി.ജോഷി എസ്‌ഐ മാരായ എ.അനൂപ്, എം.സി.അഭിലാഷ്, സിവിൽ പൊലീസ് ഓഫിസർ കെ.എസ്.ജേക്കബ് എന്നിവർ കൂടുതൽ വിവരങ്ങൾ കൈമാറി. അനന്തുവിനെ ചോദ്യം ചെയ്തപ്പോൾ ഒപ്പം ഉണ്ടായിരുന്ന രാഹുലിനെക്കുറിച്ച് വിവരം ലഭിച്ചു.
മൊബൈൽ ഫോൺ കെണി ആകും എന്ന് മനസ്സിലായതോടെ പ്രതികൾ കൂട്ടുകാരനായ ടെക്കിയുടെ ഉപദേശം തേടി. അങ്ങനെയാണ് ആദ്യം ഒരു മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്ത് ട്രാക്കിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.