മുംബൈ: പ്രണയം മരണത്തിലേക്ക് നീങ്ങവേ മലയാളി യുവാവിന്റെ ജീവൻ രക്ഷിക്കാനായി കൈ കോർത്ത് പൊലീസും ഒരു സംഘം സുമനസ്സുകളും. ആത്മഹത്യ ചെയ്യാൻ പോകുന്നതായി ട്വീറ്റ് ചെയ്ത കണ്ണൂർ സ്വദേശിയായ യുവാവിന്റെ ജീവൻ രക്ഷിക്കാനാണ് പൊലീസിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ കൈ കോർത്തത്. കാമുകി ബന്ധം പിരിഞ്ഞതിന്റെ സങ്കടത്തിലാണ് യുവാവ് മുംബൈയിലെ ഹോട്ടൽ മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

യുവാവ് മരിക്കാൻ പോകുന്നതായി സൂചന ലഭിച്ചു പാഞ്ഞെത്തിയ സൈബർ പൊലീസ് സീനിയർ ഇൻസ്‌പെക്ടർ സഞ്ജയ് ഗോവിൽക്കറും ഹോട്ടലുടമയും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു മുറി തുറന്നാണു മരണവഴിയിൽ നിന്നു യുവാവിനെ രക്ഷിച്ചത്. പ്രഫഷനൽ കോൺഗ്രസ് മഹാരാഷ്ട്ര പ്രസിഡന്റ് ചങ്ങനാശേരി സ്വദേശിയായ മാത്യു ആന്റണി, ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിലെ മാധ്യമപ്രവർത്തകൻ ഗൗതം മേംഗ്ലെ, ഹാസ്യകലാകാരിയായ കാജൽ ശ്രീനിവാസൻ, കോൺഗ്രസ് ഭാരവാഹിയായ ലാവണ്യ ബല്ലാൽ എന്നിവരും രക്ഷാദൗത്യത്തിന്റെ ഭാഗമായി.

കാമുകി ബന്ധം ഉപേക്ഷിച്ച് പോയതിൽ മനംനൊന്താണ് ആത്മഹത്യ എന്ന തീരുമാനത്തിലെത്തിയത്. രാത്രി ദാദറിലെ അരോമ ഹോട്ടലിൽ മുറിയെടുത്ത യുവാവ് താൻ ജീവനൊടുക്കാൻ പോവുകയാണെന്നു ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് ട്വീറ്റ് ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവർത്തകൻ ഗൗതം മേംഗ്ലെ സൈബർ പൊലീസ് സീനിയർ ഇൻസ്‌പെക്ടർ സഞ്ജയ് ഗോവിൽക്കറെ വിവരം അറിയിച്ചു.

തുടർന്ന് ഗൗതമും, ആത്മഹത്യാഭീഷണി ട്വിറ്ററിൽ കണ്ട കാജൽ ശ്രീനിവാസനും കോൺഗ്രസ് ഭാരവാഹിയായ ലാവണ്യ ബല്ലാലും രാത്രി മുഴുവൻ യുവാവിന്റെ മനസ്സു മാറ്റാനും പൊലീസ് എത്തുന്നതുവരെ സമയം നീട്ടാനും അയാളുമായി സമൂഹമാധ്യമങ്ങളിൽ ചാറ്റ് ചെയ്തുകൊണ്ടിരുന്നു. പുലർച്ചെ പൊലീസ് സീനിയർ ഇൻസ്‌പെക്ടർ സഞ്ജയ് ഗോവിൽക്കർ ഹോട്ടലിലെത്തി. യുവാവ് മലയാളിയാണെന്ന വിവരമറിഞ്ഞയുടൻ മാത്യു ആന്റണിയും ഹോട്ടലിലെത്തി. യുവാവിനെ ബന്ധുക്കൾക്കു കൈമാറാനുള്ള ശ്രമത്തിലാണു പൊലീസ്.

മലയാളി യുവാവ് ദുബായിൽ ജോലി ചെയ്യവെയാണ് സമൂഹ മാധ്യമത്തിലൂടെ മുംബൈ സ്വദേശിയായ യുവതിയുമായി പ്രണയത്തിലാകുന്നത്. പുണെയിലേക്കു ജോലി മാറിയ യുവാവ് അടുത്തിടെ മുംബൈയിൽ കാമുകിയെ കാണാനെത്തിയപ്പോൾ ബന്ധം പിരിയുകയാണെന്ന് അവൾ പറഞ്ഞതാണ് ആഘാതമായത്. 2008 നവംബർ 26 മുംബൈ ആക്രമണത്തിനിടെ അജ്മൽ കസബിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് ഗോവിൽകർ.