ആദ്യരാത്രിയിൽ ഭർത്താവിനെ കബളിപ്പിച്ച് നവവധു ഒളിച്ചോടി. ഒറ്റയ്ക്കിരുന്ന് കാറ്റുകൊള്ളണമെന്ന് പറഞ്ഞ യുവതി ടെറസിൽ നിന്നും ചാടി രക്ഷപ്പെടുക ആയിരുന്നു. മധ്യപ്രദേശിലെ ഘോർമിയിലാണ് സംഭവം. പിന്നാലെ വധുവും കൂട്ടാളികളും ചേർന്ന് തന്നെ പറ്റിച്ചതായി വരൻ പൊലീസിൽ പരാതി നൽകി. സോനു ജെയിൻ എന്ന യുവാവാണ് വിവാഹത്തട്ടിപ്പിന് ഇരയായത്.

വിവാഹതട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വധുവും സംഘവും വിവാഹത്തിന് മുമ്പ് സോനുവിൽ നിന്നും 90000 രൂപയും വാങ്ങിയിരുന്നു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. വർഷങ്ങളോളം വിവാഹം നോക്കിയെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോർ സ്വദേശിയായ ഉദൽ ഘടികിനെ സോനു ജെയിൻ പരിചയപ്പെട്ടത്.

അനുയോജ്യയായ വധുവിനെ കണ്ടെത്തി സോനു ജെയിനിന്റെ വിവാഹം നടത്തുമെന്നു ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നൽകണമെന്നും പറഞ്ഞു. ഉദൽ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ വരൻ സോനു ജെയിൻ നൽകി. തുടർന്ന് അനിത രത്‌നാകർ എന്നു പേരായ യുവതിയുമായി സോനു ജെയിനിന്റെ വിവാഹം നടന്നു.

വിവാഹ ദിനം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അൽപനേരം ടെറസിൽ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് ആവശ്യപ്പെട്ട അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ ഇവരെ കണ്ടെത്തി. എന്നാൽ വിവാഹത്തിൽ ത്തിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതോടെ സോനു ജെയിൻ പൊലീസിൽ പരാതി നൽകി. നവവധു ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.