- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പാ തിരിച്ചടവും കടക്കണിയും കൂടുമ്പോൾ ആത്മഹത്യയിൽ അഭയം; ഓട്ടോക്കാരൻ ഹരീഷ് ബാബുവിന് ജോലി ഇല്ലാത്തതിന്റെ വേദന; അടവ് മുടങ്ങിയത് മനോജിനും വിഷമമായി; സേനാപതിക്കാരൻ വ്യാപാരിയുടെ ആത്മഹത്യയ്ക്ക് പിന്നിലും സാമ്പത്തികം; കണ്ടില്ലെന്ന് നടിച്ച് സർക്കാരും
കോഴിക്കോട്: കോവിഡിൽ ആത്മഹത്യകളും കേരളത്തിൽ തുടർക്കഥയാകുന്നു. രണ്ടു മാസത്തിനുള്ളിൽ ഇരുപതിൽ അധികം പേരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ടു ഓട്ടോ ഡ്രൈവർമാർ ജീവനൊടുക്കിയത് കോഴിക്കോടാണ്. സാമ്പത്തിക പ്രയാസമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ വ്യാപാരിയും ആത്മഹത്യ ചെയ്തു.
ഈ ആത്മഹത്യകളെ കണ്ടില്ലെന്ന് നടിക്കുകയാണ് സർക്കാർ. പാവപ്പെട്ടവർക്ക് സഹായമാകാൻ ഒന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. മൊറൊട്ടോറിയം പോലും പ്രഖ്യാപിക്കുന്നില്ല. ഇതോടെ കടം വാങ്ങിയവരിൽ നിന്ന് പണം തിരിച്ചു പിടിക്കാൻ ബാങ്കുകളും സജീവമാണ്. ഇതാണ് ആത്മഹത്യാ വഴിയിലേക്ക് മലയാളിയെ തള്ളി വിടുന്നത്. അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ ഇനിയും രക്തസാക്ഷികൾ കോവിഡു കാലത്തുണ്ടാകും.
വടകര നടക്കുതാഴ പാറേമ്മൽ ഹരീഷ്ബാബു (58), അത്തോളി കോതങ്കൽ പിലാച്ചേരി മനോജ് (52) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാക്കൂൽ പീടികയിലെ ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ മുകളിലെ വരാന്തയിലാണ് ഹരീഷ് ബാബുവിന്റെ മൃതദേഹം കണ്ടത്. രണ്ടു വർഷമായി ഈ ക്വാർട്ടേഴ്‌സിൽ തനിച്ചായിരുന്നു താമസം. മറ്റുള്ളവരുടെ ഓട്ടോയിൽ ഡ്രൈവറായി പോയിരുന്ന ഹരീഷ് ബാബുവിന് ദിവസങ്ങളായി ജോലി ഉണ്ടായിരുന്നില്ല.
ഒരു മാസം മുൻപ് ഡെങ്കി പനി ബാധിച്ച് ചികിത്സയിലായിരുന്നു മനോജ്. നിലവിൽ കോവിഡ് പോസിറ്റീവായിരുന്നു. വായ്പയെടുത്തു വാങ്ങിയ ഓട്ടോയുടെ അടവ് മുടങ്ങിയതോടെ പ്രതിസന്ധി കൂടി. ഇതാണ് ആത്മഹത്യയിലേക്ക് തള്ളി വിട്ടത്. ഭാര്യ: ഷിബിത. മക്കൾ: കൃഷ്ണപ്രിയ, ഹരിഗോവിന്ദ്. മരുമകൻ: വിജേഷ്.
ഇടുക്കിയിൽ കടബാധ്യതയെ തുടർന്ന് വ്യാപാരി കടയ്ക്കുള്ളിൽ വച്ച് വിഷം കഴിച്ചു മരിക്കുകയായിരുന്നു. സേനാപതി കുഴിയാമ്പാട്ട് ദാമോദരനാണ് (60) മരിച്ചത്. ബുധൻ ഉച്ചയ്ക്കു ശേഷമാണ് ശാന്തൻപാറ പള്ളിക്കുന്നിലെ കടയ്ക്കുള്ളിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ദാമോദരനെ നാട്ടുകാർ കണ്ടെത്തിയത്. ഉടൻതന്നെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു.
ബുധൻ രാവിലെ 11നു ശേഷമാണ് ദാമോദരൻ കടയ്ക്കുള്ളിൽ കയറി ഷട്ടർ താഴ്‌ത്തിയ ശേഷം വിഷം കഴിച്ചത്. ഉച്ചകഴിഞ്ഞ് 3നു കടയ്ക്കുള്ളിൽ നിന്നു തുടർച്ചയായി മൊബൈൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പിൻവശത്തെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് അവശനിലയിൽ ദാമോദരനെ കണ്ടത്. ഇവിടെ നിന്നു വിഷക്കുപ്പിയും കണ്ടെത്തി.
ലോട്ടറി കച്ചവടം നടത്തിയിരുന്ന ദാമോദരൻ കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇത് അവസാനിപ്പിച്ചു. ഒരു വർഷം മുൻപാണ് പള്ളിക്കുന്നിൽ പലചരക്കു കടയും ഇറച്ചിക്കോഴി വ്യാപാരവും തുടങ്ങിയത്. കച്ചവട ആവശ്യത്തിനും മറ്റുമായി ദാമോദരൻ പലരിൽ നിന്നായി 5 ലക്ഷത്തിലധികം രൂപ വായ്പ എടുത്തിരുന്നു. ഇത് പ്രതിസന്ധിയായി മാറി.
ദാമോദരൻ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് അടുപ്പമുള്ളവർ പറഞ്ഞു. ഭാര്യ വാഗമൺ പഴമ്പിള്ളിൽ ആനന്ദവല്ലി. മക്കൾ: ആദർശ്, അഖില. മരുമകൻ: മഹേഷ്.
മറുനാടന് മലയാളി ബ്യൂറോ