- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശിവൻകുട്ടിയേയും തോൽപ്പിച്ച് വാരിക്കോരി മാർക്ക് കൊടുത്ത് ബ്രിട്ടീഷ് സർക്കാർ; എ ലെവൽ പരീക്ഷയിൽ 45 ശതമാനം പേർക്കും എ അല്ലെങ്കിൽ എ സ്റ്റാർ; സ്വകാര്യ സ്‌കൂളുകളിൽ റെക്കോർഡ് വിജയം; യുകെയിലെ യൂണിവേഴ്സിറ്റികൾ പ്രതിസന്ധിയിലേക്ക്
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ അധികൃതർക്ക് വിദ്യാർത്ഥികളോട് തോന്നുന്ന പ്രത്യേക മമത ഒരു ആഗോള പ്രതിഭാസമാണെന്ന് തെളിയിക്കുകയാണ് ബ്രിട്ടൻ. കേരളത്തിലെ എസ് എസ് എൽ സി പരീക്ഷയുടെ ഫലവും സി ബി എസ് സി പരീക്ഷാ ഫലവുമെല്ലാം പരീക്ഷ ജയിച്ച വിദ്യാർത്ഥികളുടെ ആധിക്യം കൊണ്ട് ട്രോളുകൾക്ക് വിധേയമായിട്ട് അധികം കാലമായിട്ടില്ല. ഇപ്പോഴിതാ ബ്രിട്ടനും അതേവഴി തെരഞ്ഞെടുക്കുകയാണ്. എ ലെവൽ പരീക്ഷകളിൽ പകുതിയോളം വിദ്യാർത്ഥികൾക്കാണ് എ അല്ലെങ്കിൽ എ സ്റ്റാർ ലഭിച്ചിരിക്കുന്നത്.
തുടർച്ചയായി രണ്ടാം വർഷവും പരീക്ഷകൾ റദ്ദ് ചെയ്ത് അദ്ധ്യാപകരുടെവിശകലനത്തിലൂടെയായിരുന്നു മാർക്കുകൽ നിശ്ചയിച്ചത്. ഒരു വിഷയത്തിൽ 44.8 ശതമാനത്തോളം വിദ്യാർത്ഥികൾക്കാണ് എ അല്ലെങ്കിൽ എ സ്റ്റാർ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 6.3 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. മാത്രമല്ല, ഈ വർഷം മൊത്തം ഫലങ്ങളുടെ അഞ്ചിലൊന്ന് എ സ്റ്റാർ ആണ്. ഇത് മറ്റൊരു റെക്കോർഡാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിദ്യാർത്ഥികൾ അവസാനമായി പരീക്ഷ എഴുതിയ 2019 നെ അപേക്ഷിച്ച്, രണ്ടുവർഷങ്ങൾക്കിപ്പുറം പരീക്ഷകൾ ഇല്ലാതെയായപ്പോൾ ഉയർന്ന ഗ്രേഡുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് നൂറു ശതമാനം വർദ്ധനവാണ്. 2019-ൽ 25.2 ശതമാനം വിദ്യാർത്ഥികൾക്കായിരുന്നു എ അല്ലെങ്കിൽ എ സ്റ്റാർ ലഭിച്ചത്.. മറ്റൊരു കൗതുകകരമായ കാര്യം സ്വകാര്യമേഖലയിലെ സ്‌കൂളുകളിലേയും പൊതുമേഖലയിലെ സ്‌കൂളുകളിലേയും വിജയ ശതമാനത്തിൽ ഉണ്ടായിട്ടുള്ള വൻ അന്തരമാണ്.
ഫീസ് നൽകി സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്നവരിൽ 70.1 ശതമാനം പേർക്ക് എ അല്ലെങ്കിൽ എ സ്റ്റാർ ലഭിച്ചപ്പോൾ സാധാരണ വിദ്യാർത്ഥികളിൽ ഇത് 35 ശതമാനം മാത്രമാണ്. സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വങ്ങളെ കോവിഡ് പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കി, ഈ പരീക്ഷാ ഫലത്തിൽ അത് പ്രതിഫലിക്കുന്നു എന്നാണ് എഡ്യുക്കേഷൻ എൻഡോവ്മെന്റ് ഫൗണ്ടേഷൻ ഫോർ സോഷ്യൽ മൊബിലിറ്റി ചെയർമാൻ സർ പീറ്റർ ലാംബ് പറഞ്ഞത്. അതേസമയം ഉന്നത ഗ്രേഡുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവിനെ എഡ്യുക്കേഷൻ സെക്രട്ടറി ഗവിൻ വില്യംസൺ ന്യായികരിക്കുകയാണ്. മാത്രമല്ല, അടുത്ത വർഷം കൂടി ഇത്തരത്തിൽ മൂല്യ നിർണ്ണയം നടത്തുവാൻ അദ്ധ്യാപകർക്ക് അവസരം നൽകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
എന്നാൽ, സ്വകാര്യ സർക്കാർ സ്‌കൂളുകൾക്കിടയിൽ ഉയർന്ന ഗ്രേഡുകളുടെ എണ്ണത്തിൽ ഉണ്ടായ വ്യത്യാസം വലിയ വിവാദം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തമായ മാർഗ്ഗരേഖകളില്ലാതെ വിദ്യാർത്ഥിയുടെ ഗ്രേഡ് നിശ്ചയിക്കാൻ അദ്ധ്യാപകർക്ക് അധികാരം നൽകിയതിനെതിരെയാണ് കടുത്ത വിമർശനം ഉയരുന്നത്. കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസ രംഗത്ത് കടുത്ത അസമത്വത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സിക്സ്ത് ഫോം കോളേജുകളിലേയും ഗ്രാമർ സ്‌കൂളുകളിലേയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗത്തിൽ പെട്ട കുട്ടികൾ സ്വകാര്യ വിദ്യാലയങ്ങളിലെ സമ്പന്ന വിദ്യാർത്ഥികളേക്കാൾ ഏറെ പഠനകാര്യത്തിൽ പിന്തള്ളപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
ഇതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫലം. ഇതുമൂലം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല വിദ്യാർത്ഥികൾക്കും അവർ ആഗ്രഹിക്കുന്ന വിഷയത്തിൽ ഉന്നതപഠനത്തിനുള്ള അവസരം കൂടി നിഷേധിക്കപ്പെട്ടേക്കും. ഇരുവിഭാഗങ്ങൾക്കും ഇടയിലെ വിടവ് കുറയ്ക്കാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി കൈക്കൊള്ളണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
പ്രമുഖ യൂണിവേഴ്സിറ്റികളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുക കിഴക്കൻ ലണ്ടനിലെ ഈ സർക്കാർ സ്‌കൂളിൽ നിന്ന്
ഓക്സ്ഫോർഡ്, കേംബ്രിഡ്ജ് തുടങ്ങിയ ലോക പ്രശസ്തമായ സർവ്വകലാശാലകളിൽ തുടർ വിദ്യാഭ്യാസം നേടാനുള്ള യോഗ്യതയായ എ ഗ്രേഡുകൾ കൂടുതലായി കരസ്ഥമാക്കിയിരിക്കുകയാണ് ഈസ്റ്റ് ലണ്ടൻ സ്റ്റേറ്റ് സ്‌കൂൾ. 55 വിദ്യാർത്ഥികൾക്കാണ് ഈ സ്‌കൂളിൽ നിന്നും എ ഗ്രേഡുകൾ ലഭിച്ചിരിക്കുന്നത്. ന്യുഹാമിലെ മാനർ അക്കാദമിയിലെ ഭൂരിഭാഗം കുട്ടികളും വംശീയ ന്യുനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ്. മാത്രമല്ല, ഇവരിൽ പലരും സ്‌കൂളിലെ സൗജന്യ ഉച്ച ഭക്ഷണത്തെ ആശ്രയിക്കുന്നവരും അവരുടെ കുടുംബങ്ങളിൽ നിന്നും ആദ്യമായി യൂണിവേഴ്സിറ്റികളിൽ പോകുന്നവരും ആണ്.
മുൻ നിരയിലുള്ള പലോ സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളേക്കാൾ കൂടുതൽ വിദ്യാർത്ഥികളായിരിക്കും ഇത്തവണ ഈ സ്‌കൂളിൽ നിന്നും ഓക്സ്ഫോർഡിലും കേംബ്രിഡ്ജിലും എത്തുക. 581 വർഷം പഴക്കമുള്ള, ബ്രിട്ടനിലെ തന്നെ ഏറ്റവും പ്രമുഖ സ്‌കൂളായ എറ്റൺ സ്‌കൂളിൽ നിന്നും ഇത്തവണ 48 വിദ്യാർത്ഥികൾക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചിരിക്കുന്നത്. ബോറിസ് ജോൺസൺ, ഡേവിഡ് കാമറൂൺ, വിസ്റ്റൺ ചർച്ചിൽ തുടങ്ങി പല പ്രമുഖരും ഈ സ്‌കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
ഈസ്റ്റ് ലണ്ടൻ സ്റ്റേറ്റ് സ്‌കൂളിൽ 350 വിദ്യാർത്ഥികളാണ് ഇത്തവണഎ ലെവലിനു ഉണ്ടായിരുന്നത്. അതിൽ 330 പേർ റസ്സൽ ഗ്രൂപ്പ് യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിനുള്ള അർഹത നേടിയപ്പോൾ 55 പേർക്ക് ഓക്സ്ഫോർഡ്, കേമ്പ്രിഡ്ജ് യൂണിവേഴ്സിറ്റികളിൽ പ്രവേശനത്തിനുള്ള യോഗ്യത നേടാനായി. 2014- ഈ വിദ്യാലയത്തിൽ നിന്നും കേവലം ഒരു വിദ്യാർത്ഥിക്ക് മാത്രമായിരുന്നു ഈ യോഗ്യത നേടാനായത്. ഇത്തവണ ഇവിടെ നിന്നും രണ്ടു വിദ്യാർത്ഥികൾ പൂർണ്ണമായും സ്‌കോളർഷിപ്പോടെ അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലും സ്റ്റാൻസ്ഫ്ഫോർഡ് യൂണിവേഴ്സിറ്റിയിലും പഠനത്തിനു പോകുന്നുമുണ്ട്.