കാബൂൾ: അഫ്ഗാനിൽ താലിബാൻ പിടിമുറുക്കിയതോടെ തങ്ങളുടെ പൗരന്മാരെ രക്ഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയും ബ്രിട്ടനുമൊക്കെ.

ഇനിയും അഫ്ഗാനിസ്ഥാനിൽ അവശേഷിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നതിനായി 600 പേർ അടങ്ങുന്ന ബ്രിട്ടീഷ് സേനാവിഭാത്തെ അയച്ചിട്ടുണ്ട്. സ്വന്തം പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുക എന്നതോടൊപ്പം പണ്ട് തങ്ങൾക്കൊപ്പം ജോലി ചെയ്ത ജീവനക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക എന്നതുകൂടി ഈ സേനാ വിഭാത്തിന്റെ ലക്ഷ്യമാണ്.

വിദേശകാര്യ വകുപ്പിന്റെ കണക്കനുസരിച്ച് ഏകദേശം 4000 ബ്രിട്ടീഷുകാർ ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ട്. ബ്രിട്ടീഷ് എംബസിയിൽ അംബാസിഡർ സർ ലോറി ബ്രിസ്റ്റോയും ഏതാനും ചില ജീവനക്കാരും മാത്രമായിരിക്കും ഇനി ഉണ്ടാവുക. ബാക്കിയുള്ള ജീവനക്കാരെയൊക്കെ തിരികെ വിളിച്ചു. കാബൂൾ വിമാനത്താവളത്തിന്റെ സംരക്ഷണവും ഈ സേനാവിഭാഗം ഏറ്റെടുക്കും. അമേരിക്കയുടെയും ബ്രിട്ടന്റെയും എംബസികളും ഇതിനകത്തേക്ക് മാറ്റും.

അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങളായ കാണ്ഡഹാറും ഹെരാത്തും താലിബാൻ ഭീകരർ കീഴടക്കിയതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടീഷ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്‌ച്ചകൊണ്ട് രാജ്യത്തിന്റെ മൂന്നിലൊന്നു ഭാഗം ഭീകരരുടെ നിയന്ത്രണത്തിൻ കീഴിലായതോടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി എത്തിക്കാൻ പ്രത്യേക സേനയെ അയയ്ക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ തന്ത്രപ്രധാനമായ ഹെരാത്ത് നഗരം കീഴടക്കിയത് താലിബാന്റെ വലിയ വിജയമായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കാബൂളിനോട് അടുത്തു കിടക്കുന്ന ഈ നഗരത്തിലെ സാന്നിദ്ധ്യം താലിബാന് സൈനികമായ മുൻതൂക്കം നൽകുമെന്നാണ് ഇവർ പറയുന്നത്. അഫ്ഗാനിലെ 34 പ്രവിശ്യകളിൽ 11 എണ്ണത്തിന്റെ തലസ്ഥാന നഗരങ്ങളും ഇപ്പോൾ ഈ ഭീകരരുടെ നിയന്ത്രണത്തിലാണ്. ഹെരാത്ത് കീഴടക്കിയ ഭീകരർ കീഴടങ്ങിയ അഫ്ഗാൻ സൈനികരെ വധിച്ചതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ഇതിനിടയിൽ അഫ്ഗാൻ തലസ്ഥാനത്തെ തെക്കൻ പ്രവിശ്യകളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിലെ ഗസ്നി നഗരവും ഭീകരർ കീഴടക്കിയിരുന്നു. ഇതോടെ രാജ്യത്തിന്റെ തെക്കൻ മേഖലയുമായി തലസ്ഥാന നഗരത്തിന് റോഡുമാർഗ്ഗം ബന്ധപ്പെടാനാകാത്ത സ്ഥിതിയാണുള്ളത്. 3000ത്തോളം അമേരിക്കൻ സൈനികരും ഒഴിപ്പിക്കൽ ദൗത്യവുമായി അഫ്ഗാനിൽ ഉണ്ട്.

അതേസമയം അമേരിക്കൻ നയതന്ത്രജ്ഞൻ സാൽമേ ഖാലിസാദ് ദോഹയിൽ വെച്ച് ചൈന, പാക്കിസ്ഥാൻ, റഷ്യൻ പ്രതിനിധികളുമായി കൂടിക്കാഴ്‌ച്ച നടത്തി. അഫ്ഗാൻ പ്രശ്നമായിരുന്നു ചർച്ചാവിഷയം.