കാബുൾ: അഫ്ഗാനിസ്താനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ പിടിച്ചെടുത്തെന്ന് താലിബാൻ. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കാണ്ഡഹാർ പിടിച്ചെടുത്തതായി താലിബാൻ വക്താവ് പ്രഖ്യാപിച്ചിരിക്കുന്നത്. 'കാണ്ഡഹാർ പൂർണമായും കീഴടക്കി. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി.' ട്വീറ്റിൽ പറയുന്നു. അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചതായി കാണ്ഡഹാർ സ്വദേശിയും പറയുന്നു. താലിബാന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ് ഈ പ്രസ്താവന.

അഫ്ഗാനിസ്ഥാനെ കീഴടക്കി താലിബാൻ മുന്നേറ്റം തുടരുന്നതോടെ ജീവനും കയ്യിൽ പിടിച്ച് രാജ്യം വിടുന്നവരുടെ എണ്ണവും വർധിച്ചു.ഉറ്റവരുടെ മൃതദ്ദേഹങ്ങൾ പോലും ഉപേക്ഷിച്ചാണ് ജനങ്ങൾ ടെഹ്‌റാനിലേക്കുൾപ്പടെ പലായനം ചെയ്യുന്നത്.സർക്കാറിന്റെ കണക്കനുസരിച്ച് കാണ്ഡഹാറിൽ നിന്നു മാത്രം കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ പലായനം ചെയ്തത് 30,000 കുടുംബങ്ങളാണ്.ഫറ ബഡ്ഗിസ്, ഹെൽമന്ദ് പ്രവിശ്യകളിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോകാൻ ആരംഭിച്ചിട്ടുണ്ട്. താലിബാൻ പിടിച്ചെടുത്ത മേഖലകളിൽ അവരുടെ നിയമങ്ങൾ ശക്തമായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ്.

സംഘർഷം രൂക്ഷമായതോടെ കഴിഞ്ഞ മാസം അവസാനം മുതലാണ് താലിബാൻ നിയന്ത്രിത മേഖലകളിൽ നിന്ന് ജനങ്ങൾ പലായനം ആരംഭിച്ചത്.കഴിഞ്ഞ ദിവസം താലിബാൻ പിടിച്ച കുണ്ഡൂസിൽനിന്ന് നൂറു കണക്കിനു വാഹനങ്ങളാണ് 320 കിലോമീറ്റർ അകലെയുള്ള കാബൂളിലേക്കു പുറപ്പെട്ടത്. ഇവയിൽ പലതും പാതിവഴിയിൽ ആക്രമണത്തിന് ഇരയായി. കോവിഡ് സുരക്ഷാ നിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറഞ്ഞു. രോഗവും ആക്രമണവും മൂലം മരിച്ചവരെ പാതിവഴിയിൽ ഉപേക്ഷിച്ചാണു ജനങ്ങളുടെ പലായനം. വെടിയുണ്ടകൾക്കു നടുവിലൂടെയാണു തങ്ങൾ യാത്രചെയ്തതെന്നു ബസിൽ കാബൂളിലെത്തിയ എൻജിനീയർ ഗുലാം റസൂൽ പറഞ്ഞു. ബസ് യാത്ര 10 മണിക്കൂറാണു നീണ്ടത്. കാബൂൾ തെരുവുകളിൽ യുദ്ധ ഭീതിക്കിടെയും ഭക്ഷണംകാത്തുള്ള അഭയാർഥികളുടെ നീണ്ട ക്യൂ പതിവായിക്കഴിഞ്ഞു.

അഭയാർഥികളുടെ മറവിൽ കാബൂളിലേക്കു ഭീകരരും നുഴഞ്ഞുകയറിയതായി റിപ്പോർട്ടുണ്ട്. വിവിധ ഓഫീസുകളിൽ ഭീകരരെത്തി ഭീഷണി മുഴക്കിയതായി അഫ്ഗാൻ നികുതി വകുപ്പിലെ ഉദ്യോഗസ്ഥൻ ഷേർ മുഹമ്മദ് അബ്ബാസ് അറിയിച്ചു. ഇരുപക്ഷവും നടത്തുന്ന ആക്രമണത്തിൽ മരിക്കുന്നവരിൽ ഭൂരിപക്ഷവും കുട്ടികളാണെന്നു യുണിസെഫ് അറിയിച്ചു. കാണ്ഡഹാറിൽ മാത്രം കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ 20 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് പറഞ്ഞു. 130 കുട്ടികൾക്കാണു പരുക്കേറ്റത്.

തലസ്ഥാനമായ കാബൂളിൽനിന്ന് 150 കിലോ മീറ്റർ മാത്രം അകലെയുള്ള ഗസ്‌നിയുടെ നിയന്ത്രണം വ്യാഴാഴ്ച താലിബാൻ പിടിച്ചെടുത്തു. അഫ്ഗാൻ സൈന്യം തിരിച്ചടിക്കുമ്പോഴും ഒരാഴ്ചയ്ക്കിടെ പ്രധാനപ്പെട്ട പത്ത് പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ നിയന്ത്രണത്തിലാക്കിയത്. നിലവിൽ 34 പ്രവിശ്യാ തലസ്ഥാനങ്ങളിൽ മൂന്നിലൊന്നും അതിർത്തികളിൽ തൊണ്ണൂറു ശതമാനവും താലിബാൻ നിയന്ത്രണത്തിലാണ്.

കാബൂളുമായി പ്രധാനഗരമായ കാണ്ഡഹാറിനെ ബന്ധിപ്പിക്കുന്ന ദേശീയപാതയിലെ പട്ടണമാണ് തെക്കുകിഴക്കൻ പ്രദേശമായ ഗസ്‌നി. നഗരം വിട്ട ഗസ്‌നി ഗവർണറെയും ഉപഗവർണറെയും സുരക്ഷാസേന അറസ്റ്റുചെയ്തതായും നഗരത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തരമന്ത്രാലയ വക്താവ് മിർവെയ്‌സ് സ്റ്റാനിക്‌സായ് സ്ഥിരീകരിച്ചു.

രാജ്യത്തെ വടക്ക്, പടിഞ്ഞാറ് പ്രദേശങ്ങളിൽ സർക്കാരിന്റെ സ്വാധീനം പൂർണമായും നഷ്ടപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു മാസത്തിനുള്ളിൽ അഫ്ഗാനിൽ മരിച്ചത് 1000 സാധാരണക്കാരാണെന്നാണ് ഐക്യരാഷ്ടസഭയുടെ കണക്ക്. നാലുലക്ഷത്തോളംപേർ ഇതുവരെ അഭയാർഥികളായി.