- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂളിനെ രക്ഷിക്കാൻ അമേരിക്ക സൈനിക ഇടപെടൽ നടത്തില്ല; പ്രശ്ന പരിഹാരത്തിന് ബൈഡൻ സർക്കാർ മുമ്പോട്ട് വയ്ക്കുന്നത് 9 നിർദ്ദേശങ്ങളുള്ള സമാധാന ഫോർമുല; അധികാര കൈമാറ്റം സുഗമമാക്കുന്ന സ്ഥിരമായ വെടിനിർത്തൽ ലക്ഷ്യമെന്ന് റഷ്യയും ഖത്തറും; താലിബാനെ അനുനയിപ്പിക്കാൻ നീക്കങ്ങൾ; അഫ്ഗാനെ പൂർണ്ണ നിയന്ത്രണത്തിലുള് രാജ്യമാക്കാൻ താലിബാനും
അഫ്ഗാൻ: കാബൂളിനെ രക്ഷിക്കാൻ അമേരിക്ക ഒന്നും ചെയ്യില്ല. കുടുതൽ സൈന്യത്തെ അഫ്ഗാനിൽ എത്തിക്കുന്നത് അമേരിക്കക്കാരെ ഒഴുപ്പിക്കാൻ മാത്രമാണ്. അതിനിടെ ഒൻപത് നിർദ്ദേശങ്ങളടങ്ങിയ സമാധാന നിർദ്ദേശവും അമേരിക്ക മുമ്പോട്ട് വച്ചു. സൈന്യത്തെ പിൻവലിക്കാനുളഅള തീരുമാനം പുനഃപരിശോധിക്കില്ലെന്നും രാജ്യത്തെ സംരക്ഷിക്കാനായി അഫ്ഗാൻ നേതാക്കൾ ഒരുമിക്കണമെന്നുമാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിക്കുന്നത്.
നേരത്തേ രാജ്യത്തിന്റെ വടക്ക്, തെക്ക്, പടിഞ്ഞാറൻ മേഖലകൾ താലിബാൻ നിയന്ത്രണത്തിലാക്കിയതോടെ ജനം രക്ഷതേടി കാബൂളിലേക്കാണ് പലായനംചെയ്തത്. ജൂലായ് ഒന്നിനുശേഷം 10,350 പേർ ഇത്തരത്തിൽ കാബൂളിലെത്തിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇവിടേയും താലിബാൻ പിടിച്ചെടുക്കുന്ന സ്ഥിതിയാണ്. അന്താരാഷ്ട്ര സമൂഹം താലിബാനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.
ചൈനയും പാക്കിസ്ഥാനും യൂറോപ്യൻ യൂണിയനും ബ്രിട്ടണും ഉസ്ബസ്‌കിസ്ഥാനും ഖത്തറുമാണ് സമാധാനത്തിനായി ശ്രമിക്കുന്നത്. അതിനിടെ, ഖത്തർ വിദേശമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനിയുമായി നടത്തിയ ചർച്ചയിൽ വെടിനിർത്തലിന് താലിബാൻ തയ്യാറായിട്ടില്ല. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാണ് യുഎന്നും പ്രതികരിച്ചു കഴിഞ്ഞു.
അമേരിക്ക മുമ്പോട്ട് വച്ച നിർദ്ദേശങ്ങളിൽ രാഷ്ട്രീയ സമവായത്തിനുള്ള സാധ്യതയാണ് തേടുന്നത്. സമാധാന ശ്രമങ്ങൾ ഊർജ്ജിതമാക്കാനുള്ള നിർദ്ദേശം. സ്ഥിരമായ വെടിനിർത്തിലിനാണ് ശ്രമം. രാഷ്ട്രീയ ഒത്തു തീർപ്പിലൂടെ അധികാര കൈമാറ്റം താലിബാനിലേക്ക് എത്തിക്കാനുള്ള ചർച്ചകളാണ് ഇതോടെ നടക്കുന്നത്. ഇതിനെ ഇന്ത്യ അനുകൂലിക്കുന്നില്ല. ഇത്തരം ചർച്ചകളിൽ ഇന്ത്യയെ മറ്റ് രാജ്യങ്ങൾ സഹകരിപ്പിക്കുന്നുമില്ല.
അഫ്ഗാനിസ്താനിൽ ഇന്ത്യ നടത്തിയ വികസനപ്രവർത്തനങ്ങളിൽ നന്ദിയുണ്ടെന്നും എന്നാൽ, സൈനികനീക്കങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും താലിബാൻ വക്താവ് സുഹൈൽ ഷാഹീൻ ഖത്തറിൽ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളിൽ നിന്നു 11 കിലോമീറ്റർ അകലെയുള്ള ചർ അശ്യാബ് പട്ടണം താലിബാൻ പിടിച്ചു. കാബൂളിലേക്കുള്ള പ്രവേശനകവാടങ്ങളിലൊന്നാണിത്.
അധികാരമൊഴിയണമെന്ന താലിബാന്റെ ആവശ്യം തള്ളിയ പ്രസിഡന്റ് അഷ്‌റഫ് ഗനി, പ്രതിരോധം ശക്തമാക്കുമെന്നും അസ്ഥിരത അവസാനിപ്പിക്കുമെന്നും ടിവിയിലൂടെ പ്രഖ്യാപിച്ചു. ഇതോടെ കാബൂൾ രക്തക്കളമായി മാറിയേക്കുമെന്ന ഭീതി ഉയർന്നു. ഇതിനിടെയാണ് സമാധാന ശ്രമങ്ങൾ അമേരിക്കയും മറ്റും നടത്തുന്നത്.
രാജ്യത്തിന്റെ മൂന്നിൽരണ്ടും കീഴടക്കിയ താലിബാൻ കാണ്ടഹാർ അടക്കം പ്രധാന നഗരങ്ങളും അധീനതയിലാക്കി. ഇന്നലെ രാവിലെ കാബൂളിനു സമീപം ലോഗാർ പ്രവിശ്യയുടെ തലസ്ഥാനമായ പുലെ അലം പിടിച്ചെടുത്ത താലിബാൻ നേതാക്കളെ തടവിലാക്കി. കാണ്ടഹാറിലെ പ്രധാന റേഡിയോ സ്റ്റേഷനിൽനിന്ന് പ്രക്ഷേപണം തുടങ്ങി. നിലവിൽ 34 ൽ 18 പ്രവിശ്യകളും താലിബാന്റെ നിയന്ത്രണത്തിലാണ്. കാബൂളിനു സമീപമുള്ള മൈതാൻ ഷർ അടക്കം വിവിധ പട്ടണങ്ങളിൽ ഏറ്റുമുട്ടൽ തുടരുന്നു.
വിദേശ രാഷ്ട്ര നേതാക്കളുമായി ഫോണിൽ സംസാരിച്ചശേഷം ഇന്നലെ അഷ്‌റഫ് ഗനി ഉന്നത സുരക്ഷാ യോഗം ചേർന്നു. തുടർന്നാണ് രാഷ്ട്രത്തോടു സംസാരിച്ചത്. എന്നാൽ, ഗനി രാജിവയ്ക്കാതെ ചർച്ചയോ വെടിനിർത്തലോ ഇല്ലെന്നു താലിബാൻ ആവർത്തിച്ചു. അഫ്ഗാനിസ്ഥാൻ പൂർണ നിയന്ത്രണത്തിലുള്ള രാജ്യമായിരിക്കുമെന്നും വിഘടന, ഭീകര സംഘടനകളെയൊന്നും രാജ്യത്തേക്കു പ്രവേശിപ്പിക്കില്ലെന്നും താലിബാൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ