ണ്ടു പതിറ്റാണ്ടുകാലത്തെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിട്ട് താലിബാൻ അഫ്ഗാൻ ഭരണം കൈയാളിയതോടെ പരിഭ്രാന്തരായ ജനങ്ങൾ പലായനം ആരംഭിച്ചിരിക്കുന്നു.

തങ്ങളുടെ പൗരന്മാരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാൻ വിദേശരാജ്യങ്ങൾ അയച്ച വിമാനങ്ങളിൽ വരെ കയറിപ്പറ്റുവാൻ തത്രപ്പെടുകയാണ് ഒരു വലിയ ജനക്കൂട്ടം. വിധിയെന്നു കരുതി വരുന്നത് അനുഭവിച്ച് തീർക്കുവാൻ ഒരു വലിയ വിഭാഗം നിസ്സഹായരായി ഒതുങ്ങിക്കൂടുമ്പോൾ ചിലർ ജീവൻ പണയം വച്ചു വരെ സ്വതന്ത്ര ലോകത്തിലേക്ക് പറക്കാൻ പരക്കം പായുന്ന കാഴ്‌ച്ചകളാണ് അഫ്ഗാനിസ്ഥാനിലെങ്ങും കാണുന്നത്.

അമേരിക്കൻ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിലെ കാഴ്‌ച്ച പക്ഷെ മനുഷ്യത്വമുള്ളവരെയൊക്കെ കണ്ണീരണിയിക്കുന്നതു തന്നെയാണ്. ജീവിക്കാനുള്ള കൊതി ഒന്നുകൊണ്ടുമാത്രം സ്വന്തം രാജ്യം വിട്ടോടാൻ ഒരുങ്ങുന്ന ഒരു ജനത പറയാതെ പറയുന്നത് വരും നാളുകളിലെ കൊടും ഭീകരതയുടെ കഥകളാണ്.

രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് തങ്ങൾ രക്ഷപ്പെട്ടെന്ന് ഒരു ജനത സ്വയം ആശ്വസിച്ച അതേ ഭീകരസംഘം വീണ്ടും അധികാരമേറ്റെടുത്തപ്പോൾ മുൻകാല അനുഭവങ്ങൾ അവരെ രാജ്യം വിട്ടോടാൻ പ്രേരിപ്പിക്കുകയാണ്.

വിമാനത്തിൽ കയറിയത് ഉൾക്കൊള്ളാവുന്നതിന്റെ ആറിരട്ടി പേർ

അഫ്ഗാൻ ജനത എത്രമാത്രം ഭയചകിതരാണെന്നതിന്റെ നേർചിത്രമായിരുന്നു ഇന്നലെ അമേരിക്കയുടെ ഒരു സൈനിക വിമാനത്തിനുള്ളിൽ കണ്ടത്. 150 സൈനികർക്ക് യാത്രചെയ്യുവാൻ രൂപകല്പന ചെയ്ത വിമാനത്തിൽ ഇടിച്ചുകയറിയത് 640 പേർ. ഏകദേശം 77,000 കിലോയി9ലധികം ഭാരം വഹിക്കാൻ കഴിവുള്ള വിമാനത്തിന്റെ നിലത്ത് കുത്തിയിരിക്കുകയായിരുന്നു യാത്രക്കാർ.വിമാനം പുറപ്പെടുന്നതിനു മുൻപായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പാതിതുറന്ന വാതിലിലൂടെ ഇടിച്ചു കയറുകയായിരുന്നു. അവരെ കൊണ്ടുപോകാൻ തന്നെയായിരുന്നു വിമാന ജീവനക്കാരും തീരുമാനിച്ചത്. 

സായ്ഗോണിന്റെ പതനം ഓർമ്മിപ്പിച്ചുകൊണ്ടുള്ള കാബൂളിന്റെ വീഴ്‌ച്ചയിൽ അമേരിക്കക്കെതിരെ ശക്തമായ വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയരുമ്പോഴും ജോ ബൈഡൻ തന്റെ തീരുമാനത്തെ ന്യായീകരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തിൽ അമേരിക്കൻ സൈനികരെ കുരുതികൊടുക്കാനാവില്ലെന്ന ന്യായമാണ് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം അഫഗാൻ വിട്ടൊഴിയുമ്പോൾ അമേരിക്കൻ പ്രസിഡണ്ടിന് പറയുവാനുള്ളത്. എന്നാൽ, അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട നയപരിപാടിയായാണ് മാധ്യമങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്.

നിലവിൽ 2500 അമേരിക്കൻ സൈനികരാണ് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് മേൽ നോട്ടം വഹിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലുള്ളത്. 1000 സൈനികർ കൂടി ഇന്ന് എത്തിച്ചേരും. ഇതിനിടയിൽ അമേരിക്കൻ പൗരന്മാരെയും കൊണ്ട് പറന്നുയർന്ന ആർ സി എച്ച് 885 വിമാനത്തിന്റെ ടയറിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ താഴെ വീണു മരണമടഞ്ഞു. വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയ അഫ്ഗാൻ പൗരന്മാരെ തുരത്താനുള്ള ശ്രമത്തിൽ അമേരിക്കൻ സൈന്യം നടത്തിയ വെടിവയ്‌പ്പിൽ രണ്ട് അഫ്ഗാൻ പൗരന്മാർ മരണമടയുകയും ചെയ്തിട്ടുണ്ട്. റൺവേയിലൂടെ ഓടുന്ന വിമാനത്തിനടിയിൽ പെട്ട് മറ്റു മൂന്നു പേർ കൂടി മരണമടഞ്ഞു.

അഭയം തേടി അഫ്ഗാൻ ജനതയെത്തുന്നത് വിമാനത്താവളത്തിൽ

രാജ്യം താലിബാന്റെ നിയന്ത്രണത്തിലായതോടെ ഇപ്പോഴും നാറ്റൊ സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിലേക്ക് ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാരാണ് ഇരച്ചെത്തുന്നത്. രക്ഷപ്പെടുത്തിക്കൊണ്ടുപോകുന്ന വിദേശികൾക്കൊപ്പം തങ്ങളേയും രക്ഷപ്പെടുത്തിയേക്കാം എന്ന പ്രത്യാശയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന വൻ സംഘത്തെ വിമാനത്താവളത്തിലെത്താൻ പ്രേരിപ്പിക്കുന്നത്. എന്നാൽ, തിരക്ക് നിയന്ത്രണാതീതമായതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെടുകയായിരുന്നു.

ഇതിനിടയിൽ പെന്റഗൺ സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ കെന്നെത്ത് എഫ് മെക്കെൻസി ഖത്തറിലെത്തി താലിബാൻ പ്രതിനിധികളെ കണ്ടു സംസാരിച്ചു. അമേരിക്കൻ പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്നും നാട്ടിൽ തിരിച്ചെത്തിക്കുന്നതിന് താലിബാൻ പിന്തുണ നൽകി എന്നാണ് ഇതിനു ശേഷം ചില സൈനിക വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാൻ തത്രപ്പെട്ടെത്തുന്ന അഫ്ഗാൻ അഭയാർത്ഥികളുടെ കാര്യത്തിൽ പാശ്ചാത്യലോകം എന്തു തീരുമാനമെടുക്കും എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

താലിബൻ അക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന് നഗരവാസികൾ

കാബൂൾ നഗരത്തിൽ നിന്നും കൊള്ളയുടെയും കൊലപാതകത്തിന്റെയും വാർത്തകൾ വരാൻ തുടങ്ങിയതായി അഫ്ഗാനിസ്ഥാന്റെ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധി ഗുലം എം ഇസാക്സായ് പറഞ്ഞു. കാബൂളിന്റെ പല ഭാഗങ്ങളിലും താലിബാൻ ഭീകരർ വീടുകൾ കയറിയിറങ്ങി പരിശോധന ആരംഭിച്ചതായി ചില നഗരവാസികളും അറിയിച്ചു. അവരുടെ ഹിറ്റ് ലിസ്റ്റിലുള്ള ആളുകൾക്കായി ഉള്ള തിരച്ചിലെന്റെ ഭാഗമായാണ് പരിശോധന എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാര ധ്വംസനങ്ങൾക്കെതിരെ കടുത്ത ആശങ്കയുമായി ഐക്യരാഷ്ട്ര സെക്രട്ടറി ജനറലും രംഗത്തെത്തി. സ്ത്രീകളും പെൺകുട്ടികളുമായിരിക്കും കൂടുതൽ ദുരിതങ്ങൾ അനുഭവിക്കുക എന്നും അദ്ദേഹം ആശങ്കപ്പെടുന്നു. 1990 കളിലെ ഇരുണ്ട നാളുകൾ തീർത്തും ഭയജനകമായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്ക് തൊഴിലവസരവും നിഷേധിച്ച ഭീകരരുടെ നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈനിറയെ പണവുമായി നാടുവിട്ടോടിയ പ്രസിഡണ്ട്

ഒരു ജനതയെ മുഴുവൻ ഭീകരർക്ക് വിട്ടുകൊടുത്ത് സ്വന്തം സുരക്ഷമാത്രം നോക്കി നാടുവിട്ടോടിയ അഫ്ഗാൻ പ്രസിഡണ്ട് അഷറഫ് ഗാനിക്കെതിരെയും കടുത്ത വിമർശനം ഉയരുന്നുണ്ട്. ഒരു ഹെലികോപ്റ്ററിൽ എടുക്കാവുന്നത്ര പണവുമായാണ് പ്രസിഡണ്ട് നാടുവിട്ടതെന്ന് അഫ്ഗാനിസ്ഥാനിലെ റഷ്യൻ എംബസി പറയുന്നു. താജിക്കിസ്ഥാനിലേക്കാണ് ഗാനി പോയതെന്ന് ആദ്യം റിപ്പോർട്ടുകൾ ഉണ്ടായിരുന്നെകിലും അവർ അനുവദിക്കാത്തതിനാൽ ഒമാനിലേക്ക് പറക്കുകയായിരുന്നു എന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നു.

എന്നാൽ, ആളും അർത്ഥവും മുടക്കി അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും ശക്തിപ്പെടുത്തിയ അഫ്ഗാൻ സേന പ്രതിരോധിക്കാൻ നിൽക്കാതെ പലയിടങ്ങളിലും താലിബാനു മുന്നിൽ കീഴടങ്ങിയപ്പോൾ ഗാനിക്ക് ഇതല്ലാതെ മറ്റൊരു വഴിയുമില്ലായിരുന്നു എന്ന് ഗാനി അനുകൂലികൾ പറയുന്നു. പ്രസിഡണ്ട് നാടുവിട്ടതൊറ്റേ കൂടുതൽ രക്തച്ചൊരിച്ചിലുകൾക്ക് ഇടം നൽകാതെ അധികാരം താലിബാന്റെ കൈകളിലെത്തുകയായിരുന്നു. എന്നാൽ, നിലവിൽ ഒരു ഭരണകൂടമില്ലാത്ത സാഹചര്യമാണ് അഫ്ഗാനിലുള്ളത്.

തിരിച്ചുവരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് താലിബാൻ

കാബൂൾ പിടിച്ചടക്കിയതോടെ രാജ്യത്തെ വിദേശികളെ രാജ്യം വിടാൻ അനുവദിക്കുമെന്നു പറഞ്ഞ താലിബാൻ പക്ഷെ അഫ്ഗാൻ പൗരന്മാർക്ക് രാജ്യം വിടാനുള്ള അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചായിരുന്നു ആയിരക്കണക്കിന് അഫ്ഗാൻ പൗരന്മാർ ഇപ്പോഴും പാശ്ചാത്യ ശക്തികളുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. കൂട്ടത്തിൽ ചില ഭാഗ്യവാന്മാർ രക്ഷപ്പെട്ടപ്പോഴും ഭൂരിഭാഗം പേരും ഇപ്പോഴും വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്.

അതിനിടയിൽ, രാജ്യം വിടാൻ തീരുമാനിച്ച പൗരന്മാർ വിമാനത്താവളത്തിൽ നിന്നും മടങ്ങിയെത്തിയാൽ അവരെ സ്വാഗതം ചെയ്യുമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാൻ അറിയിച്ചു. എല്ലാ അഫ്ഗാൻ പൗരന്മാരും അഫ്ഗാനിസ്ഥാനിൽ തന്നെ തുടരണമെന്നാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നും അവരുടെ പ്രതിനിധി അറിയിച്ചു.