ന്യൂഡൽഹി : താലിബാൻ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെയാണ് അഫ്ഗാനിസ്ഥാനുമായുള്ള സൗഹാർദവും സഹകരണവും വർധിപ്പിക്കാൻ തയ്യാറെന്ന ചൈനയുടെ പ്രഖ്യാപനം വന്നത്. ഭരണത്തിൽ വന്നാൽ ചൈനയിലെ ഉയ്ഗുർ മുസ്ലിംകളുമായി ബന്ധപ്പെട്ട ആക്രമണങ്ങൾക്ക് അഫ്ഗാൻ മണ്ണിൽനിന്ന് നീക്കങ്ങളുണ്ടാകില്ലെന്ന് താലിബാൻ നേരത്തെ തന്നെ ചൈനയ്ക്ക് ഉറപ്പ് നൽകിയിരുന്നു.

യുഎസ് നാറ്റോ സൈനിക പിന്മാറ്റത്തോടെ അഫ്ഗാനിലെ നിയന്ത്രണം താലിബാന്റെ കൈകളിലേക്ക് തിരിച്ചെത്തുമ്പോൾ അവസരം മുതലെടുക്കാൻ ചൈന. അഫ്ഗാനിസ്ഥാനിലെ ഏതു ഭരണകൂടത്തോടും സഹകരിക്കാമെന്നാണ് ചൈനീസ് നിലപാട്. പ്രവിശ്യകളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുക്കും മുൻപ് അവരുമായി ചർച്ചയ്ക്കും ധാരണയുണ്ടാക്കാനും ചൈന തയാറായെന്നതു ശ്രദ്ധേയമാണ്.

ചൈനയാണ് അഫ്ഗാനിസ്ഥാനിൽ മുതൽമുടക്കിയിട്ടുള്ള വിദേശരാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. സമഗ്ര സഹകരണ പങ്കാളിത്ത കരാറുൾപ്പെടെ ഏതാനും വർഷം മുൻപ് ഒപ്പുവച്ചിട്ടുണ്ട്. കുങ്കുമം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിൽനിന്ന് ചൈനീസ് വിപണികളിലേക്ക് പല വസ്തുക്കളും വലിയ തോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാനെ ചൈന പിണക്കാതെ മുമ്പോട്ട് പോകുന്നത്.

വടക്കൻ അഫ്ഗാനിസ്ഥാനിൽ അമു ദാരിയ നദീതടത്തിൽ എണ്ണ ഖനനം, രാജ്യത്തെ റെയിൽവെ വികസനം, ലൊഗാർ പ്രവിശ്യയിലെ ചെമ്പ് ഖനനം തുടങ്ങിയവയ്ക്ക് ചൈന മുതൽമുടക്കിയിട്ടുണ്ട്. ചൈന അഫ്ഗാൻ റെയിൽ പദ്ധതി, കിർഗിസ്ഥാനും താജിക്കിസ്ഥാനും ഇറാനുംകൂടി ഉൾപ്പെടുന്ന റെയിൽ പദ്ധതി എന്നിവയും ചൈനാ പട്ടികയിലുണ്ട്.

തന്ത്രപരവും സാമ്പത്തികവികസനപരവുമായ കാരണങ്ങളും ഷിങ്ജിയാൻ പ്രവിശ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ചൈനയെ ഈ നിലപാടിനു പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ 28ന് വിദേശകാര്യമന്ത്രി വാങ് യിയും അഫ്ഗാൻ താലിബാൻ രാഷ്ട്രീയ കമ്മിഷൻ തലവൻ മുല്ല അബ്ദുൽ ഗനി ബറാദറുമായി നടന്ന ചർച്ച ചൈനതന്നെ പരസ്യമാക്കി. അഫ്ഗാനിസ്ഥാനിൽ അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണകൂടവുമായും ചൈന നല്ല ബന്ധം പുലർത്തിയിരുന്നു.

ചൈനയെ ദക്ഷിണേഷ്യയിലെയും മധ്യേഷ്യയിലെയും പശ്ചിമേഷ്യയിലെയും വിപണികളുമായി ബന്ധിപ്പിക്കുന്നതിലും അഫ്ഗാനിസ്ഥാൻ നിർണായകമാണ്. ചൈന ഏറെ പ്രതീക്ഷവയ്ക്കുന്ന സിൽക്ക് റോഡ് ഇക്കണോമിക് ബെൽറ്റ്, ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് എന്നിവയിലും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾക്കു പ്രാധാന്യമുണ്ട്.