കാബൂൾ: അഫ്ഗാനിൽ ഇനി സ്ത്രീകൾക്ക് ഒരു രക്ഷയുമില്ല. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെ രാജ്യത്തെ സ്ത്രീ സ്വാതന്ത്ര്യം മരീചികയാവുകയാണ്. ഇസ്ലാമിക് നിയമം അനുശാസിക്കുന്ന രീതിയിൽ സ്ത്രീകൾക്കു ജോലി ചെയ്തു ജീവിക്കാനുള്ള സ്വാതന്ത്ര്യം നൽകുമെന്ന് താലിബാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ എന്തെല്ലാം ജോലിയാണ് ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതുകൊണ്ട് തന്നെ പ്രതിസന്ധി അതിരൂക്ഷമാണ്.

'ആ ആൾക്കൂട്ടത്തിൽ ഭൂരിഭാഗവും താലിബാൻ ഭരണകാലത്ത് ജീവിച്ചിട്ടുള്ളവരാണ്. ഭയമാണ് അവരെ നയിച്ചത്. താലിബാൻ ഭരണത്തിന് കീഴിൽ ജീവിക്കുന്നതിനേക്കാൾ ഭേദം വിമാനത്തിനു പുറത്ത് തൂങ്ങികിടന്ന് മരിക്കുന്നതാണ് ഭേദമെന്ന് അവർ ചിന്തിച്ചിരിക്കണം. അത്രമേൽ ഭയമാണ് അവർക്ക് താലിബാനെ'.-കാബൂൾ വിമാനത്താവളത്തിലും റൺവേയിലും വിമാനങ്ങളുടെ ചിറകുകൾക്ക് മുകളിലും വാതിലിൽ പോലും കവിഞ്ഞ അഫ്ഗാനികളുടെ വിഡിയോ കണ്ട നിലോഫർ റഹ്‌മാനിയുടെ പ്രതികരണമായിരുന്നു ഇത്. താലിബാനെ ഭയന്ന് അമേരിക്കയിലേക്ക് മാറിയ അഫ്ഗാനിലെ ആദ്യ വനിതാ പൈലറ്റാണ് അവർ. സ്ത്രീ സുരക്ഷ അക്ഷരാർത്ഥത്തിൽ തകരുമെന്ന് അവർ ഭയക്കുന്നു.

കഴിഞ്ഞ ദിവസം അഫ്ഗാൻ ടെലിവിഷൻ ചാനലായ ടോളോ ന്യൂസ് സീനിയർ താലിബാൻ നേതാവിന്റെ അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. ചാനൽ സ്റ്റുഡിയോയിൽ താലിബാൻ നേതാവിനെ അഭിമുഖം ചെയ്യുന്നത് വനിതാ മാധ്യമ പ്രവർത്തകയും. എന്നാൽ പിന്നീട് സംഭവിച്ചതെല്ലാം നാടകീയം. എല്ലാ വനിതാ മാധ്യമ പ്രവർത്തകർക്കും താലിബാൻ നിരോധനം ഏർപ്പെടുത്തി. ഏറെ അഭിമാനത്തോടെയാണ് താലിബാൻ വന്ന ശേഷം ടോളോ ന്യൂസ് വനിതാ മാധ്യമ പ്രവർത്തക അഭിമുഖം നൽകുന്നതിനെ ആഘോഷിച്ചത്. എന്നാൽ അത് അധിക സമയം നീണ്ടു നിന്നില്ല.

ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും ചെയ്തു. 'ഞങ്ങൾ വനിതാ മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള പ്രക്ഷേപണം പുനരാരംഭിച്ചു. ഞങ്ങളുടെ വനിത അവതാരക താലിബാൻ നേതാവിനെ അഭിമുഖം ചെയ്യുന്നു' എന്ന കുറിപ്പോടെ ടോളോ ന്യൂസ് മേധാവി മിറാഖ പോപ്പൽ അഭിമുഖത്തിന്റെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തു. ബെഹസ്ത അർഗന്ധ് എന്ന അവതാരകയാണ് താലിബാൻ മീഡിയ നേതാവ് മൗലവി അബ്ദുൾഹഖ് ഹേമദിനെ ഇന്റർവ്യൂ ചെയ്യുന്നത്.

താലിബാൻ കാബൂൾ കീഴടക്കുന്നതു വരെ രാജ്യത്തെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്തിരുന്നു. എന്നാൽ താലിബാന്റെ വരവോടെ സ്ത്രീകൾക്ക് നിയന്ത്രണം വരുന്നുണ്ട്. അധികാരം പിടിച്ചെടുത്ത് രണ്ട് ദിവസങ്ങൾക്കു ശേഷം രാജ്യത്ത് വനിത മാധ്യമ പ്രവർത്തകരെ നിരോധിക്കുകയാണ് താലിബാൻ. സർക്കാർ മാധ്യമങ്ങളിൽ നിന്നും മുഴുവൻ വനിതാ മാധ്യമ പ്രവർത്തകരെയും മാറ്റി. പകരം പുതിയ അവതാരകരെ താലിബാൻ നിയമിച്ചു. താലിബാൻ താലിബാൻ തന്നെയാണ്. യാതൊരു മാറ്റവും ഇല്ല. ഞാൻ ഒരു മാധ്യമ പ്രവർത്തകയാണ്. എനിക്ക് ജോലി ചെയ്യാൻ സാധിക്കുന്നില്ല. '-ഇതാണ് മാധ്യമ പ്രവർത്തകയായ ഖദീജയുടെ വിഷയത്തിലെ പ്രതികരണം.

അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ പൈലറ്റാണ് നിലോഫർ റഹ്‌മാനി. ഇന്ന് അഫ്ഗാനിസ്ഥാൻ താലിബാനു കീഴിൽ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആയതോടെ മാതൃരാജ്യത്തേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത അവസ്ഥയാണ് നിലോഫറിന്. കാരണം സ്വാധീനം കുറഞ്ഞ കാലത്ത് പോലും താലിബാൻ ഭീഷണിയെ തുടർന്ന് ജീവനും കൊണ്ട് നാടുവിടേണ്ടി വന്നിട്ടുണ്ട് നിലോഫറിനും കുടുംബത്തിനും.

1992ൽ അഫ്ഗാനിസ്ഥാനിൽ ജനിച്ച നിലോഫർ റഹ്‌മാനിയും കുടുംബവും താലിബാന്റെ സ്വാധീനം വർധിച്ചതോടെ പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. പിന്നീട് അമേരിക്കയുടെ വരവോടെ താലിബാൻ സ്വാധീനം കുറഞ്ഞതോടെ 2001ലാണ് അവർ തിരികെ കാബൂളിലേക്കെത്തുന്നത്. 2010ലാണ് നിലോഫർ റഹ്‌മാനി അഫ്ഗാൻ വ്യോമസേന ഓഫിസർ ആകാൻ മുന്നിട്ടിറങ്ങിയയത്. വനിതയായിരുന്ന അവർക്ക് പ്രതിസന്ധികൾ ഏറെയുണ്ടായി. അഫ്ഗാൻ വ്യോമസേനയിലെ ഡോക്ടർമാർ ശാരീരികക്ഷമതയില്ലെന്നും വിമാനം പറത്താൻ യോഗ്യതയില്ലെന്നും കാണിച്ച് പലകുറി എതിർ സർട്ടിഫിക്കറ്റുകൾ നൽകി.

പിന്നീട് അവർ വിമാനം പറത്തുക തന്നെ ചെയ്തു. കൂടുതൽ ഭാരമേറിയ ചരക്കു വിമാനങ്ങളും നിലോഫർ റഹ്‌മാനി പറത്തിയിരുന്നു. മരിച്ചവരും പരിക്കേറ്റവരുമായ സൈനികരെ കൊണ്ടുപോകുന്ന വിമാനം വനിതാ പൈലറ്റ് പറത്തരുതെന്ന അലിഖിത നിയമവും അഫ്ഗാൻ സൈന്യത്തിലുണ്ടായിരുന്നു. ഒരിക്കൽ പരുക്കേറ്റ സൈനികരെ മേലധികാരികളുടെ നിർദ്ദേശം അവഗണിച്ചാണ് നിലോഫർ റഹ്‌മാനി ആശുപത്രിയിലേക്കെത്തിച്ചത്. ഇതോടെ താലിബാനിൽ നിന്നുള്ള വധഭീഷണിയും വർധിച്ചു.

നിലോഫറിനെ പിന്തുണച്ചുവെന്ന ഒരൊറ്റ കാരണം കൊണ്ട് സഹോദരന് രണ്ട് തവണയാണ് വെടിയേൽക്കേണ്ടി വന്നത്. നിലോഫർ റഹ്‌മാനി താമസിച്ചിരുന്ന വീടിനുള്ളിലേക്ക് 'അവസാനത്തെ മുന്നറിയിപ്പ്' എന്ന് വ്യക്തമാക്കുന്ന കത്ത് താലിബാൻ എത്തിച്ചു. ഇതോടെ നിലോഫർ റഹ്‌മാനിയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. 2018ൽ അവർക്ക് അമേരിക്ക രാഷ്ട്രീയ അഭയം നൽകി. ഇപ്പോൾ ഫ്ളോറിഡയിൽ തന്റെ സഹോദരിക്കൊപ്പം കഴിയുകയാണ് നിലോഫർ റഹ്‌മാനി.