തലശേരി: സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെ ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷം ഭരിക്കുന്ന സർക്കാരിനെ എതിർക്കുന്നതിൽ എല്ലാ വലതുപക്ഷ കക്ഷികളും ഒരുമിച്ചുനിൽക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചുണ്ടിക്കാട്ടി. തലശേരിയിൽ നവീകരിച്ച സിപിഎം ഏരിയാ കമ്മിറ്റി ഓഫിസായ സി.എച്ച് കണാരൻ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അതാണ് കണ്ടത്. കോൺഗ്രസും ബിജെപിയും ഏകോദരസഹോദരന്മാരെ പോലെ നീങ്ങി. അവർക്കൊപ്പം മുസ്ലിംലീഗുമുണ്ടായി.

രാജ്യം ഭരിക്കുന്നവരും ഇടതുപക്ഷത്തെയാണ് ആശങ്കയോടെ കാണുന്നത്. അവർക്ക് കീഴ്‌പ്പെടുത്താനാവാത്ത ഇടതുപക്ഷത്തെ ഏതുവിധേനയും ഉന്മൂലനം ചെയ്യാനാണ് ശ്രമം. ത്രിപുരയിൽ ജയിച്ചപ്പോൾ പ്രധാനമന്ത്രി മതിമറന്ന് ആഹ്ലാദിക്കുന്നത് നാം കണ്ടു. ഉത്കണ്ഠപ്പെടുത്തുന്ന സാഹചര്യമാണ് രാജ്യത്ത്. ഭരണഘടനാമൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷമാണെങ്കിലും ജുഡീഷ്യറിക്കുപോലും ശക്തമായി പ്രതികരിക്കേണ്ടിവന്നു.

സ്വാതന്ത്ര്യം കിട്ടിയ ദിനംമാത്രമല്ല, മറ്റൊരു ദിനംകൂടി ആചരിക്കണമെന്നാണ് രാജ്യം ഭരിക്കുന്നവർ പറയുന്നത്. പകയുടെ, വിദ്വേഷത്തിന്റെ, ഒടുങ്ങാത്ത പ്രതികാരത്തിന്റെ വികാരം ആളിക്കത്തിക്കുകയാണ്. ഏതാനും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം.

സാങ്കൽപ്പിക കഥകൾ മെനഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വലതുപക്ഷം വലിയ ശ്രമം നടത്തുന്നു. സച്ചാർ കമീഷൻ റിപ്പോർട്ടിന്റെ ഭാഗമായുള്ള പാലോളി കമീഷനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിച്ചു. മുസ്ലിം വിഭാഗത്തിന് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങളിൽ എണ്ണത്തിലോ സംഖ്യയിലോ കുറവ് വരുത്താതെ ഹൈക്കോടതി വിധി നടപ്പാക്കാനാണ് തീരുമാനിച്ചത്. എന്നാൽ ആനുകൂല്യം ഇല്ലാതായെന്ന് പ്രചരിപ്പിച്ച് എൽഡിഎഫ് വിരോധം ആളിക്കത്തിക്കാൻ നോക്കി. പഴയകാലമല്ലിത്. എല്ലാവരും എല്ലാകാര്യങ്ങളും മനസ്സിലാക്കുന്നവരാണ്. കള്ളപ്രചാരണം പണ്ടത്തെപ്പോലെ ഏശില്ല.

കോവിഡ് കാലത്ത് നല്ല നിലയിൽ ജീവൻ രക്ഷിക്കാൻ സംസ്ഥാനത്തിന് സാധിച്ചു. രാജ്യത്തെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിവിടെ. നമ്മുടെ ആരോഗ്യസംവിധാനത്തിന്റെ ശേഷിയെ മറികടക്കുന്ന നിലയിൽ ഒരു ഘട്ടത്തിലും രോഗവ്യാപനമുണ്ടായില്ല. അമ്പത്ശതമാനത്തിലേറെ പേർക്ക് വാക്‌സിനേഷൻ നൽകി. അതിവേഗം പൂർത്തിയാക്കാനാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി എ.എൻ ഷംസീർ എം.എൽ എ, സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി.ജയരാജൻ, പി.ശശി എം.സി പവിത്രൻ എന്നിവർ സംസാരിച്ചു