കൊച്ചി: എറണാകുളത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം തുടരുകയും ചെയ്ത സ്ഥാപന ഉടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലകൂടം വിസ്മയ വീട്ടിൽ സനീഷ് (43) ആണ് അറസ്റ്റിലായത്. വീട്ടമയെ പീഡിപ്പിച്ചതിന് പിന്നാലെ ഇവരെ ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയാണ് ഇയാൾ. ഇവിടെ ജോലിക്കെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് വലയിൽ വീഴ്‌ത്തിയ ഇയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നു. വിവാഹം കഴിക്കാം എന്ന വ്യാജേന എറണാകുളം സൗത്തിലുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി ബലമായി പീഡിപ്പിച്ചു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. തുടർന്ന് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ പലപ്രാവശ്യം ഇയാൾ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി. കൂടാതെ വീട്ടമ്മയുടെ കൈയിൽനിന്നും 50,000 രൂപയും മോതിരവും വാങ്ങിയെന്നും പൊലീസ് പറഞ്ഞു.

ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വീട്ടമ്മ നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ഇവർക്ക് മനസ്സിലാക്കി. തന്റെ പണം തിരികെ നൽകണമെന്നു ആവശ്യപ്പെട്ടപ്പോൾ, പീഡനദൃശ്യങ്ങളാണ് അയച്ചുകൊടുത്തത്. ഇനിയും വിളിച്ചാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ചതി മനസ്സിലാക്കിയ പരാതിക്കാരി പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ പ്രതി ഒളിവിൽ പോയി. അന്വേഷണത്തിൽ തൊടുപുഴയ്ക്ക് അടുത്തുള്ള വഴിത്തലയിൽ ഉള്ളതായി വിവരം ലഭിക്കുകയും പൊലീസെത്തി പിടികൂടുകയുമായിരുന്നു.

പീഡനശ്രമം, മോഷണം എന്നിവയടക്കം പ്രതിക്കെതിരെ പല സ്റ്റേഷനുകളിലും കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർമാരായ പ്രേംകുമാർ, ദിലീപ്, എഎസ്‌ഐ ഷമീർ, എസ്‌സിപിഒമാരായ മനോജ് കുമാർ, അനീഷ്, ഇഗ്‌നേഷ്യസ്, ഇസഹാക്ക്, ഹേമ ചന്ദ്ര എന്നിവരും സംഘത്തിലുണ്ടായിരുന്നു.