കുവൈത്ത് സിറ്റി: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് കുവൈറ്റിന്റെ യാത്രാനുമതി. പ്രവാസികളുമായി കുവൈത്തിലേക്കുള്ള യാത്രാവിമാനങ്ങൾ ഞായറാഴ്ച വീണ്ടും പറന്നു തുടങ്ങും. കുവൈത്ത് അംഗീകരിച്ച വാക്‌സീനെടുത്തവർക്കു മാത്രമല്ല, അല്ലാത്തവർക്കും നിബന്ധനകൾക്കു വിധേയമായി പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഇത് ഗർഭിണികൾ അടക്കം ഒട്ടേറെ പേർക്ക് ആശ്വാസമാകും.

വാക്‌സീനെടുത്ത യാത്രക്കാർക്കെല്ലാം ഏഴ് ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്. ഗർഭിണികളായതിനാലും ആരോഗ്യപരമായ മറ്റു കാരണങ്ങളാലും വാക്‌സീൻ സ്വീകരിക്കാനാകാത്തവർക്ക് ഏഴ് ദിവസം പൊതു ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനുമുണ്ടാകും. സിനോഫാം, സിനോവാക്, സ്പുട്‌നിക് വാക്‌സീൻ കുത്തിവച്ചവർ കുവൈത്ത് അംഗീകരിച്ച മറ്റൊരു വാക്‌സീൻ കൂടി എടുക്കണം.

ഫൈസർ, അസ്ട്രസെനക (കോവിഷീൽഡ്), മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയിൽ ഒന്നിന്റെ ഒരു ഡോസ് കൂടി എടുത്താലാണ് യാത്രാനുമതി കിട്ടുക. എന്നാൽ, ഇന്ത്യൻ നിർമ്മിത കോവാക്‌സീൻ കുത്തിവച്ചവരെക്കുറിച്ച് പരാമർശിച്ചിട്ടില്ല. അനുകൂല തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷ.

അതേസമയം, രക്ഷിതാക്കൾക്കൊപ്പം തിരിച്ചുപോകേണ്ട 16,17 പ്രായക്കാരുടെ കാര്യത്തിൽ അവ്യക്തതയുണ്ട്. ഇന്ത്യയിൽ 18 തികഞ്ഞവർക്കേ വാക്‌സീൻ നൽകുന്നുള്ളൂ. കുവൈത്തിൽ 16 വയസ്സു മുതലുള്ളവർക്കു കുത്തിവയ്പ് നിർബന്ധമാണ്.

ഈ നിബന്ധനകൾ ശ്രദ്ധിക്കാം

  •  യാത്രയുടെ 72 മണിക്കൂർ സമയപരിധിയിലുള്ള ആർടിപിസിആർ കോവിഡ് നെഗറ്റീവ് റിപ്പോർട്ട് കരുതണം.
  • Shlonik ആപ്പിൽ രജിസ്റ്റർ ചെയ്യണം. കുവൈത്തിൽ പ്രവേശിച്ച് 24മണിക്കൂറിനകം വീണ്ടും പിസിആർ പരിശോധന.
  •  വാക്‌സീനെടുക്കാത്തവർ കുവൈത്തിലെത്തുന്ന ദിവസവും പൊതു (ഇൻസ്റ്റിറ്റിയുഷനൽ) ക്വാറന്റീനിൽ കഴിയുന്ന 6-ാംദിവസവും പിസിആർ പരിശോധനാ ഫീസ് Kuwait Mosafer ആപ്പ് വഴി നൽകണം.
  •  കുവൈത്തിനു പുറത്തു വാക്‌സീൻ കുത്തിവച്ചവർ സർട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം നേടണം. സർട്ടിഫിക്കറ്റിലെയും പാസ്‌പോർട്ടിലെയും പേര് ഒരേപോലെയായിരിക്കണം. വാക്‌സീന്റെ പേര്, കുത്തിവച്ച തീയതി, സർട്ടിഫിക്കറ്റ് നൽകുന്ന ഏജൻസിയുടെ ക്യുആർ കോഡ് എന്നിവ രേഖപ്പെടുത്തണം.