ചക്കരക്കൽ: കണ്ണൂർ പൊതുവാച്ചേരിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ. മരം മോഷണത്തെ പറ്റി പൊലീസിന് വിവരം നൽകിയതിലെ പ്രതികാരമാണ് കൊലപാതക കാരണമെന്ന് സംശയിക്കുന്നു. ചക്കരക്കൽ സ്വദേശി ഇ.പ്രജീഷാണ് കൊല്ലപ്പെട്ടത്. കൈകാലുകൾ ബന്ധിച്ച് ചാക്കിൽ കെട്ടി കനാലിൽ തള്ളിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

പ്രജീഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെ കുറിച്ച് വിവരം ലഭിച്ചെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് പ്രജീഷിനെ കാണാതായത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി മൃതദേഹം പുറത്തെടുത്തു. അബ്ദുൽ ഷുക്കൂർ, പ്രജീഷ്, പ്രശാന്ത്, റിയാസ് എന്നിവർ മരപ്പണി ചെയ്യുന്ന കൂട്ടുകാരാണ്. ഇവരാണ് കൊലപാകത്തിന് പിന്നിൽ. ഷുക്കൂർ ഇടയ്ക്ക് മരപ്പണിയുടെ കരാർ ഏറ്റെടുക്കാറുണ്ട്.

പ്രജീഷിന്റെ കൊലപാതകത്തിനിടയാക്കിയതു നാലു ലക്ഷം രൂപയുടെ മരം ഉരുപ്പടി മോഷണ കേസാണ്. ഷുക്കൂറും റിയാസും പ്രതികളായ മോഷണ കേസിൽ പൊലീസിനു വിവരം നൽകിയതു പ്രജീഷാണോയെന്ന സംശയമാണു കൊലപാതകത്തിൽ കലാശിച്ചത്.

ജൂലൈ 11നു മൗവഞ്ചേരിയിലെ നിർമ്മാണത്തിലുള്ള വീട്ടിൽനിന്ന് നാല് ലക്ഷം രൂപയുടെ മരം ഉരുപ്പടി മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് ഷുക്കൂറും റിയാസും പ്രതികളായി അറസ്റ്റിലായതും റിമാൻഡിലായതും. മോഷണ കേസിൽ, പ്രജീഷ് ഉൾപ്പെടെ നിരവധി പേരെ ചക്കരക്കൽ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതേവീട്ടിൽ പ്രജീഷും ഷുക്കൂറും പണിയെടുത്തിരുന്നു. മരം ഉരുപ്പടി മോഷണ പരാതി ഒത്തുതീർപ്പാക്കാനും ശ്രമം നടന്നു.

എന്നാൽ, പ്രതികൾ സ്റ്റേഷനിൽ എത്താത്തതിനാൽ കേസ് ഒത്തുതീർപ്പായില്ല. തുടർന്ന് ഓഗസ്റ്റ് 9നു മിടാവിലോട് കൊല്ലറോത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (43), പൊതുവാച്ചേരി മാക്കുന്നത്തു ഹൗസിൽ എ.റിയാസ് (36) എന്നിവരെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനു കാരണം പ്രജീഷിന്റെ മൊഴിയാണെന്ന വിശ്വസമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ 19നാണ് പ്രജീഷിനെ കാണാതായത്. മരംമുറി കേസിലെ പ്രതി ഷുക്കൂറിൽനിന്ന് തനിക്ക് ഭീഷണി ഉണ്ടെന്ന് പ്രജീഷ് പറഞ്ഞതായി ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. 19നു തന്ത്രത്തിൽ പ്രജീഷിനെ വിളിച്ചുവരുത്തി ആളൊഴിഞ്ഞ പറമ്പിൽ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നൽകുന്ന വിവരം.