- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂളിൽ ചാവേറാക്രമണം അഴിച്ചുവിട്ട ഐസിസ് ഖൊരാസൻ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കൽ; ആദ്യം മധ്യേഷ്യയിലേക്കും പിന്നീട് ഭാരതത്തിലേക്കും ജിഹാദ് കയറ്റി അയയ്ക്കും; ഐസിസ്-കെയിൽ ചേർന്നവരിൽ കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും ഉള്ള യുവാക്കൾ? ഭീകരസംഘടനയുടെ ലക്ഷ്യം അഫ്ഗാനിസ്ഥാനിലെ അധികാര ബ്രോക്കർമാർ താലിബാൻ അല്ല തങ്ങളാണെന്ന് തെളിയിക്കലും
ന്യൂഡൽഹി: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ചാവേർ ബോംബ് സ്‌ഫോടനം നടത്തിയ ഐസിസിന്റെ ഖൊരാസൻ ഭീകരരുടെ ലക്ഷ്യങ്ങളിൽ ഒന്ന് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുക എന്നതെന്ന് റിപ്പോർട്ട്. ഐഎസ്-കെ, ഐസിസ് കെ എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊരാസന്റെ മുഖ്യലക്ഷ്യം മധ്യേഷ്യയിലേക്ക് ജിഹാദ് കയറ്റി അയയ്ക്കുകയാണ്. പിന്നീടുള്ള ലക്ഷ്യം ഇന്ത്യയിലെ ജിഹാദും. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭീകരാക്രമണങ്ങൾ അഴിച്ചുവിട്ട് ശ്രദ്ധ നേടുക, യുവാക്കളെ റിക്രൂട്ട് ചെയ്യുക എന്നിവയാണ് ഇവരുടെ അജണ്ടയിലെ മുഖ്യഇനങ്ങൾ. കാലിഫേറ്റ് സ്ഥാപിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം. അതിന്റെ പരിധിയിൽ ഇന്ത്യയും ഉൾപ്പെടുന്നു. കേരളത്തിൽ നിന്നും മുംബൈയിൽ നിന്നും യുവാക്കൾ സംഘടനയിൽ ചേർന്നതായും എൻഡിവി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു.
ഖൊരാസന്റെ റിക്രൂട്ട്‌മെന്റ് പദ്ധതി വിജയിച്ചാൽ ഇന്ത്യയിലെ പല സ്ലീപ്പർ സെല്ലുകളും സജീവമാകുമെന്നും ആശങ്ക ഉയരുന്നുണ്ട്. താലിബാൻ അഫ്ഗാനിസ്ഥാൻ കൈയടക്കിയതോടെ, തീവ്രവാദ സംഘടനകളുടെ വിളനിലമായി മാറിയിരിക്കുകയാണ് ആ രാജ്യം. പാക് കേന്ദ്രിതമായി പ്രവർത്തിച്ച് വരുന്ന ജയ്‌ഷെ മുഹമമ്ദിനെ പോലെ ജമ്മു-കശ്മീരിൽ ആക്രമണം നടത്തി വരുന്ന ഭീകരസംഘടനകൾ തങ്ങളുടെ കളം അഫ്ഗാനിലെ ഹെൽമണ്ട് പ്രവിശ്യയിലേക്ക് മാറ്റിയിരിക്കുകയാണ്. കാണ്ഡഹാറുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അതുപോലെ തന്നെ ലഷ്‌കറി തോയിബയുടെ നേതൃത്വം(2008 ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികൾ) കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാറിലേക്ക് തങ്ങളുടെ ആസ്ഥാനം മാറ്റുകയാണെന്നും ഇന്റലിജൻസ് കേന്ദ്രങ്ങൾ പറയുന്നു. ഐസിസ് കെയും ഇന്ത്യക്കെതിരെ ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുകയാണ്.
കാബൂളിലെ ചാവേറാക്രമണത്തിന്റെ ലക്ഷ്യം താലിബാൻ വാഗ്ദാനം ചെയ്യുന്ന സുരക്ഷ അവർക്ക് ഉറപ്പാക്കാൻ കഴിയില്ലെന്ന സന്ദേശം നൽകാൻ വേണ്ടിയാണ്. അഫ്ഗാനിസ്ഥാനിലെ മുഖ്യ അധികാര ബ്രോക്കറായി തങ്ങൾ മാറണമെന്നതാണ് ഐസിസ് കെയുടെ താൽപര്യം. 2014ൽ ഇറാഖിലും സിറിയയിലും ഐ.എസ്. ഭീകരസംഘടന പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിൽ അഫ്ഗാനിൽ രൂപം കൊണ്ട ഉപവിഭാഗമാണിത്. ഐ.എസ്. നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയോട് സഖ്യം പ്രഖ്യാപിച്ച് പാക് താലിബാനിൽ നിന്ന് കൊഴിഞ്ഞുപോയ ഭീകരർ രൂപംനൽകി. വടക്കുകിഴക്കൻ അഫ്ഗാനിലെ കുനാർ, നംഗർഹാർ, നൂരിസ്താൻ എന്നിവിടങ്ങളിൽ വേരൂന്നിയതോടെ തൊട്ടടുത്തകൊല്ലം ഐ.എസ്. നേതൃത്വവും ഇവരെ അംഗീകരിച്ചു.
പാക്കിസ്ഥാനിലും വേരുകളുള്ള സംഘടനയ്ക്ക് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. ഇരുരാജ്യങ്ങളിലെയും പള്ളികളിലും പൊതുയിടങ്ങളിലും ആശുപത്രികളിലുമടക്കം ഒട്ടേറെ പൗരന്മാരെ കൊന്നു. ഷിയാക്കളാണ് പ്രധാന ഇര. സുന്നിവാദം മുന്നോട്ടുവെക്കുന്ന സംഘടനയ്ക്ക് താലിബാനുമായി ഏറ്റുമുട്ടിയതിന്റെ ചരിത്രവുമുണ്ട്. ഇന്നത്തെ പാക്കിസ്ഥാനും ഇറാനും അഫ്ഗാനും മധ്യേഷ്യയും ഉൾപ്പെട്ട മേഖലയുടെ പഴയ പേരാണ് ഖൊരാസൻ.
ചാവേർ സ്‌ഫോടനം വഴി അമേരിക്കൻ സേനയെ ഏതെങ്കിലും രൂപത്തിൽ തീവ്രവാദവിരുദ്ധ സാന്നിധ്യമായി അഫ്ഗാനിസ്ഥാനിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് ഖൊരാസന്റെ ലക്ഷ്യം. ഇത് തങ്ങൾക്ക് താലിബാന് എതിരെ മേൽക്കൈ നേടി കൊടുക്കുമെന്നും അവർ കണക്കുകൂട്ടുന്നു. അഫ്ഗാനികളെ കൂടാതെ, ഉസ്ബക് ഭീകരരും, പാക്കിസ്ഥാനിൽ നിന്നുള്ള മറ്റു ഭീകര സംഘടനാംഗങ്ങളും ഒക്കെ ഐസിസ് കെയിൽ ഉൾപ്പെടുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനും താലിബാനും എതിരെ പോരാടിയവരാണ് ഐസിസ്്-കെ. എന്നാൽ, ഇറാഖിലെയും സിറിയയിലെയും മുഖ്യ ഐസിസ് ഗ്രൂപ്പുമായി ഇവർക്കുള്ള പ്രവർത്തന ബന്ധത്തിൽ വ്യക്തതയില്ല.
മറുനാടന് മലയാളി ബ്യൂറോ