- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊബൈൽ റെയ്ഞ്ചിനായി മരത്തിൽ കയറിയ ആദിവാസി വിദ്യാർത്ഥി വീണു പരുക്കേറ്റ സംഭവം: കെ.സുധാകരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു; സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് കെപിസിസി അദ്ധ്യക്ഷൻ
കണ്ണൂർ: മൊബൈൽ റെയ്ഞ്ചിനായി മരത്തിൽ കയറിയ ആദിവാസി വിദ്യാർത്ഥി വീണു പരുക്കേറ്റ സംഭവത്തിൽ ഇടപെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഓൺലൈൻ പഠനത്തിന് മൊബൈൽ നെറ്റ് വർക്കിന് വേണ്ടി മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സർക്കാറിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെ സുധാകരൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
ഓൺലൈൻ പഠനത്തിന് നെറ്റ് വർക്ക് ലഭിക്കാൻ വേണ്ടി പന്നിയോട് വനത്തിലെ മരത്തിൽ കയറിയ കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ അനന്തു ബാബു എന്ന വിദ്യാർത്ഥി മരത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആദിവാസി മേഖലയിൽ വിദ്യാർത്ഥികൾക്ക് റെയ്ഞ്ച് കിട്ടാതെ പഠിക്കാൻ കഴിയാത്ത സാഹചര്യം ഗൗരവകരമാണ് ഈ വിഷയം പരിഹരിക്കാൻ. സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കെ സുധാകരൻ എംപി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കേണ്ടതിന്റെ ആവശ്യകഥ നിരവധി തവണ ജനപ്രതിനിധികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കാര്യമായ നടപടികൾ ഒന്നും തന്നെ സർക്കാർ സ്വീകരിച്ചിട്ടില്ല.
ഓൺലൈൻ പഠനത്തിനുവേണ്ടി ഉള്ള പഠനസാമഗ്രികൾ ജില്ലയിലെ പല വിദ്യാർത്ഥികൾക്കും ലഭ്യമാകാത്തതും, പട്ടികജാതി പട്ടികവർഗ കോളനികൾ ഉൾപ്പെടെ ജില്ലയിലെ പല പ്രദേശങ്ങളിലും നെറ്റ്‌വർക്ക് കവറേജ് ലഭ്യമാകാത്തതിലെ ദയനീയ അവസ്ഥയും ഇപ്പോഴും നിലനിൽക്കുകയാണ്.
പല ആദിവാസി കോളനികളിലും വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിനായി കൊടുങ്കാട്ടിൽ ഏറുമാടം കെട്ടിയിരിക്കുന്ന സാഹചര്യവും ജില്ലയിലെ നൂറിൽപരം കോളനികളിൽ നെറ്റ്‌വർക്ക് ലഭിക്കാതെയും ഫോൺ അടക്കമുള്ള പഠനസാമഗ്രികൾ ഇല്ലാതെയും ഓൺലൈൻ പഠനം മുടങ്ങുന്ന സാഹചര്യവും കേരളത്തിനെപ്പോലെ പുരോഗതി കൈവരിച്ച ഒരു സംസ്ഥാനത്തിന് ചേർന്നതല്ല.
ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി സർക്കാർ തലത്തിൽ ഇടപെട്ട് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സുധാകരൻ കത്തിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്