മുണ്ടക്കയം ഈസ്റ്റ്: വയറിൽ ആഴത്തിൽ മുറിവേറ്റതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ അടുത്ത സുഹൃത്ത് അറസ്റ്റിൽ. വീണു പരുക്കേറ്റതെന്ന് പറഞ്ഞ് ആത്മാർത്ഥ സുഹൃത്ത് ആശുപത്രിയിലെത്തിച്ച യുവാവിന്റെ മരണമാണ് ഒടുവിൽ കൊലപാതകമെന്ന് തെളിഞ്ഞിരിക്കുന്നത്. പെരുവന്താനം മരുതുംമൂട് ആലപ്പാട്ട് ലിൻസൺ (34) മരിച്ച സംഭവത്തിൽ സുഹൃത്ത് മരുതുംമൂട് കുഴിവേലിമറ്റത്തിൽ അജോ (36) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ചയാണ് സംഭവം. ഉളി കൊണ്ട് വയറ്റിൽ ആഴത്തിൽ മുറിവേറ്റ ലിൻസണെ സുഹൃത്ത് അജോ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തന്റെ തടി നിർമ്മാണ വർക്ക്‌ഷോപ്പിൽ വച്ച് ലിൻസൺ വീഴുന്നതിനിടെ ഉളി വയറിൽ കുത്തിക്കയറിയെന്നാണ് അജോ ആശുപത്രി അധികൃതരോട് പറഞ്ഞത്. ഈ സമയത്ത് ലിൻസൺ സുബോധത്തിലായിരുന്നെങ്കിലും കുത്തിയത് സുഹൃത്താണെന്ന് ആശുപത്രി അധികൃതരോട് വെളിപ്പെടുത്തിയില്ല.

ആഴത്തിൽ മുറിവുള്ളതിനാൽ ഇവരെ മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചു. ഇതിനിടെ ലിൻസൺ അബോധാവസ്ഥയിൽ ആകുകയും രാത്രി മരിക്കുകയും ചെയ്തു. മുറിവ് ആഴത്തിലുള്ളതിനാൽ സംഭവിച്ച ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണം. ബന്ധുക്കളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ അജോയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഉറ്റ സുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചു മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും പതിവായിരുന്നെന്ന് പറയപ്പെടുന്നു. വെള്ളിയാഴ്ച പകൽ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. തുടർന്ന് വൈകിട്ട് ആറു മണിയോടെ ലിൻസൺ അജോയുടെ വർക്ക് ഷോപ്പിൽ എത്തുകയും വീണ്ടും ഇരുവരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും ചെയ്തു. ഇതിനിടെ അജോ ഉളി ഉപയോഗിച്ച് ലിൻസണെ കുത്തുകയായിരുന്നു.

പുറമേ ചെറിയ മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ സുഹൃത്തിനെ രക്ഷിക്കാനാകും ലിൻസൺ കുത്തേറ്റ കാര്യം ആശുപത്രി അധികൃതരോട് മറച്ചുവച്ചതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്‌പി സനൽ കുമാറിന്റെ നേതൃത്വത്തിൽ പെരുവന്താനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വി.കെ.ജയപ്രകാശ്, എസ്‌ഐമാരായ ജയകുമാർ, ബിജു.എ.ജോസ്, എഎസ്‌ഐമാരായ കെ.കെ.സാനു, സിപിഒമാരായ ടി.ഷിബു, സുനീഷ് എസ്.നായർ, എം.ജി.മുരുകേശൻ, അൽജിൻ ടി.രാജ്, വിനോദ് കൃഷ്ണ എന്നിവരാണ് അന്വേഷണം നടത്തിയത്.