താലിബാന്റെ പ്രാകൃത നിയമങ്ങളിൽ നിന്നും ജീവനുകൊണ്ട് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് അഫ്ഗാനിസ്ഥാനിലെ പതിനായിരങ്ങൾ. രക്ഷാദൗത്യം നടന്നിരുന്ന നാളുകളിൽ നിരവധി ആളുകൾവിമാനങ്ങൾക്ക് പുറകെ ഓടുന്നതും ടയറിനടിയിൽ വരെ കയറിയിരുന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതുമൊക്കെ നാം കണ്ട കാഴ്‌ച്ചകളായിരുന്നു. എന്നാൽ, ഏറെ ഭാഗ്യം സിദ്ധിച്ച ചിലർ രക്ഷപ്പെടലിന്റെ വക്കോളമെത്തിയിട്ടും സ്വന്തം പിടിവശിമൂലം ഗതികേടിലായ കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

അഫ്ഗനിസ്ഥാൻകാരായ ഹിന്ദുക്കളും സിക്കുകാരും അടങ്ങിയ 250 പേരോളമാണ് ഇന്ത്യ രക്ഷക്കെത്തിയിട്ടും അത് നിരാകരിച്ചതിന്റെ പേരിൽ ഇപ്പോൾ ഗതികേടിലായിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ഇവർ കാബൂൾ വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇവർ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കാതെ കാനഡയിലേക്കോ അമേരിക്കയിലേക്കോ തങ്ങളെ അയയ്ക്കണമെന്ന വാശിയിലായിരുന്നു. ഈ രാജ്യങ്ങൾ ഇവരുടെ കാര്യത്തിൽ അലംഭാവം കാട്ടിയതോടെ ഇവർ വിമാനത്താവളത്തിൽ കുടുങ്ങി.

തുടർന്ന് ഇവരെ വിമാനത്താവളത്തിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെയുള്ള ഒരു ഗുരുദ്വാരയിലേക്ക് മാറ്റുകയായിരുന്നു. താലിബാന്റെ ഒരു സംഘം ഗുരുദ്വാരയിലെത്തി അവർക്ക് സംരക്ഷണം നൽകാമെന്ന് വാക്കുകൊടുത്തെങ്കിലും അത് വിശ്വസിക്കാൻ അവർ തയ്യാറല്ല. താലിബാൻ നിയമം പൂർണ്ണമായും നടപ്പിലാക്കി കഴിഞ്ഞാൽ തങ്ങളുടെ ഗതിയെന്താകുമെന്നോർത്ത് മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർ ഭയക്കുന്നുമുണ്ട്.

എന്നാൽ, ഇന്ത്യയിൽ കുടിയേറാൻ ഇവർ മടിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിൽ തകർന്ന ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് തങ്ങൾക്ക് ഒരു പുതിയ ജീവിതം പടുത്തുയർത്താനുള്ള അവസരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് ഇവർ പറയുന്നത്. മാത്രമല്ല, പൗരത്വം, പാസ്സ്പോർട്ട് തുടങ്ങിയ കാര്യങ്ങളിൽ നീളുന്ന ചുവപ്പുനാട തങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കുമെന്നും ഇവർ കരുതുന്നു.

അതിലും പ്രധാനം ഇവരിൽ മിക്കവർക്കും ഇപ്പോൾ ഇന്ത്യയിൽ വേരുകളില്ല എന്നതാണ്. ബന്ധുക്കളോ അടുപ്പക്കാരോ ആരുമില്ലാതെ ഇന്ത്യയിൽ എത്തുന്ന ഇവർ തികച്ചും അപരിചിതരായിരിക്കുമെന്നും ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ അത് തടസ്സമാകുമെന്നും ഇവർ ഭയക്കുന്നു. 2018- ലെ ജലാലാബാദ് സ്ഫോടനത്തിനു ശേഷം ഇന്ത്യയിൽ കുടിയേറിയ സിക്കുകാരുടെ നില ഇപ്പോഴും പരിതാപകരമായി തുടരുകയാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളെ അമേരിക്കയിലേക്കോ കാനഡയിലേക്കോ കൊണ്ടുപോകുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യണമെന്ന് അഫ്ഗാനിസ്ഥാനിലെ സിക്കുകാർ ഈ രാജ്യങ്ങളിലെ സിക്കുമത സംഘടനകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ ഒരു തീരുമാനമായിട്ടില്ല. അതിനിടയിൽ ഗുരുദ്വാരയിൽ നിന്നും ആളുകളെ ചെറിയ കൂട്ടങ്ങളാക്കി കൂടുതൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

അതുമാത്രമല്ല, ഇപ്പോൾ ഗുരുദ്വാരയിൽ നിന്നും ഒഴിയാൻ ഇവരുടെ മേൽ ഗുരുദ്വാര അധികൃതരും സമ്മർദ്ദം ചെലുത്തുന്നതായി ഇക്കൂട്ടത്തിൽപെട്ട ചിലർ ആരോപിക്കുന്നു. ഇവിടെനിന്നും 50 പേരടങ്ങുന്ന ഒരു സംഘത്തെ മറ്റൊരു കെട്ടിടത്തിന്റെ ബേസ്മെന്റിലേക്ക് മാറ്റിയതായി ഇക്കൂട്ടത്തിൽ ഒരാൾ വെളിപ്പെടുത്തി. മറ്റുള്ളവരേയും 50 പേരുടെ സംഘങ്ങളാക്കി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഒരുകാലത്ത് 1 ലക്ഷത്തിലേറെ പേർ ഉണ്ടായിരുന്ന സിക്ക് ജനത അഫ്ഗാനിസ്ഥാനിലെ ഒരു പ്രബല വിഭാഗം തന്നെയായിരുന്നു. ഇന്ന് 700-ൽ താഴെ സിക്കുകാർ മാത്രമാണ് ഇവിടെയുള്ളത്. ഇതുതന്നെയാണ് അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കളുടെ കാര്യവും. അതുകൊണ്ടു തന്നെ ഇവരെ രക്ഷപ്പെടുത്തേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ധാർമ്മികമായ ഉത്തരവാദിത്തമാണെന്നാണ് ചിൽ നിരീക്ഷകർ അവകാശപ്പെടുന്നത്.