- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി ട്രാപ്പ് കേസിൽ ഫോറസ്റ്റ് ഉദ്യോസ്ഥന് ജാമ്യമില്ല; ഓഗസ്റ്റ് 16 മുതൽ റിമാന്റിൽ; തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും വിജിലൻസ് കോടതി
തിരുവനന്തപുരം : കെണി വച്ച് കുടുക്കിയ കൈക്കൂലി ട്രാപ്പ് കേസിൽ ഓഗസ്റ്റ് 16 മുതൽ ജയിലിൽ റിമാന്റിൽ കഴിയുന്ന സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്ക് ജാമ്യമില്ല. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്.
റിമാന്റ് പ്രതിയായ സാമൂഹിക വനവൽക്കരണ വിഭാഗം തിരുവനന്തപുരം മരുതംകുഴി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. കെ. സലീമിന്റെ ജാമ്യ ഹർജിയാണ് കോടതി തള്ളി ഉത്തരവായത്. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ഔദ്യോഗിക സ്വാധീനമുള്ള പ്രതിയെ ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തിക്കാനിടയുണ്ടെന്നും നിരീക്ഷിച്ചാണ് വിജിലൻസ് ജഡ്ജി എം. ബി. സ്‌നേഹലത പ്രതിക്ക് ജാമ്യം നിരസിച്ചത്.
ആറ്റിങ്ങൽ സ്വദേശിയായ കരാറുകാരന്റെ 4 ലക്ഷം രൂപയുടെ ബിൽ തുക മാറി നൽകാൻ തുകയുടെ 35 % ആയ 1.4 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട് ആദ്യ ഗഡുവായി 70, 000 രൂപ വാങ്ങിയ കേസിലാണ് വിജിലൻസ് സലീമിനെ കെണിയൊരുക്കി അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റ് 16 ന് ഉച്ച തിരിഞ്ഞ് 3 മണിയോടെ മരുതംകുഴി സോഷ്യൽ ഫോറസ്ട്രി ഓഫീസിൽ വച്ച് തുക വാങ്ങവേ തൊണ്ടി സഹിതം കൈയോടെ പിടികൂടുകയായിരുന്നു. വിജിലൻസ് ഓഫീസിൽ വച്ച് ഫിനോഫ്തലിൻ പൊടി വിതറിയ നോട്ടുകൾ കരാറുകാരന് നൽകി മുൻ നിശ്ചയപ്രകാരം വിജിലൻസുമൊത്ത് മരുതംകുഴി ഓഫീസിൽ ചെല്ലുകയായിരുന്നു. വിവിധ ഡിപ്പാർട്ടുമെന്റുകളിലെ രണ്ട് ഔദ്യോഗിക സാക്ഷികളെയും ഒപ്പം കൂട്ടിയാണ് വിജിലൻസ് കൃത്യ സ്ഥലത്ത് ചെന്നത്.
സലീം പണം വാങ്ങിയ ഉടൻ പുറത്തിറങ്ങിയ കരാറുകാരൻ നൽകിയ സിഗ്‌നൽ പ്രകാരം ഉടൻ ഓഫീസ് മുറി വളഞ്ഞ വിജിലൻസ് സംഘം സലീമിന്റെ കൈവിരലുകൾ വിജിലൻസ് കൊണ്ടു ചെന്ന പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയിൽ മുക്കിയപ്പോൾ ലായനി പിങ്ക് നിറമായി മാറി. കെണിപ്പണം കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിഞ്ഞതോടെ തൊണ്ടി സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിജിലൻസ് എപ്പോൾ ആവശ്യപ്പെട്ടാലും 2 ഔദ്യോഗിക സാക്ഷികളെ ഡിപ്പാർട്ടുമെന്റു മേധാവി വിട്ടുനൽകണമെന്ന ചട്ടം നിലവിലുണ്ട്.വിവരം ലീക്കായി ട്രാപ്പ് പൊളിയാതിരിക്കാനായി ട്രാപ്പിന് എവിടേക്കാണ് കൊണ്ടു പോകുന്നതെന്ന് ഔദ്യോഗിക സാക്ഷികളെ മുൻകൂട്ടി അറിയിക്കേണ്ടതുമില്ല. വിചാരണയിൽ കൈക്കൂലി കൊടുക്കുന്ന വ്യക്തിക്ക് ഡെക്കോയി വിറ്റ്‌നസ് ( വശീകരണ സാക്ഷി) എന്ന നിയമ പരിരക്ഷയുമുണ്ട്. അതിനാൽ ട്രാപ്പ് കേസിൽ പൊതു സേവകനെ കൈക്കൂലി നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പരാതിക്കാരനെതിരെ കേസെടുക്കാനുമാവില്ല.