- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന കർഷകരുടെ കൈയിൽ ചാപ്പ കുത്തൽ; കോവിഡ് നിയന്ത്രണത്തിന്റെ പേരിലുള്ള നടപടി മനുഷ്യാവകാശ ലംഘനമെന്ന് പരാതി; മുഖ്യമന്ത്രി ഇടപെട്ടതോടെ ചാപ്പകുത്തൽ നിർത്തി വയ്ക്കുമെന്ന് മൈസൂർ ഭരണകൂടം
കൽപ്പറ്റ: വയനാട്ടിൽ നിന്ന് കർണാടകയിലേക്കു പോകുന്ന കർഷകരുടെ ശരീരത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചാപ്പ കുത്തുന്നതായി പരാതി ഉയർന്നതോടെ മുഖ്യമന്ത്രി ഇടപെട്ടു. മാനന്തവാടി-മൈസൂർ റോഡിലെ ബാവലി ചെക്പോസ്റ്റിലാണ് യാത്രക്കാരുടെ കൈയിൽ തീയതി രേഖപ്പെടുത്തിയ മുദ്ര പതിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിവാദ നടപടി. വയനാട് മാനന്തവാടി, പടിഞ്ഞാറത്തറ സ്വദേശികളായ കർഷകരാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി വയനാട് ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി.
ഇതേ തുടർന്ന്, ബാവലി ചെക്ക് പോസ്റ്റിലെ ചാപ്പ കുത്തൽ നിർത്തിവെയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. ചാപ്പ കുത്തൽ നിർത്തിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൈസുർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയതായി അദീല അബ്ദുള്ള വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് കളക്ടർ മൈസൂർ ഡപ്യൂട്ടി കമ്മീഷ്ണറെ കാര്യങ്ങൾ ധരിപ്പിച്ചത്. അതേസമയം അതിർത്തി കടക്കുന്നവർ ക്വാറന്റീൻ വ്യവസ്ഥകൾ പാലിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.
അതിർത്തി കടന്നെത്തുന്നവർക്ക് കർണാടക സർക്കാർ ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റയിൻ ഏർപ്പെടുത്തിയിരുന്നു. ഇത് നടപ്പിൽ വരുത്തന്നതിന്റെ ഭാഗമായാണ് ചാപ്പയടിയെന്നാണ് വിശദീകരണം. വോട്ടിങ് സമയത്ത് ഉപയോഗിക്കുന്ന തരം മഷി ഉപയോഗിച്ചാണ് കൈകളിൽ സീൽ പതിപ്പിച്ചത്.
മനുഷ്യ ശരീരത്തിൽ ചാപ്പയടിച്ച സംഭവത്തിൽ സർക്കാർ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മാനന്തവാടി എംഎൽഎ ഒ ആർ കേളു മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ കർഷകർ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് വിഷയത്തിൽ നടപടിയുണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ